അഭിഭാഷകനെ മർദിച്ച കേസ്: പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു
text_fieldsകൊല്ലം: കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ കസ്റ്റഡിയിൽ മർദിച്ചെന്ന പരാതിയിൽ സസ്പെൻഡ് ചെയ്ത നാല് പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽ തിരിച്ചെടുത്തു. കരുനാഗപ്പള്ളി ഇൻസ്പെക്ടറായിരുന്ന ജി. ഗോപകുമാർ, എസ്.ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ്.ഐ ടി. ഫിലിപ്പോസ്, സി.പി.ഒ കെ.കെ. അനൂപ് എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ഇതു സംബന്ധിച്ച് ഡി.ജി.പി അനിൽ കാന്തിന്റെ ഉത്തരവ് ചൊവ്വാഴ്ച ഇറങ്ങി.
സെപ്റ്റംബർ അഞ്ചിന് കൊല്ലം ബാറിലെ അഭിഭാഷകനായ പനമ്പിൽ എസ്. ജയകുമാറിനെ കരുനാഗപ്പള്ളി സ്റ്റേഷനിൽ മർദിച്ചെന്നാണ് പരാതിയുയർന്നത്. തുടർന്ന് ഒമ്പതു ദിവസത്തോളം അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. കൊല്ലം കോടതിയിൽ നടന്ന അഭിഭാഷക പ്രതിഷേധത്തിൽ പൊലീസ് ജീപ്പ് തകർക്കുകയും പൊലീസുകാരെ കോടതി മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. നാല് ഉദ്യോഗസ്ഥരെയും ജില്ല ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിട്ടും സസ്പെൻഷൻ എന്ന ആവശ്യത്തിലുറച്ച് അഭിഭാഷകർ പ്രതിഷേധം തുടർന്നു.
മന്ത്രി പി. രാജീവ് ഇടപെട്ട് അഭിഭാഷകരുമായി നടത്തിയ ചർച്ചയിൽ സസ്പെൻഷൻ ഉറപ്പ് നൽകി. സെപ്റ്റംബർ 21ന് നാലുപേരെയും സസ്പെൻഡ് ചെയ്ത് എ.ഡി. ജി.പി വിജയ് സാഖറെ ഉത്തരവിറക്കി. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ദക്ഷിണ മേഖല ഐ.ജിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ഐ.പി.എസ് അസോസിയേഷൻ പ്രതിഷേധമറിയിക്കുകയും നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.