മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന ചോദ്യം പരിഹാസ്യം -യെച്ചൂരി
text_fieldsകൊല്ലം: കേരള മുഖ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്യാത്തതെന്താണെന്ന കോൺഗ്രസ് നേതാക്കളുടെ ചോദ്യം പരിഹാസ്യമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൊല്ലത്ത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളെല്ലാം മോദി സർക്കാറിന്റെ രാഷ്ട്രീയ ആയുധങ്ങളായി പ്രവർത്തിക്കുകയാണ്. എന്നാൽ, കേരളത്തിൽ വന്നപ്പോൾ യു.ഡി.എഫ് നേതാക്കൾ രാജ്യം നേരിടുന്ന പ്രശ്നങ്ങൾ സംസാരിക്കുന്നത് പകരം ഇടതുപക്ഷത്തെയും നേതാക്കളെയും ലക്ഷ്യം വെക്കുകയാണ്.
ഇതു ജനാധിപത്യപരമായ ചിന്തയിൽനിന്ന് ഉണ്ടാകുന്നതല്ല. അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ജയിലിൽ കിടന്നതാണ്. ആരും തിരിച്ച് ഇന്ദിര ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ബി.ജെ.പിയോട് ഇടതുപാർട്ടികൾക്ക് മൃദുസമീപനം എന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ്. ആർ.എസ്.എസ് കാണുന്ന മൂന്ന് ആഭ്യന്തര ശത്രുക്കളിൽ ഒന്ന് കമ്യൂണിസ്റ്റുകാരാണ്.
കോൺഗ്രസ് ബി.ജെ.പിയെ എതിർക്കുന്നുണ്ടോ? ഡൽഹിയിൽ ബി.ജെ.പിയെ വിശേഷിപ്പിക്കുന്നത് പുതിയ കോൺഗ്രസ് എന്നാണ്. അത്രയധികം നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ എതിർത്തത് ഇടതുപാർട്ടികളാണ്. കോൺഗ്രസ് ഉൾപ്പെടെ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികൾ എതിർക്കുന്നുണ്ടോ? ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോൾ അവിടത്തെ രാഷ്ട്രീയ നേതാക്കളെ ജയിലിൽ അടച്ചതിനെതിരെ സി.പി.എമ്മാണ് കോടതിയെ സമീപിച്ചത്. ബിൽക്കീസ് ബാനു കേസിൽ കുറ്റവാളികളെ വെറുതെ വിട്ടതിനെതിരെ കോടതിയിൽ പോയ പരാതിക്കാരിലൊന്ന് സി.പി.എം ആയിരുന്നു.
ഒടുവിൽ ബിൽക്കീസ് ബാനുവിന് നീതി ലഭിച്ചു. എന്തുകൊണ്ടാണ് അതൊന്നും കോൺഗ്രസ് ചെയ്യാതിരുന്നത്? കോൺഗ്രസ് നേതാവിനെ പാർലമെന്റിൽനിന്ന് സസ്പെൻഡ് ചെയ്തപ്പോൾ തങ്ങൾ പിന്തുണയുമായെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം. മുകേഷ്, മന്ത്രി കെ.എൻ. ബാലഗോപാൽ, കെ. രാജു, എം. നൗഷാദ് എം.എൽ.എ, കെ. വരദരാജൻ, എക്സ്. ഏണസ്റ്റ് എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.