വിവാഹം കച്ചവടമാകുന്ന പ്രവണത വ്യാപിക്കുന്നു -വനിത കമീഷന്
text_fieldsകൊല്ലം: വിവാഹം കച്ചവട മനസ്ഥിതിയോടെ നടത്തുന്ന പ്രവണത വ്യാപിക്കുന്നെന്ന് വനിത കമീഷന് അധ്യക്ഷ പി. സതീദേവി. വനിത കമീഷൻ ജില്ലതല അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വിലപേശി പണംവാങ്ങൽ, വധുവിന്റെ സ്വര്‍ണവും മറ്റും വരന്റെ ബന്ധുക്കള്‍ കൈവശപ്പെടുത്തി കൈകാര്യം ചെയ്യൽ, തൊഴിലിടങ്ങളിലെ അധിക്ഷേപം, വഴിതര്‍ക്കം, കുടുംബ പ്രശ്നങ്ങള്‍ എന്നിങ്ങനെ വിവിധ സ്വഭാവത്തിലുള്ള കേസുകൾ പരിഗണിച്ചു.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും രമ്യമായ അന്തരീക്ഷമുറപ്പാക്കുന്നതിനും തദ്ദേശസ്ഥാപനതലത്തിലെ ജാഗ്രതസമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കണം. സമിതികള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പട്ടതായും അധ്യക്ഷ പറഞ്ഞു.
75 കേസുകള്‍ പരിഗണിച്ചു. ഒമ്പതെണ്ണം തീര്‍പ്പാക്കി. രണ്ടെണ്ണം റിപ്പോര്‍ട്ടിനും രണ്ടെണ്ണം കൗണ്‍സലിങ്ങിനും അയച്ചു. 62 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാ കമീഷന് അംഗം ഇന്ദിര രവീന്ദ്രന്, സി.ഐ ജോസ് കുര്യന്, അഭിഭാഷകരായ ബെച്ചി കൃഷ്ണ, ഹേമ ശങ്കര്‍, സീനത്ത്, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത എന്നിവര്‍ പങ്കെടുത്തു.
‘ലഹരി ഉപയോഗം: കുടുംബങ്ങളില്‍ വിള്ളലുണ്ടാക്കുന്നു’
കൊല്ലം: ലഹരി പദാര്‍ഥങ്ങളുടെ വ്യാപനം തീരദേശമേഖലകളിലെ കുടുംബ ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്നെന്ന് വനിത കമീഷന് അധ്യക്ഷ പി. സതീദേവി. മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിന് നടത്തിയ ക്യാമ്പിന്റെ ഭാഗമായി ‘ഗാര്‍ഹികപീഡന നിരോധനനിയമം 2005’ വിഷയത്തിലുള്ള ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. ജില്ല വനിത സംരക്ഷണ ഓഫിസര്‍ ജി. പ്രസന്നകുമാരി ക്ലാസ് നയിച്ചു. വനിത കമീഷന് അംഗങ്ങളായ ഇന്ദിര രവീന്ദ്രന്, വി.ആര്. മഹിളാമണി, എലിസബത്ത് മാമന് മത്തായി, മെംബര്‍ സെക്രട്ടറി സോണിയ വാഷിങ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്, പ്രോജക്ട് ഓഫിസര്‍ എന്‍. ദിവ്യ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. പ്രിന്‍സ്, മദര്‍ സുപ്പീരിയര്‍ ആനി ജോസഫ് എന്നിവർ പങ്കെടുത്തു.
വെള്ളിയാഴ്ച രാവിലെ 8.30ന് വാടിയിലെ തീരദേശ മേഖലയില്‍ വനിത കമീഷന് സന്ദര്‍ശനം നടത്തും. തീരദേശ മേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ഏകോപന യോഗം രാവിലെ 11ന് തങ്കശ്ശേരി മൂതാക്കര സെന്റ് പീറ്റേഴ്സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.