ശാസ്താംകോട്ട തടാകം ജല അതോറിറ്റി സംഘം സന്ദർശിച്ചു
text_fieldsശാസ്താംകോട്ട: തടാകവും സമീപ ജലസ്രോതസ്സുകളും പരിശോധിക്കാൻ ജല അതോറിറ്റി സംഘം സന്ദർശനം നടത്തി. തുടർന്ന് പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ശുദ്ധജല തടാകത്തിന്റെയും സമീപ ജലസ്രോതസ്സുകളുടെയും പരിപാലനവും സംരക്ഷണവും സുസ്ഥിര നിലനിൽപ്പിനായുള്ള അടിയന്തര പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കേരള ജല അതോറിറ്റി ജോയന്റ് മാനേജിങ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു.
പുനർജീവന മാർഗങ്ങൾ വിദഗ്ധരുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തി വിവിധ ഏജൻസികളെ കോർത്തിണക്കി, വാട്ടർ അതോറിറ്റി നേതൃത്വം കൊടുക്കുന്ന ബോഡിക്ക് രൂപം നൽകും. മണ്ണൊലിപ്പും മലിനീകരണവും തടയാനുള്ള പദ്ധതി ആവിഷ്കരിക്കും. ഇതിനായി കൊല്ലം കോർപറേഷന്റെയും കായലിന്റെ വൃഷ്ടിപ്രദേശ പഞ്ചായത്തുകളുടെയും സഹകരണവും സാന്നിധ്യവും ഉറപ്പ് വരുത്തും.
ശാസ്താംകോട്ട പഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത, വാട്ടർ അതോറിറ്റി ബോർഡ് അംഗം ഉഷാലയം ശിവരാജൻ, ജലനിധി ടെക്നിക്കൽ ഡയറക്ടർ ടി.കെ. മണി, സി.ഡബ്ല്യു.ആർ.ഡി.എം സയന്റിസ്റ്റ് ഡോ. എസ്. ദീപു, കെ.ആർ.ഡബ്ല്യു.എസ്.എ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രദീപ്കുമാർ, ഡയറക്ടർ എം. പ്രേംലാൽ, ലാലച്ചൻ, സീനിയർ എൻജിനീയർ പി. നാരായണൻ നായർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ തുമ്പോടൻ, കായൽ സംരക്ഷണ പ്രവർത്തകരായ പ്രഫ. മാധവൻപിള്ള, എസ്. ഗോവിന്ദപ്പിള്ള, അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ ജി. താര, സോണിയ, അസി. എൻജിനീയർ റെജിവാസ്, രതീഷ്കുമാർ, എസ്. ശ്രീരാജ് എന്നിവർ പങ്കെടുത്തു. തുടർന്ന് ശാസ്താംകോട്ട കായൽ ചുറ്റി വൃഷ്ടിപ്രദേശങ്ങളും ചേലൂർ കായലും ഞാങ്കടവ് കുടിവെള്ളപദ്ധതി പ്രദേശവും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. ഞാങ്കടവ് കുടിവെള്ളപദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ വേണ്ട നിർദേശങ്ങൾ നൽകുമെന്നും വാട്ടർ അതോറിറ്റി ജോയന്റ് എം.ഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.