മുക്കുപണ്ടം പണയംവെച്ച് പണംതട്ടൽ: പ്രതികൾ അറസ്റ്റിൽ
text_fieldsകൊല്ലം: മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പണം തട്ടിയെടുത്ത പ്രതികൾ പിടിയിലായി. ശക്തികുളങ്ങര, കന്നിമേൽ, പൂവൻപുഴ തറയിൽ രാജേഷ് (22), കന്നിമേൽ മല്ലശ്ശേരി വടക്കേതറ വീട്ടിൽ മാഹീൻ (25) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലാണ് ഇവർ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കാവനാട് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളിൽ ഒരുപവനോളം വരുന്ന മുക്കുപണ്ടമായ വള പണയപ്പെടുത്തി പ്രതികൾ പണം തട്ടിയെടുത്തിരുന്നു. ഇതുകൂടാതെ വള്ളിക്കീഴുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ ഒരുപവനോളം വരുന്ന മുക്കുപണ്ടമായ വളയും മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ 31.5 ഗ്രാമോളം വരുന്ന മുക്കുപണ്ട ആഭരണങ്ങളും പണയപ്പെടുത്തി പണം തട്ടിയെടുത്തു. ശക്തികുളങ്ങരയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 15 ഗ്രാം വരുന്ന മുക്കുപണ്ട ആഭരണവും പ്രതികൾ പണയപ്പെടുത്തി.
ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ പൊലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. ഈ കേസുകളിൽ രണ്ട് പ്രതികളെ പൊലീസ് നേരത്തെതന്നെ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതികളെ ശക്തികുളങ്ങര പൊലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്. ശകതികുളങ്ങര പൊലീസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജേഷ്, ഗോപാലകൃഷ്ണൻ, പ്രദീപ്, എസ്.സി.പി.ഒ ബിജു, സി.പി.ഒ അജിത്, ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.