ഹാർബറുകളിലെ മത്സ്യവ്യാപാരം കർശന പൊലീസ് നിരീക്ഷണത്തിൽ
text_fieldsകൊല്ലം: മത്സ്യബന്ധനവും ഹാർബറുകളിലെ മത്സ്യവിപണനവും പൂർണ നിരീക്ഷണത്തിലാക്കി സിറ്റി പൊലീസ്. കോവിഡ് മാനദണ്ഡം ലംഘിച്ച രണ്ട് യാനങ്ങളും 104 വാഹനങ്ങളും പിടിച്ചെടുത്തു. 46 കടകൾ അടച്ചുപൂട്ടി. 63 പേരെ അറസ്റ്റ് ചെയ്തു. കൊല്ലം, ശക്തികുളങ്ങര, അഴീക്കൽ ഹാർബറുകളിൽ പ്രവേശനം മുതൽ എല്ലാ കാര്യങ്ങളിലും സിറ്റി പൊലീസിെൻറ ശക്തമായ നിയന്ത്രണത്തിലായിരുന്നു. പൊലീസിനെ ഡ്യൂട്ടിയിൽ സഹായിക്കുന്നതിന് അധ്യാപകർ ഉൾപ്പെടെ 90 സർക്കാർ ജീവനക്കാരുണ്ടായിരുന്നു.
സീനിയർ സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ്, സിവിൽ ഡിഫൻസ്, ജനമൈത്രി, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവരുൾപ്പെട്ടവരാണ് ഹാർബറുകളിൽ തിരക്ക് നിയന്ത്രിച്ചത്. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമായിരുന്നു ഹാർബറുകളിൽ പ്രവേശനം.
കോവിഡ് മാനദണ്ഡം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ യാനങ്ങൾക്കെതിരെ രണ്ട് കേസ് രജിസ്റ്റർ ചെയ്തു. ട്രിപ്ൾ ലോക്ഡൗൺ മേഖലയിൽ ഏർപ്പെടുത്തിയ അധിക സുരക്ഷ കോർപറേഷൻ പരിധിയിലും ചവറ ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങളിലും കൂടി വ്യാപിപ്പിച്ചു. ഇവിടങ്ങളിൽ സുരക്ഷ കർശനമാക്കിയതായി സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാസ്ക്ക് ശരിയായവിധത്തിൽ ധരിക്കാതിരുന്നതിന് 612 പേരും സാമൂഹിക അകലം പാലിക്കാത്തതിന് 493 പേരും പിഴയൊടുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.