നാലര പതിറ്റാണ്ടിെൻറ കാത്തിരിപ്പിനറുതി; സജാദ് തങ്ങൾ ഉറ്റവർക്കരികിലേക്ക്
text_fieldsകൊല്ലം: 'അവൻ വന്നില്ലല്ലോ, ഒരിടത്തും കാണില്ലായിരിക്കും' 2012ൽ മരിക്കുംമുമ്പ് ശാസ്താംകോട്ട കാരാളിമുക്ക് പടനിലം തെക്കേതിൽ വീട്ടിൽ യൂനുസ് കുഞ്ഞ് തെൻറ മൂത്തമകൻ സജാദ് തങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്. മകനുവേണ്ടിയുള്ള കാത്തിരിപ്പ് സഫലമാകാതെ ആ പിതാവ് കണ്ണടച്ചു. എവിടെയെങ്കിലും ജീവനോടെയുണ്ടാകുമെന്ന കുടുംബത്തിെൻറ വിശ്വാസം വർഷങ്ങൾക്കിപ്പുറം നേർത്തില്ലാതായിത്തുടങ്ങിയപ്പോഴാണ് പ്രതീക്ഷകൾ ഉൗതിത്തെളിച്ചുകൊണ്ട് ആ വാർത്തയെത്തിയത്. 10 ദിവസം മുമ്പാണ് സജാദ് തങ്ങൾ എന്ന 71കാരൻ ജീവനോടെയുണ്ടെന്ന വിവരവുമായി മുംബൈ പൻവേലിലെ 'സീൽ' ആശ്രമ പ്രവർത്തകർ വീട്ടിലെത്തിയത്. മകെൻറ മടങ്ങിവരവറിഞ്ഞ് അത്യാഹ്ലാദത്തിലാണ് 92 വയസ്സുകാരിയായ മാതാവ് ഫാത്തിമാ ബീവി. ആദ്യം വിശ്വസിക്കാനായില്ലെങ്കിലും വിഡിയോ കാളിലൂടെ സജാദുമായി ഉമ്മയും സഹോദരങ്ങളും സംസാരിച്ചപ്പോൾ അവസാനമായത് നാലര പതിറ്റാണ്ട് പിന്നിട്ട നൊമ്പരത്തിനാണ്.
1976ൽ ഒക്ടോബർ 12ന് നടി റാണി ചന്ദ്ര ഉൾപ്പെടെ മരിച്ച വിമാനാപകടമായിരുന്നു ഇൗ കുടുംബത്തിെൻറ വിധി മാറ്റിമറിച്ചത്. ദുബൈയിൽ സജാദ് തങ്ങൾ സംഘടിപ്പിച്ച പരിപാടിയിൽ പെങ്കടുത്ത് നാട്ടിലേക്ക് മടങ്ങവെയാണ് മുംബൈയിൽനിന്നുള്ള വിമാനം അപകടത്തിൽപെട്ടത്. ആ വിമാനത്തിൽ താനും വരുമെന്ന് സജാദ് തങ്ങൾ വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ, അവസാന നിമിഷം തീരുമാനം മാറ്റി. ഇതറിയാതെ വീട്ടുകാർ അദ്ദേഹം അപകടത്തിൽ മരിച്ചെന്നു കരുതി. പത്രത്തിൽ പേര് കാണാതെ വന്നതോടെ ജീവനോടെയുണ്ടെന്നുറപ്പിച്ചു. മൂന്നു മാസത്തിനകം നാട്ടിൽ വരുമെന്നറിയിച്ച് കത്ത് വന്നതോടെ കുടുംബം ആശ്വാസംകൊണ്ടു. എന്നാൽ, സജാദ് വന്നില്ല. പിന്നീട്, വിവരമൊന്നും ലഭിച്ചതുമില്ല. വിമാനാപകടവും പ്രിയ സുഹൃത്ത് വർക്കല സ്വദേശി സുധാകരെൻറ മരണവുമു
ണ്ടാക്കിയ ആഘാതം സജാദിനെ മാനസികമായി തകർത്തു. വർഷങ്ങൾ കഴിഞ്ഞ് ദുബൈയിൽനിന്ന് മുംബൈയിലെത്തി. അവിടെ ജോലികളും കച്ചവടവുമായി കഴിഞ്ഞുകൂടി. ജീവിതം ദുരിതത്തിലേക്ക് കൂപ്പുകുത്തവേ 2019ൽ സുഹൃത്ത് വഴിയാണ് സീൽ ആശ്രമത്തിലെത്തിയത്. ചികിത്സക്കൊടുവിൽ ആശ്രമം അധികൃതരോട് കുടുംബത്തെ കുറിച്ച് പറഞ്ഞു.
എൺപതുകളുടെ അവസാനം മുംബൈയിലുണ്ടെന്നറിഞ്ഞ് സഹോദരങ്ങൾ അന്വേഷിച്ച് പോയെങ്കിലും കണ്ടെത്താനായില്ല. ദുബൈയിലും അന്വേഷിച്ചു. സഹോദരങ്ങളും സഹോദരീ പുത്രനും ബുധനാഴ്ച മുംബൈയിലേക്ക് തിരിക്കും. ഞായറാഴ്ചക്കുമുമ്പ് മകനെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഫാത്തിമബീവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.