ഉടമയും കുടുംബവും ക്വാറൻറീനിൽ; അലങ്കാര മത്സ്യവിൽപനശാലയിൽ മോഷണം
text_fieldsഇരവിപുരം: വിധവയായ വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള അലങ്കാര മത്സ്യവിൽപനശാലയിൽ മോഷണം. രണ്ടു ലക്ഷത്തോളം രൂപയുടെ മത്സ്യങ്ങളും അനുബന്ധ സാധനങ്ങളും മോഷ്ടിക്കപ്പെട്ടു. വീടിനുമുകളിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന അലങ്കാരമത്സ്യങ്ങളാണ് മോഷണം പോയത്. കുടുംബം കോവിഡ് ബാധിതരായി ക്വാറൻറീനിൽ കഴിഞ്ഞുവരവെയാണ് മോഷണം.
ഇരവിപുരം ജോളി ജങ്ഷനു സമീപം ശരവണ നഗർ 97ൽ ലക്ഷ്മി വിലാസത്തിൽ ശോഭയുടെ ഉടമസ്ഥതയിലുള്ള ചന്ദ്രൂട്ടൻസ് അക്വേറിയത്തിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വീടിനുമുകളിൽ സൂക്ഷിച്ചിരുന്ന അലങ്കാരമത്സ്യങ്ങൾ മോഷണം പോയത്. ഞായറാഴ്ച രാവിലെ മീനുകൾക്ക് തീറ്റ നൽകാൻ എത്തിയപ്പോഴാണ് മോഷണവിവരം വീട്ടുകാർ അറിയുന്നത്. അലങ്കാര മത്സ്യങ്ങൾ, ഗ്ലാസ് ബൗളുകൾ, ഫിഷ് ടാങ്ക് ടോപ്പുകൾ, ഫിഷ് ഫുഡ് എന്നിവയാണ് മോഷണം പോയത്.രണ്ടാഴ്ച മുമ്പ് വിൽപനക്കായിെവച്ചിരുന്ന നാല് മുയലുകളും ശോഭയുടെ വീട്ടിൽ നിന്ന് മോഷണം പോയിരുന്നു. വർഷങ്ങൾക്കുമുമ്പ് കാൻസർ ബാധിതനായി ഭർത്താവ് മരിച്ച ശോഭ ഒന്നരവർഷം മുമ്പാണ് ഉപജീവനത്തിനായി അലങ്കാരമത്സ്യങ്ങളുടെ വിൽപന ആരംഭിച്ചത്.
ഇതുവഴി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ശോഭയും മൂന്ന് വയോധികരും ഏഴു വയസ്സുള്ള മകനും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. മത്സ്യം നഷ്ടമായതോടെ ഇവരുടെ ജീവനോപാധി നിലച്ച അവസ്ഥയിലാണ്. ക്വാറൻറീനിലായതിനാൽ പൊലീസ് സ്റ്റേഷൻ നേരിട്ടെത്തി പരാതി നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.കഴിഞ്ഞ കുറച്ചുനാളുകളായി ഈ പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യവും മോഷണവും പതിവായിരിക്കുകയാണ്.
മാസങ്ങൾക്കുമുമ്പ് ജോളി ജങ്ഷനിലെ കൊച്ചു മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തിലെ വിഗ്രഹത്തിലെ സ്വർണ താലിയും സ്വർണപൊട്ടുകളും മോഷണം പോയിരുന്നു. സമീപത്തെ തടിമില്ലിൽനിന്ന് വിറകുകളും മോഷണം പോയിരുന്നു. വീടുകളുടെ മുന്നിൽ െവച്ചിരിക്കുന്ന ബൈക്കുകളിൽ നിന്ന് പെട്രോൾ ഊറ്റിക്കൊണ്ടുപോകുന്നതും പതിവാണ്. മോഷണവും സാമൂഹികവിരുദ്ധരുടെ ശല്യവും തടയുന്നതിനായി പൊലീസിെൻറ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വീട്ടില്‍നിന്ന് പണം മോഷ്ടിച്ചതായി പരാതി
ചവറ: ആളില്ലാതിരുന്ന വീട്ടില്‍നിന്ന് 2,20,000 രൂപയും രേഖകളും കവര്‍ന്നതായി പരാതി. നീണ്ടകര മുസ്ലിയാര് റോഡില്‍ അമ്പലത്തില്‍ പടീറ്റതില്‍ സെബാസ്റ്റ്യന്‍ പത്രോസിെൻറ വീട്ടില്‍നിന്നാണ് പണം മോഷണം പോയതായി കാണിച്ച് ചവറ പൊലീസില്‍ പരാതി നല്‍കിയത്. സെബാസ്റ്റ്യനും ഭാര്യയും കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്ത് ബന്ധുവിെൻറ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ ഇവരുടെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാത്രി സെബാസ്റ്റ്യന്‍ പത്രോസിെൻറ മാതാവ് കിടക്കുന്നത് സമീപത്തുള്ള ബന്ധുവീട്ടിലാണ്. പതിവുപോലെ ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് വീടിെൻറ പിറകുവശത്തെ വാതില്‍ തുറന്നുകിടക്കുന്നതും അകത്തെ അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലും കണ്ടത്.
പോരുവഴിയിലെ മോഷണം; പ്രതി പിടിയിലായതായി സൂചന
ശാസ്താംകോട്ട: പോരുവഴിയിലെ വീടുകളില്‍ കവര്‍ച്ച നടത്തി ആറര പവനും 5000 രൂപയും കവര്‍ന്ന കേസിലെ പ്രതി കസ്റ്റഡിയിലായതായി സൂചന.നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ശൂരനാട് സ്വദേശിയായ മോഷ്ടാവാണ് പിടിയിലായതെന്നാണ് സൂചന. സി.സി.ടി.വി ദൃശ്യത്തിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. പോരുവഴി വടക്കേമുറി കലതിവിള പടിഞ്ഞാറ്റതില്‍ സോമരാജെൻറ വീട്ടില്‍ നിന്നാണ് ആറരപവന്‍ സ്വര്‍ണവും പണവും കവര്‍ന്നത്. പോരുവഴി നടുവിലേമുറി ശ്രീഭവനിൽ ശങ്കരപ്പിള്ളയുടെ വീട്ടിൽനിന്ന് മൂന്ന് പഴ്സുകൾ എടുത്തുകൊണ്ടുപോയി. ഒരു പഴ്സിൽ ഉണ്ടായിരുന്ന അയ്യായിരത്തോളം രൂപ അപഹരിച്ചു. തൊട്ടടുത്ത വീടായ പടിഞ്ഞാറേവീട്ടിൽ തെക്കതിൽ രാധാകൃഷ്ണപിള്ളയുടെ വീട്ടിലും വയണവിള വീട്ടിൽ ജോണിെൻറ വീട്ടിലും മോഷണശ്രമം നടത്തിയിരുന്നു. വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.