വധശ്രമക്കേസ് പ്രതികൾ വിമാനത്താവളത്തിൽ പിടിയിൽ
text_fieldsകുന്നിക്കോട്: വധശ്രമ കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽവെച്ച് പിടിയിലായി. വിളക്കുടി ആവണീശ്വരം കാവൽപ്പുര താഷ്ക്കന്റിൽ റിയാസ്, വിളക്കുടി കുന്നിക്കോട് പുളിമുക്ക് അനിസ മൻസിലിൽ അനസ് എന്നിവരാണ് പിടിയിലായത്.
ഇരുവരും വിദേശത്തേക്ക് കടക്കാൻ സാഹചര്യമുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കഴിഞ്ഞദിവസം ഇരുവരും ബാംഗളൂരു വിമാനത്താവളം വഴിയാണ് വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചത്. സംശയം തോന്നിയ എയര്‍പോര്‍ട്ട് അധികൃതര്‍ ഇരുവരെയും തടഞ്ഞ് വെക്കുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
ജനുവരി 30നാണ് കേസിനാസ്പദമായ സംഭവം. പൊലീസ് പറയുന്നത്: കുന്നിക്കോട് കൂരംകോട് തടത്തിൽ പുത്തൻ വീട്ടില്‍ സോഡാ ഫാക്ടറി തൊഴിലാളിയായ സോഡാ റിയാസിനെയാണ് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ റിയാസിന്റെ തലക്കും കൈകളിലും വെട്ടിപ്പരിക്കേൽപിച്ചു.
റിയാസിന്റെ ജോലിക്കാരനെയും മറ്റും പ്രതികൾ ദേഹോപദ്രവം ഏൽപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നുണ്ട്. സംഭവശേഷം പ്രതികൾ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്ക് കടന്നു. തുടര്‍ന്നാണ് വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും വഴി അന്വേഷണം ആരംഭിച്ചത്.
കുന്നിക്കോട് സി.ഐ എം. അൻവർ, എസ്.ഐ ഗംഗാ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളൂരുവിലെത്തിയാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.