പാഠപുസ്തകത്തിനൊപ്പം കാർഷികപാഠവും പകർന്ന് സിനോലിൻ
text_fields
ഇരവിപുരം: അധ്യാപനത്തോടൊപ്പം കുട്ടികൾക്ക് കൃഷിയുടെ ബാലപാഠങ്ങൾ പകർന്നുനൽകി അധ്യാപകൻ മാതൃകയാകുന്നു. കൊല്ലം മയ്യനാട് കാരിക്കുഴി പാലേത്ത് വീട്ടിൽ ജിതേന്ദ്രന്റെയും സുശീലയുടെയും മകൻ വാളത്തുംഗൽ ഗവ.എൽ.പി സ്കൂളിലെ അധ്യാപകൻ സിനോലിനാണ് വ്യത്യസ്തത പുലർത്തുന്നത്. പുതുതലമുറ കൃഷിപ്പണികളോട് വിമുഖത കാട്ടുമ്പോഴാണ് സിനോലിൻ ഭാര്യ വെളിയം പഞ്ചായത്ത് അസി. എൻജീനിയർ രേഖാ ജി. ശശീന്ദ്രനൊപ്പം ഔദ്യോഗിക തിരക്കിനിടയിലും സമയം കണ്ടെത്തി കൃഷി ചെയ്യുന്നത്.
കൃഷിയിൽ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. കാരിക്കുഴി ഏലായിൽ ഇരവിപുരം കൃഷിഭവന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന നെൽകൃഷി ഏല മുഴുവനും വ്യാപിപ്പിക്കുന്നതിനായി വസ്തു ഉടമകളെ കണ്ടെത്തുന്നതിനും നേതൃത്വം നൽകിയിരുന്നു. കാരിക്കുഴി ഏലായിലെ തരിശുകിടന്ന ഭാഗം കൃഷി ചെയ്യുന്നതിനായി കൃഷി ഭവൻ അധികാരികളുമായി ചേർന്ന് മുൻകൈയെടുത്ത് പ്രവർത്തിച്ചു. ഈ ഭാഗത്ത് സ്വന്തമായുള്ള 50 സെന്റ് ഭൂമിയിൽ നെൽകൃഷി നടത്തുന്നുമുണ്ട്. ഉമയനല്ലൂർ ഏലായിൽ ഒരേക്കറിലധികം ഭൂമിയിലും നെൽകൃഷി ചെയ്യുന്നു.
നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ കുട്ടികളെ നേരിട്ട് പരിചയപ്പെടുത്തുന്നതിനായി വാളത്തുംഗൽ ഗവ.എൽ.പി.എസിലെ കുട്ടികളെ നടീൽ സമയത്തും കൊയ്ത്തുസമയത്തും പാടത്ത് കൊണ്ടുപോകാറുണ്ട്. വീട്ടുവളപ്പിൽ ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി തുടങ്ങിയ ഇടവിളകൃഷികളും ഫലവൃക്ഷത്തൈകളും നട്ടുവളർത്തുന്നു. ഭാര്യാഗൃഹത്തോടു ചേർന്ന് വെണ്ട, പച്ചമുളക്, തക്കാളി, വഴുതന തുടങ്ങിയ പച്ചക്കറികളും ഇഞ്ചി, മഞ്ഞൾ, കുള്ളൻ തെങ്ങുകൾ അലങ്കാരച്ചെടികൾ കറ്റാർവാഴ എന്നിവയും പരിപാലിച്ചുവരുന്നു. 2005ൽ ജയിൽവകുപ്പിൽ മെയിൽ വാർഡർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച സിനോലിൻ 2010 ലാണ് അധ്യാപകവൃത്തിയിലേക്ക് മാറുന്നത്. മാതാവ് സുശീലയും ഭാര്യ മാതാവ് ബേബി ഗിരിജയും എൻ.എൻ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ആദിവിഘ്നേശ്വറും എല്ലാവിധ പിന്തുണയുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.