ഫലം മാറിയില്ല; പക്ഷേ, പലതും മാറി
text_fieldsകൊല്ലം: ഇളക്കംതട്ടാതെ ഇടതിെൻറ ഉരുക്കുകോട്ടയായി മാറിയ കൊല്ലത്ത് ഇക്കുറിയും ഫലം മറ്റൊന്നായില്ല. കരുത്തിൽനിന്ന് കൂടുതൽ കരുത്തായി ഇടതുകാറ്റ് ആഞ്ഞുവീശിയപ്പോൾ കോർപറേഷനിലും ജില്ല പഞ്ചായത്തിലും മൃഗീയ ഭൂരിപക്ഷത്തിൽ തുടർഭരണം.
ചെങ്കോട്ട തകർക്കാനുള്ള അടവുകളെല്ലാം പയറ്റിയ കോൺഗ്രസിന് സ്വന്തം സീറ്റുകൾപോലും നിലനിർത്താനായില്ല. അപ്രതീക്ഷിത ഞെട്ടലിൽ യു.ഡി.എഫ് ക്യാമ്പ് നിൽക്കുമ്പോൾ സാന്നിധ്യം അറിയിച്ചും കോർപറേഷനിൽ കരുത്ത് തെളിയിച്ചും എൻ.ഡി.എ കൂടുതൽ ശക്തരായി. യു.ഡി.എഫ് വോട്ടുകൾ ഏതിടത്തേക്കാണ് മറിഞ്ഞതെന്ന ചോദ്യം വരുംദിവസം മുന്നണിയിൽ ചൂടേറിയ ചർച്ചയാകും.
ഒരാഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ ബുധനാഴ്ച രാവിലെ മുതൽ കൗണ്ടിങ് സ്റ്റേഷന് മുന്നിലേക്ക് പ്രവർത്തകരുടെ ഒഴുക്കായിരുന്നു. രാവിലെ എട്ടോടെ പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങി ആദ്യ ഫല സൂചനകൾ വന്നതുമുതൽ ആർപ്പുവിളികളുമായി പാർട്ടി പ്രവർത്തകർ വോെട്ടണ്ണൽ കേന്ദ്രത്തിന് പുറത്തെ റോഡിൽ ഒത്തുകൂടി. വോട്ടിങ് യന്ത്രത്തിൽ നിന്നുള്ള ഫലങ്ങൾ പുറത്തുവരാൻ തുടങ്ങിയതോടെ യു.ഡി.എഫ് ക്യാമ്പിൽ മ്ലാനത പരന്നു. കൊല്ലം ബോയ്സ് എച്ച്.എസ്.എസിനുള്ളിലുണ്ടായിരുന്നവരും പുറത്തുള്ളവരും പതുക്കെ പിൻവലിഞ്ഞു.
പ്രതീക്ഷിച്ചതിലും കൂടുതൽ കിട്ടിയ സന്തോഷത്തിൽ ബി.ജെ.പി പ്രവർത്തകരുടെ ഒഴുക്കുതുടങ്ങി. തങ്ങളുടെ സീറ്റ് നിലനിർത്തുമെന്ന് ഉറപ്പായതോടെ എസ്.ഡി.പി.ഐ പ്രവർത്തകരും ആഘോഷവുമായെത്തി. തുടക്കം മുതൽ ലീഡ് നില കൃത്യമായി ഉയർത്തിയ ഇടതുമുന്നണി പ്രവർത്തകർ ആഘാഷത്തിനുള്ള കോപ്പുകൂട്ടുകയായിരുന്നു.
ഫൈനൽ റൗണ്ടിലേക്ക് വോട്ടെണ്ണൽ പുരോഗമിക്കമേ വോെട്ടണ്ണൽ കേന്ദ്രത്തിെൻറ പുറത്തും റോഡുകളിലെല്ലാം ചെങ്കൊടിയേന്തിയ പ്രവർത്തകർ നിറഞ്ഞുകവിഞ്ഞു. റോഡ്ഷോ നടത്തിയും ചെണ്ടമേളങ്ങളുമായി പ്രവർത്തകർ ആഹ്ലാദനൃത്തം തുടങ്ങി. പ്രതീക്ഷിച്ച വിജയമാണ് ലഭിച്ചതെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. അതേസമയം, എൽ.ഡി.എഫിന് ഉറച്ച മൂന്നു സീറ്റുകളിൽ എൻ.ഡി.എ വിജയം നേടിയത് അണികളെ ഞെട്ടിച്ചു. സി.പി.ഐ കോട്ടയായ കടപ്പാക്കടയിൽ സ്ഥാനാർഥി നിർണയം മുതൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
അന്തിമഫലം വന്നപ്പോൾ നാടാടെ ബി.ജെ.പി വിജയം കൊയ്തു. മുൻ മുനിസിപ്പൽ ചെയർമാനായിരുന്ന ഉളിയക്കോവിൽ ശശിയുടെ തോൽവിയിൽ സി.പി.ഐ നേതൃത്വം ഞെട്ടലിലാണ്. വിജയം ഉറപ്പാണെന്ന നിലയിൽ മുന്നേറിയ ഇവിടെ ബി.ജെ.പി ഞെട്ടിക്കുന്ന വിജയം സ്വന്തമാക്കി. ആശ്രാമത്തെ സി.പി.എം സിറ്റിങ് സീറ്റും ബി.ജെ.പി പിടിച്ചെടുത്തു. തിരുമുല്ലവാരത്തെ ബി.ജെ.പി സിറ്റിങ് സീറ്റ് സി.പി.എം പിടിച്ചതാണ് ആശ്വാസം.
യു.ഡി.എഫ് പാളയത്തിൽ സ്ഥിതി ദയനീയമാണ്. മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ ഡോ.ഉദയ കരുമാലിൽ സുകുമാരൻ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. മുൻ കൗൺസിലർ ജി. മുരളീബാബു കാവനാട്ട് മത്സരിച്ചെങ്കിലും റിബലിന് പിന്നിൽ നാലാംസ്ഥാനത്തായി. സിറ്റിങ് കൗൺസിലർ എസ്.ആർ. ബിന്ദു റിബലായി മത്സരിച്ച പാലത്തറയിൽ ബി.ജെ.പി നേട്ടം കൊയ്തു. ഒന്നിലധികം സീറ്റ് നേടുമെന്ന് പ്രതീക്ഷിച്ച മുസ്ലിം ലീഗ് സംപൂജ്യരായി.
കൈയാലയ്ക്കലിൽ വിജയപ്രതീക്ഷ നൽകി ലീഡ് നിലയിൽ ഇടക്ക് മുന്നേറിയെങ്കിലും അന്തിമഫലം വന്നപ്പോൾ സി.പി.എം നേടി. വാളത്തുംഗലിൽ എൻ.ഡി.എ സ്ഥാനാർഥിയാണ് തുടക്കംമുതൽ ലീഡ് നിലനിർത്തിയത്. അവസാന വോട്ടെണ്ണുംവരെ ഉദ്വേഗം നിറഞ്ഞ ഇവിടെ എൽ.ഡി.എഫ് ജയിച്ചപ്പോൾ രണ്ടാംസ്ഥാനത്തേക്ക് മുസ്ലിം ലീെഗത്തി. ആലാട്ടുകാവിലും ഫോട്ടോഫിനിഷായിരുന്നു. അവസാന റൗണ്ടായപ്പോൾ 10 വോട്ട് ലീഡിലേക്കെത്തിയ ബി.ജെ.പി സ്ഥാനാർഥി വോട്ടെണ്ണൽ പൂർത്തിയായപ്പോൾ നാല് വോട്ടിന് തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.