ജലപൂരം ശനിയാഴ്ച
text_fieldsകൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ഫൈനലും ശനിയാഴ്ച. കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം അഷ്ടമുടി കായലിലെ മൂന്ന് ട്രാക്കിലാണ് മത്സരം. ദി റാവീസ് ഹോട്ടലിന് സമീപത്തുനിന്ന് തുടങ്ങി കൊല്ലം ബോട്ടുജെട്ടിവരെ ഒരു കിലോമീറ്റർ ട്രാക്ക് നിർമാണം അന്തിമ ഘട്ടത്തിലാണ്. 2011ൽ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീൽ ഉദ്ഘാടനം ചെയ്ത പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ എട്ടാമത് എഡിഷനാണിത്.
സി.ബി.എൽ ഫൈനലിൽ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുക്കുന്നത്. പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവത്തിൽ 15 വള്ളങ്ങൾ മത്സരിക്കും. വെപ്പ് എ ഗ്രേഡ്, വെപ്പ് ബി ഗ്രേഡ്, ഇരുട്ടുകുത്തി എ ഗ്രേഡ്, ഇരുട്ടുകുത്തി ബി ഗ്രേഡ്, വനിതകളുടെ തെക്കനോടി വിഭാഗങ്ങളിലാണ് മത്സരം. വള്ളങ്ങളുടെ രജിസ്ട്രേഷൻ ബുധനാഴ്ച സമാപിച്ചു.
ഉദ്ഘാടന സമ്മേളനം ഉച്ചക്ക് രണ്ടിന് ആരംഭിക്കും. ജലഘോഷയാത്രക്കുശേഷം ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം. തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ്. ശേഷം ചെറുവള്ളങ്ങളുടെ ഫൈനൽ. ഒടുവിലായി ചാമ്പ്യൻസ് ബോട്ട് ലീഗ് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ. വിജയിക്ക് പ്രസിഡന്റ്സ് ട്രോഫി സമ്മാനിക്കും.
സി.ബി.എൽ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപയാണ് കാഷ് അവാർഡ്. രണ്ടും മൂന്നും സ്ഥാനക്കാർക്ക് 15 ലക്ഷം, 10 ലക്ഷം വീതമാണ് സമ്മാനത്തുക. പ്രത്യേകമായി രൂപകൽപന ചെയ്ത സി.ബി.എൽ ട്രോഫികളും സമ്മാനിക്കും.
സംസ്കാരിക വിളംബര ജാഥ 25ന് വൈകീട്ട് നാലിന് കെ.എസ്.ആർ.ടി.സിക്ക് സമീപത്തുനിന്ന് ആരംഭിച്ച് ചാമക്കട, മെയിൻ റോഡ്, ചിന്നക്കട, ആശ്രാമം ലിങ്ക് റോഡ് വഴി ഡി.ടി.പി.സിക്ക് സമീപം സമാപിക്കും. ജലോത്സവം ജനകീയമാക്കുന്നതിന്‍റെ ഭാഗമായി വ്യാഴാഴ്ച നാലിന് കുരീപ്പുഴ ശ്രീകുമാറിന്റെ നേതൃത്വത്തിൽ കവിയരങ്ങ് നടക്കും. 5.30ന് പ്രഫ. വി. ഹർഷകുമാറിന്‍റെ കഥാപ്രസംഗം: 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ'.
വെള്ളിയാഴ്‌ച നാലിന് കൊല്ലം ശ്രീനാരായണ വനിത കോളജ് അവതരിപ്പിക്കുന്ന ഫ്ലാഷ് മോബും ലഹരിവിരുദ്ധ സന്ദേശമുയർത്തി കുട്ടികളുടെ നൃത്തനൃത്യങ്ങളും നടക്കും. വടംവലി മത്സരം വ്യാഴാഴ്ച വൈകുന്നേരം നാലിന് നടക്കും. മേയറുടെ ടീമും കലക്ടറുടെ ടീമുമായാണ് ആദ്യ മത്സരം. എം.എൽ.എയുടെ ടീമും എം.പിയുടെ ടീമുമായാണ് രണ്ടാമത് മത്സരം. തുടർന്ന് കലക്ടറുടെ ടീമും പ്രസ് ക്ലബ് ടീമുമായി മത്സരിക്കും.
സംഘാടക സമിതി ചെയർമാൻ എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി.ബി.എൽ സംഘാടകസമിതി ചെയർമാൻ എം. മുകേഷ് എം.എൽ.എ, പ്രസിഡന്റ്സ് ട്രോഫി ഫിനാൻസ് കമ്മിറ്റി ചെയർമാൻ എം. നൗഷാദ് എം.എൽ.എ, സി.ബി.എൽ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ആർ.കെ. കുറുപ്പ് എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.