സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയെ സർക്കാർ ശ്വാസംമുട്ടിക്കുന്നെന്ന്
text_fieldsകൊല്ലം: കേരളത്തിലെ ഇരുപതിനായിരത്തോളം സ്‌കൂള്‍ പാചകത്തൊഴിലാളികൾ പട്ടിണിയിലായിട്ടും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നെന്ന് ആക്ഷേപം. തൊഴിലാളികളുടെ വേതന വിതരണം സ്തംഭിച്ചനിലയിലാണ് ഇപ്പോൾ. കഴിഞ്ഞ സെപ്റ്റംബര്‍ 24ന് ശമ്പള വിതരണത്തിനുള്ള തുക അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും നാളിതുവരെ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. മൂന്ന് മാസമായി ഒരു വരുമാനവുമില്ലാതെ തൊഴിലാളികളുടെ കുടുംബം പട്ടിണിയിലാണ്.
ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടുമ്പോള്‍ തൃപ്തികരമായ മറുപടിയല്ല ലഭിക്കുന്നതെന്ന് ആക്ഷേപമുയരുന്നത്. കേന്ദ്ര ഫണ്ട് നല്‍കുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ അലംഭാവമാണ് എന്നിങ്ങനെ ന്യായമാണ് സർക്കാർ നിരത്തുന്നത്. ഏപ്രില്‍, മേയ് മാസത്തെ അവധിക്കാല വേതനത്തിന് 5.5 കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തുക അനുവദിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും വിതരണം ചെയ്തിട്ടില്ല.
ആഗസ്റ്റിലെ 10 ദിവസത്തെ ശമ്പളം നൽകിയതിനുശേഷം യാതൊന്നും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. 150 കുട്ടികള്‍ക്ക് മുകളിലുള്ള സ്‌കൂളുകളില്‍ ഹെല്‍പ്പറെകൂടി നിയമിക്കണമെന്ന് നിരന്തരം ആവശ്യമുയർന്നിട്ടും നിഷേധാത്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. പട്ടിണിപ്പാവങ്ങളായ തൊഴിലാളികള്‍ക്ക് ശമ്പളം നൽകാതെ വിദ്യാഭ്യാസ വകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്.
തൊഴിലാളികള്‍ക്ക് നൽകാനുള്ള വേതനം അടിയന്തരമായി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഈ മാസാവസാനം ചേരുന്ന സംസ്ഥാന സമിതി യോഗം അനിശ്ചിതകാല നിരാഹാര സമരപരിപാടികൾക്ക് രൂപം നല്‍കുമെന്നും സ്‌കൂള്‍ പാചകത്തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി ഹബീബ് സേട്ട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.