വള്ളങ്ങൾ കടലിൽ പോയി; 'ഫ്രഷ്' മീനെത്തും
text_fieldsകൊല്ലം: ഹാർബറുകളും ലേലഹാളുകളും തുറക്കാൻ അനുമതി ലഭിച്ചതോടെ വള്ളങ്ങളും ബോട്ടുകളും മത്സ്യബന്ധനത്തിന് പോയി. ഞായറാഴ്ച രാത്രി മുതൽ ലേലഹാളിലേക്ക് മീൻ എത്തിത്തുടങ്ങി. ലോക്ഡൗൺ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിന് അനുമതി ഉണ്ടായിരുന്നെങ്കിലും ഹാർബറുകളെല്ലാം അടച്ചിട്ടിരുന്നു. മത്സ്യവിപണനത്തിന് മാർഗമില്ലാതായതോടെ പരമ്പരാഗത വള്ളങ്ങളിൽ ഉൾപ്പടെ മത്സ്യബന്ധനത്തിന് പോകാതെയായി. മത്സ്യത്തൊഴിലാളികളും മേഖലയും രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡം കർശനമായി പാലിച്ച് ഹാർബറുകളും ലേലഹാളുകളും തുറക്കാൻ അനുമതി നൽകിയത്. കൊല്ലം പോർട്ട്, അഴീക്കൽ, തങ്കശ്ശേരി, ശക്തികുളങ്ങര ഹാർബറുകളും ലേല ഹാളുകളുമാണ് ഞായറാഴ്ച അർധരാത്രി മുതൽ തുറന്നത്. ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ നീണ്ടകര ഹാർബർ തൽക്കാലം തുറക്കില്ല.
ലേലമില്ല, തൂക്കിവിൽക്കും
മത്സ്യലേലം പൂർണമായി ഒഴിവാക്കും. ഹാർബർ മാനേജ്മെൻറ് സൊസൈറ്റികൾ നിശ്ചയിക്കുന്ന വിലയ്ക്ക് മീൻ തൂക്കിവിൽക്കാനാണ് തീരുമാനം. തങ്കശ്ശേരി, ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ഹാർബർ മാനേജ്മെൻറ് സൊസൈറ്റികളുടെ യോഗം ചേർന്ന് മീൻവില നിശ്ചയിച്ചു.
രജിസ്ട്രേഷൻ നമ്പറിെൻറ ഒറ്റ, ഇരട്ട അക്കമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായിരിക്കും മീൻപിടിത്തത്തിന് അനുമതി നൽകുക. ജാഗ്രത പോർട്ടലിൽ രജിസ്ട്രേഷൻ കൃത്യമായി പൂർത്തിയാക്കിയിട്ടുള്ള മത്സ്യബന്ധന യാനങ്ങൾക്ക് മാത്രമാണ് അനുമതി. എല്ലാ യാനങ്ങളും ഒരു ലാൻഡിങ് സെൻററിൽമാത്രം കേന്ദ്രീകരിക്കുന്നത് തടയാനായി രജിസ്ട്രേഷൻ നമ്പറിനൊപ്പം അവ രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റി, ലേലഹാൾ എന്നിവകൂടി രേഖപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്. അതത് പ്രദേശങ്ങളിലെ യാനങ്ങൾ അതത് ലേലഹാളിൽ തന്നെ അടുക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കോവിഡ് ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ജില്ലയിലെ നാല് ഹാർബറുകളിലേക്കും ലേലഹാളുകളിലേക്കും ഫിഷറീസ് വകുപ്പിലെ 96 ജീവനക്കാരെ വിവിധ ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കും. മത്സ്യഫെഡിൽനിന്നുള്ള 16 ജീവനക്കാരെയും ഹാർബറിൽ ചുമതലപ്പെടുത്തി. ഹാർബറുകളുടെ പ്രവർത്തനത്തിന് പൂർണചുമതല നൽകി. നാല് കൺട്രോളിങ് ഓഫിസർമാർ, നാല് സൂപ്പർവൈസർ ഓഫിസർമാർ എന്നിവരും ഓരോ ഹാർബറിലും അഞ്ച് ഉദ്യോഗസ്ഥരുമടങ്ങുന്ന പരിശോധന സംഘവുമുണ്ടാകും.
കടലിലും അഴിമുഖങ്ങളിലും പട്രോളിങ്
മത്സ്യബന്ധന യാനങ്ങൾ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ മറൈൻ എൻഫോഴ്‌സ്‌മെൻറ്, കോസ്റ്റൽ പൊലീസ് എന്നിവ കടലിലും അഴിമുഖങ്ങളിലും പട്രോളിങ് നടത്തും. ഹാർബറുകളിലേക്കുള്ള പ്രവേശനകവാടമൊഴികെ എല്ലാ ചെറുവാതിലുകളും അടയ്ക്കുകയും വാഹനങ്ങളുടെയും കച്ചവടക്കാരുടെയും പ്രവേശനം പാസ് മുഖേന നിയന്ത്രിക്കുകയും ചെയ്യും. പാസിൽ പ്രവേശിക്കുന്ന സമയം കൃത്യമായി രേഖപ്പെത്തും.
ചുമട്ടുതൊഴിലാളികളുടെ എണ്ണവും നിയന്ത്രിക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് മീൻ നൽകില്ല. ഹാർബറിനുള്ളിൽ സ്ഥിരമായി പ്രവേശിക്കുന്ന തൊഴിലാളികൾ, ലേല തൊഴിലാളി, സീഫുഡ് ഏജൻറുമാർ, ബോട്ടുടമകൾ തുടങ്ങിയ വിഭാഗങ്ങളിൽപെട്ടവർ പാസ് ലഭിക്കുന്നതിന് മുമ്പായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കോവിഡ് അതിവ്യാപന മേഖലകളിൽ നിന്നും കണ്ടെയ്ൻമെൻറ് സോണുകളിൽനിന്നും വരുന്നവർക്ക് പ്രവേശന വിലക്കുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.