ദേശീയപാത നിർമാണത്തിന് കരുത്തായി അഷ്ടമുടിയുടെ മണ്ണ്
text_fieldsകൊല്ലം: അഷ്ടമുടി കായലിലെ മണ്ണിന്റെ കരുത്തിൽ ദേശീയപാതയൊരുങ്ങുന്നു. ദേശീയ ജലപാതയുടെ ഭാഗമായ അഷ്ടമുടി കായലിലെ നീണ്ടകര, കാവനാട് മേഖലകളിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും ഡ്രഡ്ജ് ചെയ്ത് എടുക്കുന്ന മണ്ണ് (സ്പോയിൽ) ഉപയോഗിച്ചാണ് ദേശീയപാത നിർമാണം പുരോഗമിക്കുന്നത്. സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിലൂടെ അനുമതി നൽകിയതിനെ തുടർന്ന് മേയ് മുതലാണ് അഷ്ടമുടിക്കായലിലെ മണ്ണ് ഡ്രഡ്ജിങ് ആരംഭിച്ചത്. ആഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം 18000 ക്യുബിക് മീറ്റർ മണ്ണ് കായലിൽനിന്ന് എടുത്തു.
ദേശീയപാത കാവനാട്-കടമ്പാട്ടുകോണം റീച്ചിൽ നിർമാണത്തിന് ഉപയോഗിക്കുന്നതിന് മണ്ണെടുക്കാൻ കരാർ കമ്പനിയായ ശിവാലയക്കാണ് സർക്കാർ അനുമതി നൽകിയത്.സാധാരണ നിർമാണത്തിന് ഉപയോഗിക്കാൻ കഴിയാത്ത കക്കപൊടിയും മാലിന്യവും ഉൾപ്പെടെ നിറഞ്ഞ സ്പോയിൽ മണ്ണാണ് കായലിലേത്. അതിനാൽ ദേശീയപാതയിലെ മൺപാലങ്ങളുടെ നിർമാണത്തിൽ ഫില്ലിങ് സാൻഡായി ഉപയോഗിക്കുന്നതിന് വേണ്ടി അടക്കേണ്ടിയിരുന്ന ലക്ഷങ്ങൾ ഒഴിവാക്കി സൗജന്യമായി മണ്ണ് നൽകുകയായിരുന്നു. കൊട്ടിയം, മേവറം മേഖലകളിൽ മൺമേൽപാലങ്ങൾ നിർമിക്കുന്നതിന് തറ നിരത്തുന്നതിനാണ് ഈ മണ്ണ് ആദ്യഘട്ടത്തിൽ ഉപയോഗിച്ചുതുടങ്ങിയത്. ബാക്കി അയത്തിൽ, കാവനാട് എന്നിവിടങ്ങളിൽ കമ്പനി ശേഖരിക്കുകയാണ്.
അഷ്ടമുടിക്കായലിൽ നീണ്ടകര, കാവനാട് മേഖലയിൽ 31 കിലോമീറ്ററോളം ദൂരത്തിൽ രണ്ട് ലക്ഷം ക്യുബിക് മീറ്റർ മണ്ണ് വരെയാണ് ഡ്രഡ്ജ് ചെയ്യുന്നതിന് അനുമതിയുള്ളത്. ജലനിരപ്പിൽനിന്ന് മൂന്നര മീറ്റർ ആഴത്തിൽ വരെയാണ് മണ്ണ് ഡ്രഡ്ജ് ചെയ്യേണ്ടത്. മണ്ണിന്റെ അളവ് നിർണയിക്കുന്നതിനുള്ള ഹൈഡ്രോ ഗ്രാഫിക് സർവേ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഡ്രഡ്ജിങ് ആരംഭിച്ചത്. കൂടാതെ മണ്ണിന്റെ ഗുണനിലവാര പരിശോധനയും കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പൂർത്തിയാക്കിയിരുന്നു.
ഇൻലാൻഡ് നാവിഗേഷൻ വകുപ്പ്, ജിയോളജി വകുപ്പ്, ദേശീയപാത അതോറിറ്റി എന്നിവയുടെ മേൽനോട്ടത്തിലാണ് കരാർ കമ്പനിയുടെ ചെലവിൽ ഡ്രഡ്ജിങ് നടത്തുന്നത്. ദേശീയപാത അതോറിറ്റിയും ജിയോളജി വകുപ്പുമാണ് മണ്ണിന്റെ അളവ് സർട്ടിഫൈ ചെയ്ത് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിനെ അറിയിക്കുന്നത്.
2025 ഡിസംബർ വരെയാണ് കരാർ കാലാവധി. ഡ്രഡ്ജിങ് പൂർത്തിയായതിന് ശേഷം മണ്ണ് എടുത്തതിന്റെ അളവ് വ്യക്തമാകാൻ വീണ്ടും ഹൈഡ്രോ ഗ്രാഫിക് സർവേ നടത്തും. കാവനാട്-ഓച്ചിറ റീച്ചിൽ നിർമാണം നടത്തുന്ന വിശ്വസമുദ്ര കമ്പനിക്ക് ദളവാപുരം, സാമ്പ്രാണിക്കോടി മേഖലയിൽ ഡ്രഡ്ജിങ് നടത്തുന്നതിന് കരാർ ആയെങ്കിലും ഡ്രഡ്ജിങ് ആരംഭിച്ചിട്ടില്ല. ദേശീയ ജലപാതയിൽ മണ്ണ് അടിഞ്ഞുകിടക്കുന്നത് ഈ ഡ്രഡ്ജിങ്ങിലൂടെ സൗജന്യമായി നീക്കം ചെയ്യപ്പെടുന്നുവെന്നതും സർക്കാർ ഉപയോഗപ്രദമായി കാണുന്നുണ്ട്.
കായലിൽനിന്ന് മണ്ണ് ഡ്രഡ്ജ് എടുക്കുന്നതിന് തന്നെ മണ്ണിന്റെ വിലയെക്കാൾ ചെലവ് വരുന്നുണ്ട്. ജലപാതയിൽനിന്ന് ഇത്തരത്തിൽ മണ്ണ് എടുക്കുന്നതിനുള്ള അനുമതി തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാറിന് അപേക്ഷ ലഭിച്ചിട്ടുണ്ട്. ഈ അപേക്ഷകളിൽ അനുമതിയായിട്ടില്ല. നിലവിൽ ശിവാലയ കമ്പനി പരവൂർ കായലിൽ താന്നി, പൊഴിക്കര മേഖലകളിൽ ഡ്രഡ്ജിങ് നടത്തുന്നതിനുള്ള അനുമതിയും തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.