ഭാര്യയെ കത്തിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
text_fieldsകൊല്ലം: ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ചവറ, നീലേശ്വരം തോപ്പ്, ശരണ്യ ഭവനിൽ ശരണ്യ(34)യെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കൊല്ലം എഴുകോൺ സ്വദേശി ഷിജുവിനെ (42) കൊല്ലം ഫോർത്ത് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷ് ജീവപര്യന്തം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ശരണ്യയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ചുവർഷം കഠിനതടവും 50,000 രൂപ പിഴയും ഗാർഹിക പീഡനത്തിന് രണ്ട് വർഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴത്തുക ശരണ്യയുടെ പ്രായപൂർത്തിയാകാത്ത പെൺമക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു.
സംശയമാണ് കൊലപാതകത്തിന് കാരണം. ഭർത്താവിന്റെ പീഡനം കാരണം മക്കളുമായി ചവറയിലെ കുടുംബവീട്ടിൽ മാറി താമസിച്ച ശരണ്യയെ 2022 ഫെബ്രുവരി 25ന് വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന സമയം പിന്നിൽനിന്ന് ബക്കറ്റിൽ പെട്രോളുമായി വന്നു ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശരണ്യ മരിച്ചു.
ബക്കറ്റിൽ പെട്രാൾ വാങ്ങി തലേന്ന് രാത്രിതന്നെ ശരണ്യയുടെ വീടിന് സമീപമെത്തി കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതി പുലർച്ചെ ആറോടെയാണ് വീടിന് പിൻവശത്തെ വാതിൽ തുറന്ന സമയം അടുക്കളയിൽ പ്രവേശിച്ചത്. ചവറ സി.ഐയായിരുന്ന എ. നിസാമുദ്ദീൻ കുറ്റപത്രം സമർപ്പിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ എ. നിയാസാണ് കോടതിയിൽ ഹാജരായത്. എ.എസ്.ഐ സാജു പ്രോസിക്യൂഷൻ സഹായിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.