ലോക്സഭ തെരഞ്ഞെടുപ്പിന് ജില്ല സജ്ജം
text_fieldsകൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പ് തയാറെടുപ്പുകളുമായി ജില്ല സുസജ്ജം. പ്രചാരണപ്രവർത്തനങ്ങളും മറ്റ് അനുബന്ധ വിഷയങ്ങളും നിരീക്ഷിക്കാൻ ജില്ലയില്‍ വിവിധ സ്ക്വാഡുകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ എന്‍. ദേവിദാസ് വ്യക്തമാക്കി. 33 സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമുകള്‍, 33 ഫ്ലയിങ് സ്ക്വാഡുകള്‍, 12 ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകള്‍, 11 വിഡിയോ സര്‍വയലന്‍സ് ടീമുകള്‍ എന്നിവ ഉള്‍പ്പെടെ 89 സ്ക്വാഡുകളും ഇവയെ നിരീക്ഷിക്കുന്നതിന് 11 വിഡിയോ വ്യൂവിങ് ടീമുകളും ആണ് ജില്ലയില്‍ പ്രവര്‍ത്തിക്കുക.
തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച പരാതികള്‍, ആക്ഷേപങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലതല കണ്ട്രോള് റൂമും പ്രവര്‍ത്തനമാരംഭിച്ചു. 1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതികള്‍ അറിയിക്കാം. ഇതോടൊപ്പം സി വിജില്‍ (C Vigil) മൊബൈല്‍ ആപ്, നാഷനല്‍ ഗ്രീവിയന്‍സ് സര്‍വിസ് പോര്‍ട്ടല്‍ എന്നിവ വഴിയും പരാതികള്‍ സമര്‍പ്പിക്കാം.
https://voters.eci.gov.in/ പോര്‍ട്ടല്‍ വഴിയും വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് വഴിയും 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.
അനുവദനീയമല്ലാത്ത കാര്യങ്ങള്‍
- സര്‍ക്കാറിന്റെ പുതിയ പദ്ധതികളൊന്നുംതന്നെ പ്രഖ്യാപിക്കാന്‍ പാടില്ല.
- എം.പി/എം.എല്‍.എ എല്‍.എ ഡി.എസ് ഫണ്ടുകള്‍ക്ക് കീഴില്‍ പുതിയ ഫണ്ട് അനുവദിക്കാന്‍ പാടില്ല. വര്‍ക്ക് ഓര്‍ഡര്‍ നല്കിയിട്ടുള്ളതില് പുതിയ ജോലികള്‍ ആരംഭിക്കാനും പാടില്ല
- തെരഞ്ഞെടുപ്പ് കമീഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നോണ്‍-സ്റ്റാറ്റ്യൂട്ടറി ബോഡികള്‍ റിക്രൂട്ട് ചെയ്യരുത്, സര്‍ക്കാറില്‍ അഡ്ഹോക് നിയമനങ്ങള്‍ പാടില്ല.
- പബ്ലിക് എക്സ്ചെക്കറുടെ ചെലവില്‍ സര്‍ക്കാറിന്റെ പരസ്യം ഉയര്‍ത്തിക്കാട്ടുന്ന പുതിയ പരസ്യവും നിലവിലുള്ള പരസ്യത്തിന്റെ തുടര്‍ച്ചയും പാടില്ല.
- മാതൃക പെരുമാറ്റച്ചട്ടം അവസാനിക്കുന്നതുവരെ തെരഞ്ഞെടുപ്പ് ആവശ്യത്തിനല്ലാതെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങള്‍ പാടില്ല.
- ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്. ഔദ്യോഗികജോലികള്‍ പ്രചാരണവുമായോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായോ കൂട്ടിക്കലര്‍ത്താന്‍ പാടില്ല.
- ജാതീയമായോ വര്‍ഗീയമായോ വോട്ടറുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനകള്‍ പാടില്ല
- വ്യത്യസ്ത ജാതിയോ സമുദായങ്ങളോ മതങ്ങളോ തമ്മില്‍ നിലവിലുള്ള ഭിന്നതകള്‍ വഷളാക്കുന്നതോ തമ്മില്‍ സംഘര്‍ഷമുണ്ടാക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിനും ശ്രമിക്കരുത്
- കൃത്യമായ അനുമതിയില്ലാതെ ഒരു രാഷ്ട്രീയപാര്‍ട്ടിയും സ്ഥാനാർഥിയും വാഹനങ്ങള്‍ ഒരാവശ്യത്തിനും ഉപയോഗിക്കാന്‍ പാടില്ല.
- മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളുടെയോ അണികളുടെയോ വ്യക്തിപരമായ വിഷയങ്ങള്‍ വിമര്‍ശിക്കാന്‍ പാടുള്ളതല്ല
- മറ്റ് പാര്‍ട്ടികളുടെയോ സ്ഥാനാര്‍ത്ഥികളുടെയോ പോസ്റ്ററുകള്‍ നീക്കം ചെയ്യുകയോ വികൃതമാക്കുകയോ ചെയ്യരുത്.
- സ്ഥിരീകരിക്കാത്ത ആരോപണങ്ങളുടെയോ വളച്ചൊടിക്കലിന്റെയോ അടിസ്ഥാനത്തില്‍ മറ്റ് പാര്‍ട്ടികളെയോ അവരുടെ പ്രവര്‍ത്തകരെയോ വിമര്‍ശിക്കരുത്.
- അമ്പലങ്ങള്‍, പള്ളികള്‍ തുടങ്ങിയ ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കോ പ്രചാരണത്തിനോ ഫണ്ട് കലക്ഷനോ വിനിയോഗിക്കാന്‍ പാടില്ല
- പ്രത്യേക അനുമതി ഇല്ലാതെ രാത്രി 10നും രാവിലെ ആറിനും ഇടയില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ല.
- രാഷ്ട്രീയപാര്‍ട്ടികളോ സ്ഥാനാർഥികളോ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിലോ ജാഥകളിലോ മറ്റ് ആള്ക്കാര് ഒരു തടസ്സവും സൃഷ്ടിക്കാന്‍ പാടില്ല.
- പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങള്‍ അല്ലാതെ സര്‍ക്കാര്‍ സ്ഥലങ്ങളില്‍ ഒരു തരത്തിലുമുള്ള പ്രചാരണ പോസ്റ്ററുകളും പതിച്ച് വികൃതമാക്കാന്‍ അനുവാദമില്ല.
- നിലവിലുള്ള നിയമത്തിന് വിരുദ്ധമായോ ഉടമയുടെ സമ്മതമില്ലാതെയോ സ്വകാര്യസ്ഥലങ്ങളില്‍ പോസ്റ്റര്‍, ചുവരെഴുത്ത് പ്രചാരണങ്ങള്‍ പാടില്ല.
- മതപരമായ സ്ഥലങ്ങളിലോ വിദ്യാഭ്യാസസ്ഥാപനങ്ങളിലോ ൈകയേറ്റം മൂലമോ പോളിങ് സ്റ്റേഷനുകളുടെ 200 മീറ്റര്‍ പരിധിയിലോ താല്‍ക്കാലിക ഓഫിസുകള്‍ സ്ഥാപിക്കാന്‍ പാടില്ല.
- ഔദ്യോഗിക സുരക്ഷയോ സ്വകാര്യ സുരക്ഷാഗാര്ഡുകളോ ഉള്ള ഒരു വ്യക്തിയെയും തെരഞ്ഞെടുപ്പ് ഏജന്റോ പോളിങ് ഏജന്റോ കൗണ്ടിങ് ഏജന്റോ ആയി നിയമിക്കാന്‍ പാടില്ല.
- ആയുധങ്ങളായി ദുരുപയോഗം ചെയ്യാന്‍ കഴിവുള്ള ഒരു സാധനവും ജാഥകളില്‍ കൊണ്ടുപോകരുത്.
- സുരക്ഷാവാഹനങ്ങള്‍ ഒഴികെയുള്ള 10 ലധികം വാഹനങ്ങളുള്ള വാഹനവ്യൂഹങ്ങള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതല്‍ അനുവദനീയമല്ല.
- മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിന് വിരുദ്ധമായി വാഹനങ്ങളുടെ ബാഹ്യമാറ്റങ്ങള്‍ അനുവദനീയമല്ല.
- വോട്ടര്‍മാര്‍ക്ക് സാമ്പത്തികമോ മറ്റോ പ്രേരണ നല്കാന് പാടില്ല.
- തെരഞ്ഞെടുപ്പ് സമയത്ത് മദ്യം വിതരണം ചെയ്യാന്‍ പാടില്ല.
- ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ പ്രവര്‍ത്തകരോ തെരഞ്ഞെടുപ്പ് സമയത്ത് അഴിമതി പ്രവര്‍ത്തനങ്ങളോ തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളോ ചെയ്യാന്‍ പാടില്ല.
- ശമ്പളമോ നിയമപ്രകാരമോ അല്ലാത്ത 10,000 രൂപയില്‍ കൂടുതലുള്ള തുക അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ ഏറ്റവും പുതിയ നിർദേശപ്രകാരമുള്ള പരിധിയില്‍ അധികരിച്ച തുക ഒരുദിവസത്തിനുള്ളില്‍ പണമായി നല്കാന് പാടില്ല.
- അനധികൃതമായ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുക്കുന്നതാണ്.
- തെരഞ്ഞെടുപ്പ് കാലത്ത് എക്സിറ്റ് പോള്‍ നടത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്.
- പ്രചാരണ കാലയളവ് അവസാനിച്ചതിനുശേഷം തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല.
മാതൃകാപെരുമാറ്റച്ചട്ട കാലയളവില്‍ പാലിക്കേണ്ട കാര്യങ്ങള്‍
- നിലവിലുള്ള നിയന്ത്രണങ്ങളും നിരോധനഉത്തരവുകളും പൂര്‍ണമായി മാനിക്കപ്പെടണം
- നിയമാനുസൃത സ്ഥാപനങ്ങള്‍ നടത്തുന്ന റിക്രൂട്ട്മെന്റുകള്‍/ പ്രമോഷനുകള്‍ തുടരാം.
- എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും എല്ലാ സമയത്തും സഹകരണം നല്‍കണം.
- എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം.
- തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ഏഴ് ദിവസത്തിനകം താരപ്രചാരകരുടെ പേരുവിവരങ്ങള്‍ ഓരോ രാഷ്ട്രീയപാര്‍ട്ടിയും അറിയിക്കണം
- തെരഞ്ഞെടുപ്പ് സമയത്ത് റോഡ് ഷോകള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശങ്ങള്‍ പാലിക്കണം.
- ഘോഷയാത്രയുടെ റൂട്ട് പ്ലാന്‍ പൊലീസിന്റെ മുന്‍കൂര്‍ അനുമതിയോടെ പിന്തുടരണം.
- പ്രചാരണ സമയത്തും വോട്ടെടുപ്പ് ദിവസങ്ങളിലും വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കണം.
- പ്രചാരണത്തിന് അനുവദിക്കപ്പെട്ട പൊതുസ്ഥലങ്ങള്‍ എല്ലാ സ്ഥാനാർഥികളും നിഷ്പക്ഷമായി ഉപയോഗിക്കണം.
- വോട്ടറോ സ്ഥാനാര്‍ത്ഥിയോ ഏജന്റോ അല്ലാത്ത രാഷ്ട്രീയപ്രവര്‍ത്തകര്‍ പ്രചാരണം അവസാനിച്ച ശേഷം മണ്ഡലം വിടണം.
- രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മീറ്റിങ്ങുകള്‍ക്കും റാലികള്‍ക്കുമായി സ്ഥാനാർഥികള്‍ക്കുള്ള അനുമതികള്‍ക്കായി ഒരു രജിസ്റ്റര്‍ ഉണ്ടാകും, കൂടാതെ റൂട്ട് പ്ലാനും ചെലവ് പ്ലാനും സഹിതം അത്തരം അഭ്യർഥന ലഭിച്ച ശേഷം ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ അനുമതി ലഭിക്കും.
- അച്ചടിച്ച മെറ്റീരിയലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആര്.പി ആക്ട് പ്രകാരം ആവശ്യപ്പെടുമ്പോള്‍ നല്‍കുന്നതിന് എല്ലാ പ്രിന്റിങ് പ്രസുകളും ശ്രദ്ധിക്കണം
- വോട്ടെടുപ്പ് ദിവസം, വോട്ടെണ്ണല്‍, പോളിങ് അവസാനിക്കുന്ന 48 മണിക്കൂര്‍ കാലയളവ് എന്നിവക്കായി ഡ്രൈഡേ ഓര്‍ഡര്‍ ഉണ്ടാകും. അത് പാലിക്കണം.
- തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നതിനുള്ള നടപടികള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സ്വീകരിക്കണം.
യാത്രാവേളയില്‍ 50,000 രൂപയിൽ കൂടുതൽ കൈവശമുെണ്ടങ്കിൽ രേഖകള്‍ കരുതണം
കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വലിയ തുകയുള്ള പണവുമായി യാത്രചെയ്യുമ്പോൾ മുൻകരുതലെടുക്കണം. 50,000 രൂപയില്‍ കൂടുതല്‍ പണം കൈവശമുള്ളവര്‍ യാത്രാവേളയില്‍ രേഖകള്‍ കരുതണം. ഇല്ലെങ്കിൽ പരിശോധനയിൽ പിടിച്ചെടുക്കപ്പെടും. വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റ് സാധനങ്ങളോ വിതരണം ചെയ്യുന്നത് തടയാന്‍ പ്രവർത്തിക്കുന്ന ൈഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം എന്നീ സംഘങ്ങളാണ് പരിശോധന നടത്തുക. ജില്ലയിൽ ഈ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങിയതായി കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
വാഹനപരിശോധനയില്‍ പൊതുജനങ്ങള്‍ സഹകരിക്കണം. പരിശോധനവേളയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടായാല്‍ പരാതി തെളിവുസഹിതം കലക്ടറേറ്റിലെ നോഡല്‍ ഓഫിസര്‍, എക്സ്പെന്‍ഡിച്ചര്‍ ആൻഡ് മോണിറ്ററിങ് വിങ് ആന്‍ഡ് ജില്ല ഫിനാന്‍സ് ഓഫിസറെ അറിയിക്കണമെന്നും കലക്ടർ വ്യക്തമാക്കി. ഫോണ്‍: 8547610033.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.