കായലോരത്ത് ബാഗും ചെരിപ്പും, ഫയർഫോഴ്സും സ്‌കൂബാ ടീമും തിരഞ്ഞത് മൂന്ന് മണിക്കൂർ; യുവാവിനെ കണ്ടെത്തിയത് കുറ്റിക്കാട്ടിൽ നിന്ന്
text_fieldsഅഞ്ചാലുംമൂട്: മതിലില്‍കുളങ്ങര കായല്‍വാരത്ത് യുവാവിന്‍റെ ബാഗും ചെരിപ്പും കുറിപ്പും കണ്ടെത്തിയത് ആശങ്ക പരത്തി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനും തിരച്ചിലിനുമൊടുവില്‍ സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് യുവാവിനെ സന്ധ്യയോടെ കണ്ടെത്തി.
മതിലില്‍ വെങ്കേക്കര രാലിയില്‍ വീട്ടില്‍ ആനന്ദ് സുനില്‍ ആണ് (23) നാടിനെ ആശങ്കയിലാക്കിയത്. ചൊവ്വാഴ്ച രാവിലെയാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.
മതിലിലെ സ്വകാര്യ കമ്പനിയുടെ സെയില്‍സ്മാനായി ജോലി നോക്കുന്ന യുവാവ് ഉച്ചയോടെ മതിലില്‍കുളങ്ങര ഭാഗത്ത് എത്തുകയും ജോലിയിലെ സമ്മര്‍ദം മൂലം താന്‍ ആത്മഹത്യചെയ്യാന്‍ പോകുകയാണെന്ന് കുറിപ്പ് എഴുതി വെക്കുകയും ചെയ്തു.
ചെരിപ്പും ബാഗും കരയില്‍ ഉപേക്ഷിച്ച് കായലിലേക്ക് ഇറങ്ങിയെങ്കിലും സമീപത്ത് മീന്‍പിടിത്ത ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വള്ളക്കാര്‍ യുവാവിനെ കരക്കെത്തിച്ചു. യുവാവ് വീണ്ടും കായലില്‍ ഇറങ്ങുന്നതു കണ്ട വള്ളക്കാര്‍ വീണ്ടും രക്ഷിച്ച് കരയിലെത്തിച്ച് ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി മടങ്ങി. തുടര്‍ന്ന് ഇതുവഴി കടന്നുപോയ നാട്ടുകാര്‍ ബാഗും ചെരിപ്പും കുറിപ്പും കണ്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ യുവാവിന്‍റെ കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍, സമീപത്തെങ്ങും കണ്ടെത്താനായില്ല. കായലില്‍ ചാടിയതാകാമെന്ന നിഗമനത്തില്‍ നാട്ടുകാര്‍ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. ചാമക്കടയില്‍നിന്നും കടപ്പാക്കടയില്‍നിന്നും രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തുകയും കടപ്പാക്കടയില്‍നിന്ന് സ്‌കൂബാ ടീം എത്തി മൂന്നു മണിക്കൂറോളം കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
യുവാവ് കായലില്‍ വീണതാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ വൈകീട്ട് അഞ്ചോടെ തിരച്ചില്‍ അവസാനിപ്പിച്ച് പൊലീസും അഗ്നി രക്ഷാസേനയും തിരികെ പോയി. തുടര്‍ന്ന് നാട്ടുകാര്‍ സന്ധ്യയോടെ തിരച്ചില്‍ നടത്തുന്നതിനിടെ കുറ്റിക്കാട്ടില്‍നിന്ന് കരച്ചില്‍ കേട്ടതോടെ പരിശോധിച്ചപ്പോഴാണ് കാട്ടില്‍ ഒളിച്ചിരിക്കുന്നനിലയില്‍ ആനന്ദിനെ കണ്ടെത്തിയത്. തുടര്‍ന്ന് യുവാവിനെ പുറത്തെത്തിച്ചപ്പോഴേക്കും ബോധരഹിതനായി വീണു. ഉടന്‍തന്നെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവാവ് മുമ്പും ഇത്തരത്തില്‍ ആത്മഹത്യഭീഷണി മുഴക്കിയിട്ടുള്ളയാളാണെന്ന് നാട്ടുകാര്‍ പറഞ്ഞു. യുവാവിനെ കണ്ടെത്തിയതോടെയാണ് ഏഴു മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.