പള്ളിമുക്കിൽ കടകളിൽ മോഷണം
text_fieldsഇരവിപുരം: കൊല്ലൂർവിള പള്ളിമുക്കിലുള്ള ഏഴ് കടകളിൽ മോഷണവും മോഷണശ്രമവും നടന്നു. ബേക്കറിയിൽ നിന്നും 19,600 രൂപയും പച്ചക്കറി കടയിൽ നിന്നും 1600 രൂപയും കവർന്നു. മറ്റ് കടകളിൽ നിന്നും നാണയങ്ങളടക്കം മോഷണം പോയി.
ഇരുപതിനായിരത്തോളം രൂപ മോഷ്ടിച്ച കടയിലെ നിരീക്ഷണ കാമറകൾ തകർക്കുകയും വൈഫൈ സംവിധാനവും മോഡവും എടുത്തുകൊണ്ട് പോകുകയും ചെയ്തു. കൊല്ലൂർവിള പള്ളിമുക്കിൽ അയത്തിൽ റോഡ് ആരംഭിക്കുന്ന കടകളിലാണ് മോഷണം നടന്നത്.
ഞായറാഴ്ച അർധരാത്രിയിലായിരുന്നു മോഷണം. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലൂർവിള പള്ളിമുക്ക് യൂനിറ്റ് ജനറൽ സെക്രട്ടറി ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ഷാ ബേക്കറിയിൽ നിന്നാണ് ഇരുപതിനായിരത്തോളം രൂപ കവരുകയും നിരീക്ഷണ കാമറകൾ തകർക്കുകയും ചെയ്തത്.
കടയുടെ സീലിങ് തകർത്ത് അകത്തു കടന്നശേഷം കടയിലുണ്ടായിരുന്ന കുട നിരീക്ഷണ കാമറക്കടുത്ത് നിവർത്തിവെച്ച ശേഷമാണ് മേശ കുത്തിപ്പൊളിച്ച് പണം കവർന്നത്. ഇതിനടുത്തായുള്ള മുഹമ്മദ് ഹനീഫയുടെ എം.എച്ച് ബേക്കറിയിൽ നിന്നും പണം കവർന്നു.
സുറുമി ഫാൻസി, നിയാസ് സ്റ്റോർ എന്നിവിടങ്ങളിൽ കയറിയെങ്കിലും ഒന്നും കൊണ്ടുപോകാനായില്ല. ഇതിനടുത്തുളള ഷെരീഫിന്റെ ചായക്കട, ജബ്ബാർ സ്റ്റോർ, ഫ്രൂട്ട്സ് കട എന്നിവിടങ്ങളിൽ നിന്നും ചില്ലറ പൈസ മാത്രമാണ് കൊണ്ടുപോയത്.
ജങ്ഷന് പടിഞ്ഞാറുവശമുള്ള അനീസിന്റെ എ.എസ്.എച്ച് വെജിറ്റബിൾസ് എന്ന കടയിൽ നിന്നാണ് 1600 രൂപ നഷ്ടപ്പെട്ടത്. തിങ്കളാഴ്ച കടകൾ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വിവരമറിഞ്ഞ് ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസും ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.