ഇനിയുമെത്താതെ ഇമിഗ്രേഷൻ സൗകര്യം
text_fieldsകൊല്ലം: ഏറെക്കാലമായി കൊല്ലം തുറമുഖം കാത്തിരിക്കുന്ന ഇമിഗ്രേഷൻ, പ്ലാന്‍റ് ക്വാറന്‍റീൻ സൗകര്യങ്ങൾ യാഥാർഥ്യമാകുന്നത് ഇനിയുമകലെ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒത്തുചേർന്ന് ഒരുക്കേണ്ട ഈ സൗകര്യങ്ങൾക്ക് വേണ്ട നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. ഇമിഗ്രേഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നതിനുള്ള ഇലക്ട്രോണിക് സൗകര്യങ്ങളും കെട്ടിടവും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സംസ്ഥാനമാണ്. കേന്ദ്ര ഷിപ്പിങ്, ആഭ്യന്തര മന്ത്രാലയങ്ങള്‍ നിശ്ചിത നിബന്ധനപ്രകാരം അടിസ്ഥാന സൗകര്യമൊരുക്കി അറിയിക്കണമെന്ന് പലപ്രാവശ്യം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലെ കാലതാമസം വലിയ വിമർശനമുയർത്തുമ്പോഴും മെല്ലപ്പോക്ക് തുടരുകയാണ്. സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രോട്ടോകോള്‍ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് തുറമുഖത്ത് ഒരുക്കേണ്ടത്. അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി പൂർത്തിയായാലേ കേന്ദ്രം ഇക്കാര്യത്തിൽ തുടർനടപടികൾ കൈക്കൊണ്ട് ഇമിഗ്രേഷന്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുകയുള്ളൂ.
ഇതിനായി സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര ഷിപ്പിങ്, ആഭ്യന്തരവകുപ്പ് മന്ത്രിമാർക്കും സെക്രട്ടറിമാർക്കും കേരളത്തിലെ തുറമുഖവകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും കത്ത് നല്‍കി. ഇരു സര്‍ക്കാറുകളുടെയും ഭാഗത്തുനിന്നുള്ള കാലതാമസമാണ് ഇമിഗ്രേഷന്‍ ഓഫിസ് പ്രവര്‍ത്തനം അനന്തമായി നീട്ടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഗുരുതര കാലതാമസമാണ് സംസ്ഥാനത്തിന്‍റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുവാനുള്ള നടപടികള്‍ മുന്‍ഗണന നല്‍കി നടപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.