ആഴ്ചകളായി തുടരുന്ന കടൽക്ഷോഭം; ജനജീവിതം ദുസ്സഹമായി തുടരുന്നു
text_fieldsകൊല്ലം: തോരാതെ പെയ്യുന്ന മഴയും ആർത്തലക്കുന്ന കടലും നെഞ്ചിലേക്ക് തീകോരിയിടുമ്പോൾ മേരിക്കുട്ടിയുടെ കണ്ണീർ നിലക്കുന്നില്ല. പാതി തകർന്ന വീടിന്റെ അരക്ഷിതാവസ്ഥയിൽ ഹൃദയംതകർന്ന് കരയുകയാണ് ആ വയോധിക. കടലോരത്ത് ജീവിതം കരുപ്പിടിപ്പിച്ച അവർ ജീവിതത്തിൽ ആദ്യമായി കടൽ കലിയിളകിയെത്തി കൺമുന്നിൽ എല്ലാം വലിച്ചെടുത്ത് പോകുന്നത് കാണുന്നതിന്റെ ഞെട്ടലിലാണ്.
കൊല്ലം മുണ്ടയ്ക്കൽ-ഉദയമാർത്താണ്ഡപുരം മേഖലയിൽ കടൽക്ഷോഭത്തിൽ തകർന്നു നിലംപൊത്താറായ നിരവധി വീടുകളിൽ ഒന്നായ തന്റെ തിരുവാതിര വീടിന്റെ വാതിൽപ്പടിയിൽ ചാരി അവർ, നേരിടുന്ന ദുരവസ്ഥ പറയുമ്പോൾ നിസഹായാവസ്ഥ കണ്ണുകളിൽ നോവായി നിറയുന്നു.
ആഴ്ചകളായി മേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്. മുണ്ടയ്ക്കൽ പാപനാശനത്ത് നിന്ന് ഉദയമാർത്താണ്ഡത്തേക്ക് പോകുന്ന ടാറിട്ട റോഡിൽ വിശ്വസിച്ച് നടന്ന് പോകാൻ പോലും കഴിയാത്ത ഒരറ്റം മാത്രമാണ് ബാക്കി. കടൽ പാതിയെടുത്ത് പോയ വീടുകളുടെ നിരയിൽ രണ്ടാമതാണ് മേരിക്കുട്ടി എന്ന വയോധിക മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം കഴിയുന്ന വീട്. ആ വീടിന്റെ അടുക്കളയുൾപ്പെടെ ഏതുനിമിഷവും നിലംപൊത്താറായ സ്ഥിതിയിലാണ്. മഴയൊഴിയുന്ന നേരത്ത് പുറത്ത് ഭക്ഷണമുണ്ടാക്കി കഴിച്ച്, പ്രാർഥനയിൽ അഭയം പ്രാപിച്ച് ആ വീടുകളിൽ അവർ കഴിയുന്നു. വില്ലേജ് ഓഫിസർ ഉൾപ്പെടെ അധികൃതർ എത്തി കുട്ടികളുമായി വീട്ടിൽ ഇനിയും തുടരരുതെന്ന് മുന്നറിയിപ്പ് നൽകുമ്പോഴും പോകാൻ മറ്റൊരിടമില്ലാത്തതിന്റെ നിസഹായതയിൽ അവിടെ തന്നെ തുടരുകയാണ് കുടുംബം. സർക്കാരിന്റെ പുനർഗേഹം പദ്ധതിയിൽ കുടുംബം ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, പദ്ധതി പ്രകാരം അനുവദിക്കുന്ന 10 ലക്ഷം രൂപയിൽ 4.2 ലക്ഷം രൂപ ഉപയോഗിച്ച് വസ്തു വാങ്ങിയത് വരെ മാത്രമേ നടപടി എത്തിയിട്ടുള്ളു. കയറിക്കിടക്കാൻ ഒരു വീട് ആ വസ്തുവിൽ പണിയാൻ വേണ്ടി കിട്ടേണ്ട ബാക്കി 5.8 ലക്ഷം രൂപ ഫണ്ട് അപര്യാപ്തത എന്ന തടസത്തിൽ കുടുങ്ങി കിടക്കുകയാണ്.
ഒഴിഞ്ഞ വസ്തുവിൽ ഷെഡ് കെട്ടി കിടക്കാൻ പോലുമുള്ള സാമ്പത്തിക ശേഷി തങ്ങൾക്കില്ലെന്ന് അവർ പറയുന്നു. കുട്ടികളുമായി ക്യാമ്പുകളിലേക്ക് പോകുന്നതിലെ ബുദ്ധിമുട്ടിനെക്കാൾ ഭേദമാണ് പാതിമുറിഞ്ഞുപോയ തങ്ങളുടെ വീടെന്നും മേരിക്കുട്ടി കൂട്ടിച്ചേർക്കുന്നു. ഷെഡ് കെട്ടി മാറാനുള്ള സഹായമെങ്കിലും അടിയന്തിരമായി കിട്ടിയിരുന്നെങ്കിൽ എന്നാണ് അവർ പ്രതീക്ഷവെച്ച് കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.