കരതൊടാൻ കാര്യക്ഷമമാകണം കടത്തുവള്ളങ്ങൾ
text_fieldsകൊല്ലം: ജില്ലയിലെ വിവിധ ജലാശയങ്ങളുടെ ഇരുകരകളിലെ ആയിരങ്ങൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന സർക്കാർ കടത്തുവള്ളങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാകുന്നില്ലെന്ന് ആക്ഷേപം. പൊതുമരാമത്ത് വകുപ്പിന് കീഴിൽ അഷ്ടമുടി കായൽ, പരവൂർ കായൽ, കല്ലടയാർ എന്നിങ്ങനെ ജില്ലയിലെ വിവിധ ജലാശയങ്ങളിൽ കടത്തുവള്ളങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തിരക്കുള്ള കടവുകളിൽ പോലും ആവശ്യമായ ജീവനക്കാരെ നിയോഗിക്കാതെ സാധാരണക്കാരുടെ ഏക ആശ്രയമായ ഈ ജലഗതാഗത മാർഗത്തെ സ്വകാര്യസംഘങ്ങൾക്ക് തീറെഴുതാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ഉൾപ്പെടെ ആരോപിക്കുന്നു. തുരുത്ത് നിവാസികൾ ഉൾപ്പെടെയായി കൂടുതൽ യാത്രക്കാരുള്ള അഷ്ടമുടി കായലിലെ വിവിധ കടവുകളിൽ കടത്തുവള്ളങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പ്രധാനമായും ആരോപണമുയരുന്നത്.
ജില്ലയിൽ വിവിധ ജലാശയങ്ങളിലായി അഞ്ഞൂറിലധികം കടവുകളാണ് ഉള്ളത്. ഇവിടങ്ങളിലായി 700-750 കടത്തുവള്ളങ്ങളാണ് പ്രവർത്തിക്കുന്നത്. കുരീപ്പുഴ പാണമുക്കം-കോട്ടയത്ത്കടവ് (കടവൂർ പള്ളി), കുരീപ്പുഴ മുസ്ലിം പള്ളി- മാമൂട്ടിൽകടവ്, കണിയാംകടവ്-സാമ്പ്രാണിക്കോടി, കണിയാംകോട്-സെന്റ് ജോർജ് ഐലൻഡ്, മുക്കാട്-ഫാത്തിമ ഐലൻഡ് എന്നിങ്ങനെ തിരക്കേറിയ നിരവധി കടവുകളാണ് അഷ്ടമുടികായലിൽ കൊല്ലം താലൂക്കിൽ മാത്രം ഉള്ളത്. പലയിടത്തും ജലാഗതാഗതം മാത്രമാണ് ആശ്രയം. ഇവയിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള പാണമുക്കം കടവിൽ രണ്ട് വള്ളങ്ങൾ ഉണ്ടായിരുന്നതിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. ഒരു വള്ളത്തിൽ ജീവനക്കാരൻ (ഫെറിമാൻ) ഇല്ലാത്തതിനാൽ പ്രവർത്തിക്കാത്ത സ്ഥിതിയാണ്. രണ്ടാഴ്ചയായി കടുത്ത പ്രതിസന്ധിയാണ് യാത്രക്കാർ നേരിടുന്നത്.
പൊതുമരാമത്ത് വകുപ്പിൽ സ്ഥിരം ജീവനക്കാരായ കടത്തുകാർ ഉണ്ടായിരിക്കെ ഇവിടേക്ക് നിയമനം നടത്താത്തതാണ് ഒരു വള്ളം സർവിസ് നിലക്കാൻ കാരണം. പാണമുക്കം പ്രധാന കടവ് ആയതിനാൽ സ്ഥിരം തസ്തികയിൽ ഉള്ള സീനിയർ ജീവനക്കാരനാണ് ഒഴിവിൽ വരേണ്ടത്. എന്നാൽ, അവിടെ പോസ്റ്റിങ് നടത്തിയിട്ടേയില്ല. ഇതുസംബന്ധിച്ച് പരാതി നൽകിയിട്ട് പോലും ചുമതലയുള്ള എക്സിക്യൂട്ടീവ് എൻജിനീയർ നടപടി എടുക്കുന്നില്ല എന്നാണ് യാത്രക്കാർ ആക്ഷേപമുയർത്തുന്നത്. ഈ സ്ഥിതിയിൽ പരാതി മന്ത്രി ഓഫിസിൽ എത്തിയിരിക്കുകയാണ്. സമാനസ്ഥിതിയാണ് ജില്ലയിൽ മറ്റുപല കടവുകളിലും നേരിടുന്നത്. ജീവനക്കാരില്ലാതെ സർവിസ് മുടങ്ങുമ്പോൾ, പണിയെടുക്കാതെ ജീവനക്കാർക്ക് ശമ്പളം നൽകുന്നു എന്നും പരാതിയുണ്ട്. ഇതിന് പുറമെയാണ് റിട്ടയർമെന്റ് ഒഴിവുവരുന്നിടത്ത് താൽക്കാലിക ജീവനക്കാരെ നിയമിക്കാതെ കടത്തുകൾ നിർത്തലാക്കാനുള്ള ശ്രമവും നടക്കുന്നത്. ക്രമേണ സർക്കാർ കടത്തുവള്ളങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വാട്ടർ ട്രാൻസ്പോർട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപണമുയർത്തുന്നത്.
ജലഗതാഗതം മൂന്ന് തരം
സംസ്ഥാനത്ത് മൂന്ന് തരത്തിലാണ് ജലഗതാഗതം പ്രവർത്തിക്കുന്നത്. ജലഗതാഗത വകുപ്പ് ആണ് ആദ്യ വിഭാഗം കൈകാര്യം ചെയ്യുന്നത്. ഇതിലാണ് സർക്കാരിന്റെ സർവിസ് ബോട്ടുകൾ വരുന്നത്. രണ്ടാം വിഭാഗത്തിൽ വിവിധ കടത്തുകളിലെ ജങ്കാർ സർവിസുകളാണ് ഉള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ് ആണ് ജങ്കാർ സർവിസുകൾ കൈകാര്യം ചെയ്യുന്നത്. മൂന്നാം വിഭാഗമാണ് സർക്കാർ കടത്തുവള്ളങ്ങൾ. പൊതുമരാമത്ത് വകുപ്പിന്റെ റോഡ്സ് വിഭാഗമാണ് കടത്തുവള്ളങ്ങളുടെ ചുമതലക്കാർ. രണ്ട് കരകൾ തമ്മിൽ ബന്ധിപ്പിച്ച് പാലം നിർമിക്കുന്നത് വരെ അവിടത്തെ ജനങ്ങൾക്ക് ഗതാഗത സൗകര്യം ഒരുക്കുക എന്ന ഉത്തരവാദിത്വത്തിന്റെ പുറത്താണ് കടത്തുവള്ളങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്നത്. വകുപ്പ് പാലം നിർമിച്ചാൽ, കടത്ത് അവസാനിപ്പിക്കും. ഓലയിൽകടവ്, വെങ്കേക്കര എന്നീ കടവുകൾ അഷ്ടമുടിയിൽ പാലം നിർമിച്ചതോടെ കടത്ത് അവസാനിച്ച കടവുകളാണ്.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരയാണ് സർക്കാർ കടത്തുവള്ളങ്ങളുടെ പ്രവർത്തനസമയം, കണിയാംകടവ് പോലുള്ള ചില പ്രത്യേക കടവുകളിൽ 24 മണിക്കൂറും സർവിസ് ഉണ്ട്. യന്ത്രം ഘടിപ്പിച്ചതോ തുഴയുന്നതോ ആയിരിക്കും സർക്കാർ കടത്തുവള്ളങ്ങൾ. 2008ന് മുമ്പ് വരെ പി.എസ്.സി വഴി ഫെറിമാൻ തസ്തികയിൽ ആളെ എടുത്തിരുന്നു. എന്നാൽ, അത് നിർത്തലാക്കിയതോടെ താൽക്കാലികക്കാരെ ദിവസവേതന അടിസ്ഥാനത്തിൽ ആണ് നിയമിക്കുന്നത്. ഇത്തരം താൽക്കാലിക കടത്തുകാർക്ക് 21000 രൂപ വരെയാണ് ശമ്പളം. സ്ഥിരം ജീവനക്കാർക്ക് ഗ്രേഡ് അനുസരിച്ച് വൻ ശമ്പളമാണ് നൽകുന്നത്. താൽക്കാലികക്കാർക്ക് 75 വയസുവരെയോ ആരോഗ്യക്ഷമത അനുസരിച്ചോ ആണ് വിരമിക്കൽ വരുന്നത്.
എന്തുകൊണ്ട് സർക്കാർ വള്ളം
സുരക്ഷിതത്വം തന്നെയാണ് സർക്കാർ വള്ളങ്ങളെ വിശ്വസിച്ച് ആശ്രയിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്. കൃത്യമായ ഫിറ്റ്നസ്, ലൈസൻസ് രേഖകൾ ഉള്ള കടത്തുവള്ളങ്ങൾ വേറെയില്ല. ആറുമാസങ്ങൾ കൂടുമ്പോൾ വള്ളങ്ങളുടെ സുരക്ഷ പരിശോധന നടത്തുന്നുണ്ട്. പൊതുമരാമത്ത് നിയോഗിക്കുന്ന ലൈസൻസും കൃത്യമായിരിക്കും. മറ്റൊരു പ്രധാന ആകർഷണം ഈ കടത്തുവള്ളങ്ങൾ പൂർണമായും സൗജന്യമാണ് എന്നതാണ്. ജലഗതാഗത ബോട്ടുകളിൽ ടിക്കറ്റ് ഉണ്ട്. ജങ്കാർ സർവിസിലും കരാറുകാർ പണം ഈടാക്കും. എന്നാൽ, സർക്കാർ കടത്തുവള്ളങ്ങൾ പണം ഈടാക്കാതെയാണ് പ്രവർത്തിക്കുന്നത്.
സ്വകാര്യ വള്ളങ്ങൾക്ക് വഴിയൊരുക്കും
സർക്കാർ കടത്തുവള്ളങ്ങൾ ഇല്ലാതാകുമ്പോൾ അവിടങ്ങളിലെ നാട്ടുകാർക്ക് ഏക ആശ്രയം സ്വകാര്യ കടത്തുവള്ളങ്ങളാകും. ലൈസൻസ് ഉൾപ്പടെ യാതൊരു സുരക്ഷിതത്വവും ഉറപ്പുവരുത്താൻ കഴിയാത്ത അത്തരം വള്ളങ്ങൾ അപകടങ്ങൾക്ക് വഴിവെക്കുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. സൗജന്യ സർക്കാർ സർവിസിന്റെ സ്ഥാനത്ത് വലിയ യാത്രാക്കൂലി മുടക്കേണ്ടിവരും. സ്വകാര്യവള്ളക്കാർ ലാഭം നോക്കി ആളുകളെ കുത്തിനിറച്ച് പോകുന്നത് അപകടങ്ങളിലേക്ക് നയിക്കും. പാണമുക്കത്ത് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്വകാര്യവള്ളം മറിഞ്ഞ് ജീവനുകൾ നഷ്ടപ്പെട്ട സംഭവവുമുണ്ട്. വിനോദസഞ്ചാരികൾ ഉൾപ്പെടെ ചൂഷണം ചെയ്യപ്പെടും.
തീരപ്രദേശങ്ങളിലെ യാത്ര സുരക്ഷിതമാക്കണം
സർക്കാർ കടത്തു വള്ളങ്ങൾ കാര്യക്ഷമമായി സർവീസ് നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്.സുരക്ഷിതമായ പൊതുമരാമത്ത് വകുപ്പ് കടത്തുവള്ളങ്ങൾ ഇല്ലാതായാൽ ഗത്യന്തരമില്ലാതെ സ്വകാര്യവള്ളങ്ങളെ ആശ്രയിക്കേണ്ടി വരും. ഇവ ലൈസൻസ് ഇല്ലാത്തവയും, വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തവയും ആണ്. നിലവിൽ രണ്ട് വള്ളങ്ങൾ ഉണ്ടായിരുന്നവ ഒരെണ്ണമായും ഒരെണ്ണം ഉണ്ടായിരുന്നിടത്ത് ഒന്നുമില്ലാത്തതുമായ സ്ഥിതിയാണ്. ആവശ്യമായ ഫെറിമാൻ നിയമനം നടത്തി തീരപ്രദേശങ്ങളിലെ വിദ്യാർഥികളടക്കമുള്ള യാത്രക്കാരുടെ യാത്ര സുരക്ഷിതമാക്കാൻ വേണ്ട നടപടി സത്വരമായി സ്വീകരിക്കണം.
വാട്ടർ ട്രാൻസ്പോർട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.