ദേശീയപാതയൊരുക്കാൻ അഷ്ടമുടിക്കായലിലെ മണ്ണ് സൗജന്യമായി നൽകും
text_fieldsകൊല്ലം: അഷ്ടമുടിക്കായലിൽ ദേശീയജലപാതയുടെ ഭാഗമായി വരുന്ന മേഖലകളിൽനിന്ന് ഡ്രഡ്ജ് ചെയ്ത് എടുക്കുന്ന മണ്ണ് (സ്പോയിൽ) ദേശീയപാത നിർമാണത്തിന് സൗജന്യമായി നൽകും. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതോടെ കരാർ ഒപ്പിടലും കായലിൽ മണ്ണിന്റെ അളവ് സർവേ ചെയ്യുന്നതും ഉൾപ്പെടെ നടപടികൾ വേഗത്തിലായി. അഷ്ടമുടിക്കായലിൽ ദേശീയജലപാതയുടെ ഭാഗമായ ചവറ മുതലുള്ള മേഖലയിൽനിന്നാണ് മണ്ണ് ഡ്രഡ്ജ് ചെയ്തെടുക്കുന്നത്. മണ്ണ് കൈമാറ്റത്തിന് ദേശീയപാത അതോറിറ്റിയുമായി ഇൻലാൻഡ് നാവിഗേഷൻ വിഭാഗമാണ് കരാർ ഒപ്പിടുന്നത്. കരട് കരാർ തയാറായിക്കഴിഞ്ഞു. ഇൻലാൻഡ് വാട്ടർ അതോറിറ്റിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുന്നത് അനുസരിച്ചാകും അന്തിമ കരാർ ഒപ്പിടുന്നത്. ഉത്തരവ് ഇറങ്ങിയതോടെ കായലിൽനിന്ന് ഡ്രഡ്ജ് ചെയ്ത് എടുക്കാൻ കഴിയുന്ന മണ്ണിന്റെ അളവ് തിട്ടപ്പെടുത്താൻ സർക്കാറിന്റെ ഹൈഡ്രോഗ്രാഫിക് വിഭാഗം സർവേ ആരംഭിച്ചു. ഏതാനും ആഴ്ചകൾക്കകം ഈ സർവേ പൂർത്തിയാകും. രണ്ട് മുതൽ രണ്ടര മീറ്റർ വരെ ആഴത്തിലുള്ള മണ്ണ് ഡ്രഡ്ജ് ചെയ്തെടുക്കാനാവും അനുമതി.
ഡ്രഡ്ജിങ് ചെലവ് ഉൾപ്പെടെ ദേശീയപാത അതോറിറ്റി വഹിക്കുമെന്നതും സൗജന്യമായി നൽകാനുള്ള തീരുമാനത്തിന് കാരണമായി. ഡ്രഡ്ജ് ചെയ്ത് എടുക്കുന്ന സ്പോയിൽ നിർമാണപ്രവൃത്തികൾക്ക് ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ സാമ്പത്തികമൂല്യം ഇല്ലാത്തതാണെന്നതും ദേശീയപാത നിർമാണത്തിന് ഈ മണ്ണ് ഉപയോഗിക്കുന്നതിലൂടെ കുന്നിടിക്കൽ കുറയുമെന്നതും സംസ്ഥാനത്തിന് പ്രയോജനപ്പെടുന്ന ദേശീയ ആസ്തികൾ സൃഷ്ടിക്കാൻ കഴിയുമെന്നതും സർക്കാർ പരിഗണിച്ചു.
ഡ്രഡ്ജ് ചെയ്ത് ലഭിക്കുന്ന മണ്ണ് ദേശീയപാത 66ന്റെ വികസനത്തിന് നൽകണമെന്ന ദേശീയപാത അതോറിറ്റിയുടെയും കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയുടെയും അപേക്ഷ ചൂണ്ടിക്കാട്ടി, പണം ഈടാക്കി മണ്ണ് നൽകാൻ അനുമതി ആവശ്യപ്പെട്ട് 2022ലാണ് കൊല്ലം കലക്ടർ സംസ്ഥാന സർക്കാറിന് കത്ത് നൽകിയത്. തുടർന്ന്, ഉൾനാടൻ ജലഗതാഗതവിഭാഗത്തിന്റെയും കുട്ടനാട് പാക്കേജും ചീഫ് എൻജിനീയറുടെ റിപ്പോർട്ടും അടിസ്ഥാനമാക്കി ഉപാധികളോടെ സർക്കാർ അനുമതി നൽകി.
എന്നാൽ, കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ മണ്ണ് പരിശോധനഫലങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ കായലിലെ മണ്ണിന് ഉപ്പുരസമുള്ളതിനാലും ഷെൽ വസ്തുക്കൾ അടങ്ങിയതിനാലും നിർമാണ പ്രവൃത്തികൾക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തി. ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണ്ണിന് മറ്റ് ആവശ്യക്കാരില്ല എന്നതും പരിഗണിച്ച് ഫില്ലിങ് സാൻഡ് എന്ന നിലയിൽ നിരക്കും അനുബന്ധ ചാർജുകളും ചേർത്ത് ദേശീയപാത അതോറിറ്റിയിൽനിന്ന് തുക ഈടാക്കി മണ്ണ് നൽകാൻ സർക്കാർ നിർദേശിച്ചു. എന്നാൽ, അധിക സാമ്പത്തികഭാരത്തിനിടയാക്കുമെന്ന് കാട്ടി മണ്ണിന്റെ നിരക്കും റോയൽറ്റി, സെനറേജ് ചാർജുകളും ഒഴിവാക്കി നൽകണമെന്ന് കാട്ടി ദേശീയപാത അതോറിറ്റി റീജനൽ ഡയറക്ടർ സർക്കാറിനെ വീണ്ടും സമീപിക്കുകയായിരുന്നു.
ദേശീയപാതനിർമാണത്തിന് മണ്ണ് ലഭിക്കുന്നതിന് ഏറെ പ്രയാസം നേരിടുന്നുണ്ട്. ഡ്രഡ്ജ് ചെയ്ത് കിട്ടുന്ന മണ്ണ് നൽകിയാൽ റോഡ് നിർമാണത്തിന് ഫില്ലിങ്ങിനായി മലകൾ ഇടിച്ച് മണ്ണ് കണ്ടെത്തുന്ന നിലവിലെ രീതി ഒഴിവാക്കാനാകുമെന്നും ഡ്രഡ്ജിങ്ങിലൂടെ അഷ്ടമുടിക്കായലിന്റെ ജലവാഹകശേഷി വർധിക്കുമെന്നും മണ്ണ് സൂക്ഷിക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാമെന്നും ചൂണ്ടിക്കാട്ടി ഉൾനാടൻ ജലഗതാഗതവും കുട്ടനാട് പാക്കേജും ചീഫ് എൻജിനീയറും അനുകൂല ശിപാർശ നൽകി.
മണ്ണിന് വില ഈടാക്കാത്ത പക്ഷം സെനറേജ് ചാർജ് ഒഴിവാക്കാമെന്ന് റവന്യൂവകുപ്പും റോയൽറ്റി ഈടാക്കില്ലെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പും അറിയിച്ചതോടെയാണ് സൗജന്യമായി നൽകാൻ സർക്കാർ അന്തിമ തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറുന്നതോടെ ചവറ, തെക്കുംഭാഗം ഉൾപ്പെടെ ദേശീയജലപാത കടന്നുവരുന്ന അഷ്ടമുടിക്കായൽ മേഖലകളിൽ മണ്ണെടുക്കുന്നത് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.