അഷ്ടമുടി തീരമൊരുങ്ങി, നാളെ ജലോത്സവമേളം
text_fieldsകൊല്ലം: കായൽപരപ്പിൽ ചുണ്ടൻവള്ളങ്ങളുടെ ചൂടൻപോരിന് സാക്ഷ്യംവഹിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ കൂടി. അഷ്ടമുടിക്കായലോളങ്ങളിൽ ആവേശം നിറച്ച് പത്താമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ശനിയാഴ്ച നടക്കും.
ജലോത്സവത്തിന്റെ ട്രാക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട ആഴപരിശോധന പൂര്‍ത്തിയായി. മൂന്ന് ട്രാക്കാണ് തയാറാക്കുക. വിവിധ മത്സരങ്ങളിലായി ഒമ്പത് ചുണ്ടന് വള്ളങ്ങളും 10 ചെറുവള്ളങ്ങളുമാണ് പങ്കെടുക്കുന്നത്. വെപ്പ് എ ഗ്രേഡ് ഇനത്തില്‍ രണ്ട് വള്ളങ്ങള്‍, ഇരുട്ടുകുത്തി എ ഗ്രേഡ് ഇനത്തില്‍ രണ്ട് വള്ളങ്ങള്‍, ഇരുട്ടുകുത്തി ബി ഗ്രേഡ് മൂന്ന് വള്ളങ്ങള്‍, വനിതകള്‍ തുഴയുന്ന തെക്കേതോടി (തറ വള്ളം) മൂന്ന് വള്ളങ്ങള്‍ എന്നിങ്ങനെയാണ് ചെറുവള്ളങ്ങളുടെ പോരാട്ടം.
തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാര്‍ട്ടിങ് പോയന്റ് മുതല്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡിനുസമീപത്തെ ബോട്ട് ജെട്ടി വരെ 1100 മീറ്ററിലാണ് മത്സരം. ഫലപ്രഖ്യാപനത്തിലെ കൃത്യതക്ക് ഏറ്റവും ആധുനിക സാങ്കേതികവിദ്യകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് റെയ്സ് കമ്മിറ്റി ചെയര്മാന് ആര്.കെ. കുറുപ്പ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഡി.ടി.പി.സി ബോട്ട് ജെട്ടി മുതല്‍ തേവള്ളിപാലം വരെയുള്ള കായല്‍ഭാഗത്ത് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മത്സരവഞ്ചികളും ബന്ധപ്പെട്ട ഔദ്യോഗിക ജലയാനങ്ങളും ഒഴികെയുള്ള എല്ലാത്തരം ജലയാനങ്ങളുടെ സാന്നിധ്യവും സഞ്ചാരവും ശനിയാഴ്ച രാവിലെ മുതല്‍ വള്ളംകളി അവസാനിക്കുന്നത് വരെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് പതാക ഉയര്‍ത്തും. എം. മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന് എം.പി മാസ് ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യും.
സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, എം.എല്‍.എമാരായ പി.എസ്. സുപാല്‍, സുജിത്ത് വിജയന്‍പിള്ള, ജി.എസ്. ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്, പി.സി. വിഷ്ണുനാഥ്, സി.ആര്. മഹേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, ജില്ല കലക്ടര്‍ എന്‍. ദേവിദാസ്, ടൂറിസം സെക്രട്ടറി കെ. ബിജു, ഡയറക്ടര്‍ ശിഖ സുരേന്ദ്രന്, സബ് കലക്ടര്‍ നിഷാന്ത് സിന്‍ഹാര, ഡെപ്യൂട്ടി മേയർ കൊല്ലം മധു എന്നിവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.