മന്ത്രി മറന്നില്ല, പശുവുമായി കൃഷ്ണപ്രിയയുടെ അരികിലെത്തും
text_fieldsകൊല്ലം: അണിയാനുള്ള വേഷത്തിനായി പശുവിനെ വിറ്റ് സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തി ഓട്ടൻതുള്ളൽ മത്സരത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനവുമായി മടങ്ങിയ കൃഷ്ണപ്രിയക്ക് ഒടുവിൽ മന്ത്രിയുടെ വക പശു. തൃശൂർ വരന്തരപ്പിള്ളി സ്വദേശി കൃഷ്ണപ്രിയക്ക് തന്റെ കലാ സപര്യക്കായി വിൽക്കേണ്ടി വന്ന പശുവിന് പകരമായാണ് മൃഗ-ക്ഷീര മന്ത്രി ജെ. ചിഞ്ചുറാണി വക സമ്മാനം. വെള്ളിയാഴ്ച തൃശൂരിൽവെച്ച് അതു കൃഷ്ണപ്രിയയുടെ കുടുംബത്തിന് മന്ത്രിതന്നെ കൈമാറും.
പശുവിനെ വിറ്റും സ്കൂളിലെ അധ്യാപകരുടെ സഹായവും പരിശീലകരുടെ സന്മനസും ഒത്തുചേർന്ന് നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് വരന്തരപ്പിള്ളി സി.ജെ.എം അസംപ്ഷൻ ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ ജനുവരിയിൽ കൊല്ലത്ത് നടന്ന സ്കൂൾ കലോത്സവത്തിന് എത്തിയത്. ‘മാധ്യമം’ ഇക്കാര്യം റിപ്പോർട്ട് ചെയ്ത അന്നുതന്നെ മന്ത്രി ചിഞ്ചുറാണിയുടെ ശ്രദ്ധയിൽപെട്ടിരുന്നു.
താൻ അന്വേഷിച്ച് വേണ്ടത് ചെയ്യാം എന്ന് മാത്രമാണ് മന്ത്രി അന്ന് പ്രതികരിച്ചത്. എന്നാൽ, നാലുമാസത്തിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുത്ത് മന്ത്രി തന്നെ ‘മാധ്യമ’ത്തെ വിവരം അറിയിക്കുകയായിരുന്നു. വെറ്ററിനറി സർവകലാശാലയിൽനിന്ന് പശുവിനെ ഏർപ്പാടാക്കി നൽകാനാണ് വൈസ് ചാൻസലറോട് മന്ത്രി നിർദേശിച്ചത്.
വരന്തരപ്പിള്ളി പഞ്ചായത്ത് നൽകിയ ഫെലോഷിപ്പാണ് കൃഷ്ണപ്രിയക്ക് സൗജന്യമായി ഓട്ടൻതുള്ളൽ പഠിക്കാൻ വഴിയൊരുക്കിയത്. അണിയാനുള്ള വേഷം വാങ്ങാൻ മാർഗമൊന്നുമില്ലാതെ വന്നപ്പോൾ വീട്ടിലുണ്ടായിരുന്ന പശുവിനെ വിൽക്കാതെ മറ്റു ഗതിയില്ലായിരുന്നു. മന്ത്രിയുടെ പി.എ വിളിച്ച് പശുവിനെ ലഭ്യമാക്കുമെന്ന വിവരം പറഞ്ഞെന്ന് കൃഷ്ണപ്രിയയുടെ മാതാവ് ഓമന ‘മാധ്യമ’ത്തോട് പറഞ്ഞു.
കൃഷ്ണപ്രിയ 10ാം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് വിജയിച്ചത്. ‘മാധ്യമ’ത്തിനും മന്ത്രിക്കും നന്ദി പറയുന്നതായും ഓമന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.