കടയ്ക്കലിൽ ജലക്ഷാമം രൂക്ഷം
text_fieldsകടയ്ക്കൽ: വേനൽ കനക്കും മുമ്പേ കടയ്ക്കൽ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ആറുകളും കുളങ്ങളും തോടുകളും കിണറുകളും വറ്റിവരണ്ടു. ഈ മേഖലയിൽ വേനൽക്കാലത്ത് ജനങ്ങൾക്ക് ആശ്വാസം ചിതറ ശുദ്ധജല വിതരണ പദ്ധതിയാണ്. എന്നാൽ, പൈപ്പ് പൊട്ടലുൾപ്പെടെ തകരാറുകൾ മൂലം പദ്ധതിയിൽനിന്ന് കാര്യമായി ജലം ലഭിക്കുന്നില്ല.
പഞ്ചായത്ത് മേഖലയിലെ ചെറുകിട കുടിവെള്ള പദ്ധതികൾ മാത്രമാണ് അൽപമെങ്കിലും ആശ്വാസമാകുന്നത്. കടയ്ക്കൽ, കുമ്മിൾ, ചിതറ, ഇട്ടിവ പഞ്ചായത്തുകൾ നേരത്തേ കുളങ്ങളുടെയും ചിറകളുടെയും കേന്ദ്രങ്ങളായിരുന്നു. എന്നാൽ, കൃഷിയിടങ്ങൾ നികത്തിയ കൂട്ടത്തിൽ ഭൂരിഭാഗം ജലസ്രോതസ്സുകളും മണ്ണിട്ടു മൂടി.
ഇതും കുടിവെള്ള ക്ഷാമം രൂക്ഷമാക്കി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ ഹരിയാലി പദ്ധതി വഴി പ്രധാന ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ നടപടിയെടുത്തിരുന്നു. എന്നാൽ,തുടർ പ്രവർത്തനങ്ങളില്ലാത്തതിനാൽ ഉദ്ദേശിച്ച ഫലമുണ്ടായില്ല. മേഖലയിലെ അവശേഷിക്കുന്ന കൃഷിയിടങ്ങളിലെ വിളകളും കരിഞ്ഞുണങ്ങുകയാണ്.
ചിതറ പദ്ധതിയിൽനിന്ന് കൃത്യമായി ജലം ലഭിക്കാതെവന്നാൽ വരും നാളുകളിൽ ജലക്ഷാമം രൂക്ഷമാകും. കുമ്മിൾ പഞ്ചായത്തിൽ ജല ജീവൻ മിഷന്റെ പദ്ധതിയിൽ മൂന്നര ലക്ഷം ലിറ്റർ കൊള്ളുന്ന കൂറ്റൻ ടാങ്ക് പണിയുന്നുണ്ട്. ഇതിന്റെ നിർമാണം പൂർത്തിയായാൽ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. പഞ്ചായത്തടിസ്ഥാനത്തിൽ ജലമെത്തിക്കുന്ന പദ്ധതികൾ ഇതുവരെ തുടങ്ങിയിട്ടില്ല.
ചിതറ ശുദ്ധജല വിതരണ പദ്ധതിയിലെ പതിവ് തകരാർമൂലം ജലം ലഭ്യമാകാത്തതിനാൽ ഗുണഭോക്താക്കൾ വാട്ടർ അതോറിറ്റി ഓഫിസിലേക്ക് ഫോൺ ചെയ്താൽ കോൾ എടുക്കാനോ മറുപടി പറയാനോ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്.
വെന്തുരുകി കൊട്ടാരക്കര
കൊട്ടാരക്കര: വേനലിൽ കൊട്ടാരക്കര മേഖല വെന്തുരുകുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായതിനൊപ്പം കാർഷിക വിളകളും നശിക്കുന്നു. തോടുകളും നീർച്ചാലുകളും വറ്റിവരണ്ടതാണ് കാർഷിക വിളകൾക്ക് തിരിച്ചടിയായത്. കെ.ഐ.പിയുടെ ഉപകനാലുകളിൽ ഇനിയും വെള്ളമെത്തിയില്ല.
കനാലുകൾ ശുദ്ധീകരിക്കാതെ ചിലയിടങ്ങളിൽ വെള്ളം തുറന്നുവിട്ടിട്ടുണ്ട്. ജനുവരി പകുതിയോടെ വയലേലകളും തോടുകളുമൊക്കെ വരണ്ടുതുടങ്ങി. ജലാംശമില്ലാതെ ഏലാകളിലും കരപ്പുരയിടങ്ങളിലുമുള്ള കൃഷിവിളകൾ കരിഞ്ഞുണങ്ങി. നിർമാണ മേഖലകയിലും ജലക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
താലൂക്കിലെ ചെറുകിട കുടിവെള്ള പദ്ധതികൾ ഗുണം ചെയ്യുന്നില്ല. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി കൊട്ടാരക്കര, നെടുവത്തൂർ കുടിവെള്ള പദ്ധതിക്ക് തുക അനുവദിച്ചത് ഫലപ്രാപ്തിയിലെത്താൻ വർഷങ്ങൾ വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.