ഒറ്റ സർവിസ് രണ്ടാക്കി; ജനത്തെ വലച്ച് റെയിൽവേയുടെ പരീക്ഷണം
text_fieldsകൊല്ലം: ഒരു സർവിസായി ഓടിയിരുന്ന ട്രെയിൻ രണ്ടാക്കി റെയിൽവേ നടത്തിയ പരീക്ഷണം ജനത്തെ വലക്കുന്നു. എറണാകുളത്തുനിന്ന് ആലപ്പുഴ വഴി കൊല്ലത്തിന് സർവിസ് നടത്തിയിരുന്ന ട്രെയിനാണ് 06015, 06013 നമ്പറുകളിൽ എറണാകുളത്തുനിന്ന് ആലപ്പുഴക്ക് ഒരു ട്രൈയിനും ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് മറ്റൊരു ട്രൈയിനായും വിഭജിച്ച് സർവിസ് നടത്തുന്നത്.
കൊല്ലം, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ജീവനക്കാരുമാണ് ഇതിലെ യാത്രക്കാർ ഏറെയും. എറണാകുളത്തുനിന്നുള്ള മടക്കയാത്രക്ക് ഏറെപേരും ആശ്രയിക്കുന്നത് ഈ ട്രൈയിനാണ്. ഇപ്പോൾ എറണാകുളത്തുനിന്ന് ആലപ്പുഴയിലെത്തി അവിടെനിന്നും വേറെ ട്രൈയിനിൽ വേണം യാത്രചെയ്യാൻ. എറണാകുളത്തുനിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് വൈകീട്ട് 5.15ന് ആലപ്പുഴയിലെത്തി 5.30നുള്ള ആലപുഴ-കൊല്ലം മെമുവിലാണ് ഇവർ യാത്ര തുടരേണ്ടത്. 5.15ന് എത്തേണ്ട ട്രൈയിൻ വൈകിയാൽ തുടർയാത്ര മുടങ്ങും. ആറുമണിക്കുള്ള ഏറനാട് ആണ് പിന്നീട് ആശ്രയം.
കൊല്ലം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഒരുപാട് ദുരിതം സഹിച്ചാണ് ആലപ്പുഴ-കൊല്ലം മെമുവിൽ കയറുന്നത്. എറണാകുളം-ആലപ്പുഴ ട്രൈയിൻ ആലപ്പുഴയിലെ ഏത് പ്ലാറ്റ്ഫോമിലാണെന്ന് എറണാകുളത്ത് നിന്നുള്ള യാത്രക്കാർക്ക് അറിയില്ല. കഴിഞ്ഞ ദിവസം എറണാകുളം-ആലപ്പുഴ ട്രൈയിൻ ആലപ്പുഴ മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ 5.25നാണ് വന്നത്.
കൊല്ലത്തേക്ക് പോകേണ്ട മെമു ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലും. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ധൻബാദ് എക്സ്പ്രസ് കിടന്നിരുന്നു. ഫുട് ഓവർബ്രിഡ്ജ് അറ്റകുപ്പണിക്കായി അടച്ചിട്ടിരുന്നതിനാൽ എറണാകുളത്ത് നിന്നുള്ള യാത്രക്കാർ മെമുവിൽ കയറാൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ രണ്ടറ്റത്തുകൂടി ഓടിവരേണ്ടിവന്നു. ശാരീരിക ശേഷിയില്ലാത്തവർ നടന്ന് വന്നപ്പോഴേക്കും മെമു സ്ഥലം വിട്ടിരുന്നു. അതേസമയം ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടുന്നതിനാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.