പദ്ധതി കാലഹരണപ്പെട്ടു; പുനർനിർമിക്കണം
text_fieldsകരുനാഗപ്പള്ളി: ലക്ഷംവീട് കോളനി പദ്ധതിയിൽ കരുനാഗപ്പള്ളി മേഖലയിലെ എല്ലാ പഞ്ചായത്തുകളും ഗുണഭോക്താക്കളായിരുന്നു. ആലപ്പാട് പഞ്ചായത്തിൽ ഒന്നും കരുനാഗപ്പള്ളി നഗരസഭയിൽ ഒന്നും കുലശേഖരപുരം പഞ്ചായത്തിൽ ആറും തൊടിയൂർ പഞ്ചായത്തിൽ അഞ്ചും തഴവ പഞ്ചായത്തിൽ നാലും വീതം ലക്ഷംവീട് കോളനികളാണ് ഉണ്ടായിരുന്നത്. ഇതിൽ ആലപ്പാട് പഞ്ചായത്തിലുണ്ടായിരുന്ന ലക്ഷംവീട് കോളനി 2004ൽ ഉണ്ടായ സ നാമി ദുരന്തത്തെ തുടർന്ന് പൂർണമായും തകർന്നു. മറ്റ് പഞ്ചായത്തുകളിൽ ലക്ഷംവീടുകൾ നാമമാത്രമായി അവശേഷിക്കുന്നുവെങ്കിലും ഭൂരിഭാഗം വീടുകളും നവീകരിച്ചതോടെ പ്രദേശത്തിന്റെ മുഖം തന്നെ മാറി.
1972ൽ ഗുണഭോക്താക്കളായ മേഖലയിലെ കുടുംബങ്ങളിൽ 75 ശതമാനത്തിലധികംപേരും ഇതിനകം വീട് കൈമാറ്റം ചെയ്തിട്ടുണ്ട്.
പിന്നാക്ക വിഭാഗങ്ങൾക്ക് നൽകിയ ലക്ഷംവീട് കോളനികളിൽ ഇപ്പോൾ പൊതുവിഭാഗത്തിലുള്ളവരാണ് താമസമുറപ്പിച്ചിട്ടുള്ളത്. കാലാനുസൃതമായ നവീകരണത്തിനോ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനോ പിന്നീട് മാറി മാറി വന്ന സർക്കാരുകൾ സഹായിക്കാതിരുന്നതാണ് ലക്ഷംവീട് കൈമാറ്റം ചെയ്യുന്നതിന് കാരണമായതെന്നാണ് അവശേഷിക്കുന്നവർ പറയുന്നത്.
അതേസമയം, വലിയൊരു വിഭാഗത്തിന് സാമൂഹിക പുരോഗതിയിലേക്കുള്ള അടിത്തറപാകാനും ആ വീടുകൾക്ക് കഴിഞ്ഞു.
കരുനാഗപ്പള്ളി മേഖലയിലെ ഒരു ലക്ഷം വീട് കോളനിക്ക് ഒരു പൊതുകിണർ വീതമാണ് സർക്കാർ നിർമിച്ച് നൽകിയത്. പിന്നീട് കാലാനുസൃതമായി ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെ വേനൽക്കാലത്ത് കിണറുകൾ ഉപയോഗശൂന്യമായി.
കോളനികളിൽ കുടിവെള്ള പ്രശ്നം വർഷങ്ങളായുണ്ട്. വിവിധ ചെറുകിട ജലസേചന പദ്ധതികൾ ഓരോ പ്രദേശത്തും വിവിധ കാലങ്ങളിൽ നടപ്പാക്കിയെങ്കിലും ഇതൊന്നും ഫലംകണ്ടില്ല. കുലശേഖരപുരം, തൊടിയൂർ, തഴവ മേഖലകളിലാണ് കുടിവെള്ളക്ഷാമം ഏറ്റവും കൂടുതൽ രൂക്ഷമായിട്ടുള്ളത്. വേനൽ കാലത്ത് ടാങ്കറുകളിലെത്തിക്കുന്ന പരിമിതമായ വെള്ളം മാത്രമാണ് ഇവർക്ക് ആശ്രയമാകുന്നത്.
ശൗചാലയങ്ങൾ, കോളനിയോട് ചേർന്നുള്ള അഴുക്കുചാലുകൾ എന്നിവ നവീകരിക്കുന്നതിലും അധികൃതർ തികഞ്ഞ അനാസ്ഥയാണ് തുടരുന്നത്.
നിലനിൽക്കുന്ന ലക്ഷംവീട് കോളനികൾ പൂർണമായും പൊളിച്ചുനീക്കി വാസയോഗ്യമായ പുതിയ കെട്ടിടങ്ങൾ നിർമിച്ച് നൽകണമെന്ന ആവശ്യവും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.