കൊല്ലത്തിന്റെ മുഖച്ഛായ മാറും -ധനമന്ത്രി
text_fieldsകൊല്ലം: കൊല്ലത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിലടക്കം വൻ മാറ്റങ്ങൾ വരുത്തുന്ന പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. പരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖലക്കും ദീർഘകാല ആവശ്യമായ കൊല്ലം തുറമുഖ വികസനത്തിനും തുക അനുവദിച്ചതുൾപ്പെടെ പദ്ധതികൾ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയുള്ളതാണെന്ന് കൊല്ലത്ത് മാധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു.
ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ പോലുള്ള പദ്ധതികൾ കൊല്ലത്തിന്റെ മുഖച്ഛായ മാറ്റും. മീറ്റർ കമ്പനിയിൽ പൈലറ്റ് പദ്ധതിക്കായി എത്രയും പെട്ടെന്ന് ഫെസിലിറ്റേഷൻ സെന്റർ തുടങ്ങും. കശുവണ്ടി വ്യവസായ മേഖലയിൽ 95 കോടിയാണ് വകയിരുത്തിയത്. പൊതുമേഖല സ്ഥാപനങ്ങൾ ഈ മേഖലയിൽ നന്നായി പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യമേഖലയിലെ വലിയ പ്രതിസന്ധി പോലുള്ള പ്രശ്നങ്ങൾ പരിഗണിച്ചാണ് ബാങ്ക് വായ്പകൾക്ക് പലിശ ഇളവ് നൽകാനും തൊഴിൽ നൽകുന്നതിന് അനുസരിച്ച് മറ്റു പ്രോത്സാഹന പദ്ധതികൾ നടപ്പാക്കുന്നതിനും 30 കോടി അനുവദിച്ചത്. പുനരുജ്ജീവന പാക്കേജ് തന്നെയാണ് പ്രഖ്യാപിച്ചത്.
ചരക്ക് കപ്പൽ ഗതാഗതം സജീവമായി നടക്കണമെങ്കിൽ ഇവിടെനിന്ന് തിരിച്ചുകൊണ്ടുപോകാനും ചരക്ക് വേണം. അവർക്ക് ഇൻസെന്റീവ് കൊടുക്കണം. പത്തുകോടി രൂപ പ്രത്യേക ഇൻസെന്റീവ് കപ്പൽ ചരക്ക് ഗതാഗതത്തെ പ്രോത്സാഹിപ്പിക്കാനായി വെച്ചിട്ടുണ്ട്. കൊല്ലത്ത് ഗോവക്ക് ഉൾപ്പെടെ പോകുന്ന കപ്പൽ ക്രൂയിസ് സർവിസ് ഏർപ്പെടുത്തും. കൊല്ലം പ്രധാന കേന്ദ്രമായിരിക്കും.
ഐ.ടി ഇടനാഴി പദ്ധതിയിലൂടെ കൊല്ലം ഈ മേഖലയിൽ പ്രധാന ഹബ്ബാക്കും. അതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കും. ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റിക്ക് ആസ്ഥാനം നിർമാണത്തിന് പണം തടസ്സമല്ല. സ്ഥലം ലഭിച്ചാലുടൻ ഈ വർഷം തന്നെ നിർമാണം തുടങ്ങും. കൊല്ലത്തെ പി.എസ്.സിയുടെ റീജനൽ ഓഫിസിന് അഞ്ചുകോടി മാറ്റിവെച്ചിട്ടുണ്ട്. ഓൺലൈൻ പരീക്ഷാ സൗകര്യമടക്കം ഇവിടെ ഒരുക്കും. ഭാവി കേരളത്തെ മുന്നിൽകണ്ടുള്ളതാണ് ബജറ്റെന്നും മന്ത്രി പറഞ്ഞു.
കൊല്ലത്ത് എത്തിയ മന്ത്രിക്ക് സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ സ്വീകരണം നൽകി. ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ ബി. തുളസീധരക്കുറുപ്പ്, എക്സ്. ഏണസ്റ്റ്, എം. നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ് , ജില്ല കമ്മിറ്റിയംഗം എം. വിശ്വനാഥൻ എന്നിവർ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.