മുന്നൊരുക്കമില്ലാതെ കനാൽ തുറന്നു; കുന്നത്തൂർ നിവാസികൾ ദുരിതത്തിൽ
text_fieldsശാസ്താംകോട്ട: ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താതെ കനാൽ തുറന്നതോടെ കുന്നത്തൂർ നിവാസികൾ ദുരിതത്തിൽ. കനാലുകൾ വൃത്തിയാക്കാതെയും തകർന്ന ഭാഗങ്ങൾ ശരിയാക്കാതെയും തുറന്നതാണ് പ്രശ്നമായത്. കനാല്‍ സൈഫണില്‍ മാലിന്യമടിഞ്ഞ് വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യമാണ്.
പള്ളിശേരിക്കല്‍ 16-ാം വാർഡ് കോട്ടക്കാട്ട് ജങ്ഷന് സമീപം മാമ്പള്ളി തെക്കതില്‍ എസ്.വി കോട്ടേജിൽ ബഷീർ കുട്ടിയുടെ വീടിന്റെ സമീപത്തുള്ള കനാൽ സൈഫൺ നിറഞ്ഞ് ജലം പുരയിടത്തിലൂടെയാണ് ഒഴുകുന്നത്. വീടും കിണറും ഇടിഞ്ഞു വീഴുന്ന നിലയിലാണ്. പ്രദേശത്ത് തൊഴുത്തുകളും കിണറുകളും കക്കൂസ് ടാങ്കുകളും വെള്ളം കയറിയ നിലയായി. സമാനമായ അവസ്ഥ പോരുവഴി, ഭരണിക്കാവ്, മണ്ണണ്ണമുക്ക്, ആഞ്ഞിലിമൂട് തുടങ്ങിയ ഇടങ്ങളിലും ഉണ്ടായിട്ടുണ്ട്.
മനക്കര സൈഫണില്‍ മാലിന്യം അടഞ്ഞത് ഒരു മാസം അറ്റകുറ്റപ്പണിനടത്തിയാണ് ഉപയോഗിക്കാനായത്. വലിയ കനാലുകളില്‍നിന്ന് മാലിന്യം കടന്ന് സൈഫണ് നിറയുന്നതാണ് പ്രശ്നം. സൈഫണിലേക്ക് മാലിന്യം കടക്കാതെ ഗ്രില്‍ സ്ഥാപിച്ച് തടയണമെന്ന ആശയം താലൂക്ക് വികസന സമിതിയില്‍ അടക്കം ഉയര്‍ന്നിട്ടും അധികൃതര്‍ ഇത് ഉൾക്കൊണ്ടിട്ടില്ല. നേരത്തേ തൊഴിലുറപ്പുകാര്‍ കനാലുകള്‍ തുറക്കുംമുമ്പ് ശുചീകരണം നടത്തുമായിരുന്നു. ഏതാനും വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയിൽ കനാൽ വ്യത്തിയാക്കൽ ഇല്ല. ഇതാണ് കനാലിൽകൂടി ജലം സുഗമമായി പോകാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയത്.
‘കെ.ഐ.പി അധികൃതർ ഇടപെടണം’
ശാസ്താംകോട്ട: കനാലുകൾ നിറഞ്ഞും തകർന്ന ഭാഗങ്ങളിലൂടെയും വെള്ളം ഒഴുകുന്ന പ്രശ്നം പരിഹരിക്കാൻ കെ.ഐ.പി അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് അംഗം തുണ്ടില്‍ നൗഷാദ് ആവശ്യപ്പെട്ടു. ശാശ്വതമായ നടപടിയാണ് വേണ്ടത്. അധികൃതര്‍ യുക്തിബോധമില്ലാതെ പെരുമാറരുതെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.