പെൺകുട്ടികൾ പ്രതിഷേധവുമായി റോഡിലിറിങ്ങി,സമരത്തിനൊപ്പം കൂടി ചിൽഡ്രൻസ് ഹോമിലെ നായയും
text_fieldsകൊട്ടിയം: ചിൽഡ്രൻസ് ഹോം അന്തേവാസികളായ പെൺകുട്ടികൾ റോഡിലിറങ്ങി പ്രതിഷേധിച്ചു. ബുധനാഴ്ച രാവിലെ ഏഴോടെ കൊട്ടിയം കണ്ടച്ചിറമുക്കിനടുത്തായിരുന്നു സംഭവം. ചിൽഡ്രൻസ് ഹോം അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി ഓടിയ കുട്ടികളൊടൊപ്പം ഒരു തെരുവുനായും ഓടിയെത്തി. ഹോമിന് പുറത്തുകിടക്കുന്ന തെരുവുനായാണ് കുട്ടികളോടൊപ്പം ഓടി കണ്ടച്ചിറ മുക്കിലെത്തിയത്.
കൊട്ടിയത്തുള്ള ചിൽഡ്രൻസ് ഹോമിൽനിന്ന് പുറത്തിറങ്ങിയ 13 കുട്ടികൾ ഒരു കിലോമീറ്ററിനപ്പുറത്ത് പ്രതിഷേധവുമായി റോഡിലെത്തുകയായിരുന്നു. വിവിധ ആവശ്യങ്ങളാണ് കുട്ടികൾ ഉന്നയിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ എത്തണമെന്നതായിരുന്നു കുട്ടികളുടെ പ്രധാന ആവശ്യം. പെൺകുട്ടികൾ കൂട്ടത്തോടെ റോഡിൽ നിൽക്കുന്നതുകണ്ട് നാട്ടുകാർ കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചു.
െപാലീസ് എത്തിയിട്ടും സി.ഡബ്ല്യു.സി അധികൃതർ വരണമെന്ന ആവശ്യത്തിൽ കുട്ടികൾ ഉറച്ചുനിന്നു.സംഭവമറിഞ്ഞ് പ്രദേശവാസികൾ തടിച്ചുകൂടിയതോടെ കൊല്ലത്തുനിന്ന് സി.ഡബ്ല്യു.സി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് സ്ഥലത്തെത്തി വിവരശേഖരണം നടത്തുകയും കുട്ടികളെ കൊല്ലത്തെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയും ചെയ്തു.
തുടർന്ന്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ അഡ്വ.കെ.എസ്. മനോജ്, അംഗം റെനി ആൻറണി, നിർഭയാ സെൽ ഡയറക്ടർ ശ്രീലാ കെ. മേനോൻ എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനപ്രകാരം രക്ഷാകർത്താക്കൾ ഏറ്റെടുക്കാൻ തയാറായെത്തിയ കുട്ടികളെ വീടുകളിലേക്കും മൂന്നു കുട്ടികളെ കുണ്ടറയിലുള്ള ഹോമിലേക്കും മറ്റ് കുട്ടികളെ കൊട്ടിയത്തെ ഹോമിലേക്കും മാറ്റി. ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗങ്ങളായ കെ.പി. മുരളീധരൻ പിള്ള, ജി.എസ്. മീനാകുമാരി എന്നിവരുമെത്തിയിരുന്നു. കുട്ടികളോടൊപ്പമെത്തിയ നായയെ സംഭവമറിഞ്ഞെത്തിയ ഹോം അധികൃതർ തിരികെ പോയ വാഹനത്തിൽ തന്നെ കയറ്റി വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.