വിദ്യാർഥിക്ക് അധ്യാപികയുടെ മർദനം; സ്കൂളിൽ പ്രതിഷേധം
text_fieldsഇരവിപുരം: പത്താം ക്ലാസ് വിദ്യാർഥിയെ അധ്യാപിക ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആരോപണ വിധേയയായ അധ്യാപികയെ സ്ഥലം മാറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്ന തീരുമാനത്തിലാണ് പി.ടി.എ. സംഭവമറിഞ്ഞെത്തിയ ജില്ല വിദ്യാഭ്യാസ ഓഫിസറെ പി.ടി.എ.ഭാരവാഹികൾ തടഞ്ഞു. തട്ടാമലയിലെ ഇരവിപുരം ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് വെള്ളിയാഴ്ച പത്താം ക്ലാസ് വിദ്യാർഥിയെ അധ്യാപിക ക്രൂരമായി മർദിച്ചത്.
ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ തലക്കുള്ളിൽ പരിക്കുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അന്നു തന്നെ ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു.
സംഭവമറിഞ്ഞ് ചൈൽഡ് ലൈൻ ഭാരവാഹികളെത്തി കുട്ടിയുടെ മൊഴിയെടുത്തു. തിങ്കളാഴ്ച രാവിലെ സ്കൂളിൽ പി.ടി.എ, മാതൃസംഘടന എന്നിവരും യൂത്ത് കോൺഗ്രസ് നേതാക്കളും പ്രതിഷേധവുമായെത്തതി. തുടർന്ന്ഇരവിപുരം പൊലീസ് സ്ഥലത്തെത്തുകയും, പ്രതിഷേധക്കാരും ഹെഡ്മിസ്ട്രസുമായി സംസാരിക്കുകയും വിഷയം വിദ്യാഭ്യാസ ഡെപ്പൂട്ടി ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന ഉറപ്പിൻമേൽ പ്രതിഷേധം അവസാനിക്കുകയുമായിരുന്നു. ഇതിനിടെ പി.ടി.എക്കെതിരെ അധ്യാപിക അക്കാദമിക് വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലൂടെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് ഭാരവാഹികൾ പ്രതിഷേധവുമായെത്തി.
ജില്ല വിദ്യാഭ്യാസ ഓഫിസർ സ്ഥലത്തെത്തിയിട്ടും പ്രശ്നത്തിന് പരിഹാരം കാണാതെ വന്നതോടെ പി.ടി.എ ഭാരവാഹികളും മാതൃസംഘടനാ ഭാരവാഹികളും തിങ്കളാഴ്ച രാത്രിയിലും സ്കൂളിനുള്ളിൽ പ്രതിഷേധം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.