കൊച്ചി വാട്ടർമെട്രോ മാതൃക കൊല്ലത്ത് നടപ്പാക്കാൻ ഫണ്ടില്ലെന്ന് മന്ത്രി
text_fieldsകൊല്ലം: കോർപറേഷൻ ഭരണസമിതിയുടെ വാട്ടർമെട്രോ സ്വപ്നത്തിന് മന്ത്രിയുടെ വെട്ട്. കൊച്ചി വാട്ടർമെട്രോ മാതൃകയിൽ ആണ് പദ്ധതി സ്വപ്നം കാണുന്നതെങ്കിൽ തൽക്കാലം അവിടെ നിൽക്കട്ടെ എന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കൊല്ലം കോർപറേഷന്റെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി കോർപറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 1100 കോടി ചെലവിലാണ് കൊച്ചി വാട്ടർമെട്രോ യാഥാർഥ്യമാക്കിയത്. അത്രത്തോളം ഫണ്ട് ചെലവാക്കി ഇവിടെ വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാമ്പത്തിക സാഹചര്യം ഇല്ല. മേയർ നിരന്തരം വാട്ടർമെട്രോ പദ്ധതി ശ്രദ്ധയിൽപെടുത്തിയിരുന്നു. പദ്ധതികൾ എന്തുവേണമെങ്കിലും സ്വപ്നം കാണാമെന്നും മന്ത്രി പറഞ്ഞു.
ആശ്രാമം ലിങ്ക് റോഡ് -ഓലയിൽ കടവ് പാലം പൂർത്തീകരിക്കും. നാലാം ഘട്ട നിർമാണത്തിന്റെ എസ്റ്റിമേറ്റ് എടുക്കാൻ കിഫ്ബി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉടൻ നടപടി ഉണ്ടാകും. സ്ലാട്ടർ ഹൗസുകൾക്ക് സ്ഥലം കണ്ടെത്തി നൽകിയാൽ നിർമാണത്തിന് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും വ്യക്തമാക്കി. കൊല്ലം പട്ടണത്തിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. അഷ്ടമുടിക്കായൽ ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. നവ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാസ്ത്രീയമായ രീതിയിൽ കായൽ ശുചീകരിക്കുന്നതിനുവേണ്ടതായ നടപടികൾ കോർപറേഷൻ കൈക്കൊള്ളണം. കൊല്ലം ബീച്ചിനെ ടൂറിസ്റ്റ് ഹബ്ബാക്കി വികസിപ്പിക്കുന്നതിന് സാധ്യത പഠനങ്ങൾ നടത്തും. കൊല്ലം പട്ടണത്തിൽ സ്ലാട്ടർ ഹൗസ് നിർമിക്കുന്നതിന് കോർപറേഷന്റെ നേതൃത്വത്തിൽ സ്ഥലം ലഭ്യമാക്കിയാൽ സർക്കാറിന്റെ പൂർണ പിന്തുണയോടെ പദ്ധതി പൂർത്തീകരിക്കും. ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുവേണ്ടതായ സ്ഥലം കോർപറേഷന്റെ സഹായത്തോടെ കണ്ടെത്തും. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോ വിപുലീകരിക്കുന്നതിന് പരിഗണിക്കും. നഗരത്തിലെ റോഡ്, ഡ്രെയിനേജ് നവീകരണവുമായി ബന്ധപ്പെട്ട് നിർവഹണ ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേരും. ജില്ലയിലെ ടൂറിസം, ഗതാഗതം എന്നിവയുടെ മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങൾക്ക് സർക്കാറിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കല്ലുമാല സ്ക്വയർ, വസൂരി ചിറ കുടിവെള്ള പദ്ധതി പ്രവർത്തനങ്ങൾ എന്നിങ്ങനെ കൊല്ലം കോർപറേഷനുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളുടെ പ്രവർത്തന പുരോഗതി ചർച്ച ചെയ്തു. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ, കൗൺസിലർമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.