ജില്ലയിൽ മോഷണ സംഘങ്ങൾ പെരുകുന്നു
text_fieldsകൊല്ലം: ജില്ലയിൽ വീടുകളിലും സഥാപനങ്ങളിലും പൊതുനിരത്തിലും മോഷണ സംഘങ്ങൾ പെരുകുന്നു. ദിനേന ചെറുകിട മോഷണങ്ങളിൽ പലതും പരാതിക്കാരില്ലാത്തതിനാൽ മോഷ്ടാക്കളും ഇതൊരു അവസരമായി കാണുകയാണ്. മോഷണ മുതൽ ആക്രിക്കടയിൽ വിറ്റ് പണം കണ്ടെത്തുകയാണ് ഇവരുടെ പതിവ് രീതി.
റോഡിന്റെ വശങ്ങളിൽ പാർക്കുചെയ്യുന്ന വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നതാണ് മറ്റൊരു പതിവ്. ആൾത്താമസമില്ലാത്ത വീടുകളിലും മോഷണം പതിവായിട്ടുണ്ട്. ബസുകളിലാണ് ഏറെയും മോഷണങ്ങൾ. യാത്രക്കാരികളുടെ പക്കൽ നിന്ന് പഴ്സും ആഭരണങ്ങളും കവരുന്ന തമിഴ് നാടോടി സംഘങ്ങളാണ് ഏറെയും. രണ്ടോ അതിലധികമോ ഉൾപ്പെട്ട സംഘങ്ങളായാണ് ഇവർ സഞ്ചരിക്കുക. കഴിഞ്ഞദിവസം കൊല്ലം നഗരത്തിൽ സ്വകാര്യ ബസിൽവെച്ച് പണമടങ്ങിയ പഴ്സ് നഷ്ടമായത്. ഇതിനുപിന്നാലെയാണ് ചവറയിൽ ബസിൽ സഞ്ചരിച്ച യുവതിക്ക് സമാന അനുഭവമുണ്ടായത്. മാസങ്ങളും വർഷങ്ങളുമായ വൻ മോഷണക്കേസുകളിൽ പോലും തുമ്പുകിട്ടാത്ത അവസ്ഥയും നിലവിലുണ്ട്.
മോഷണത്തിനായി കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവതി പിടിയിൽ
കരുനാഗപ്പള്ളി: മോഷണത്തിനായി കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവതി പിടിയിൽ. ഹരിപ്പാട് വെള്ളികുളങ്ങരയിൽ മായ (46) ആണ് പിടിയിലായത്. കരുനാഗപ്പള്ളി പുത്തൻ തെരുവിൽ പൈനും വീട്ടിൽ ഷെഫീക്കിന്റെ വീട്ടിൽ മോഷണം നടത്തുന്നതിനായിട്ടാണ് യുവതി ഒളിച്ച് കട്ടിലിനു അടിയിൽ കഴിഞ്ഞത്. വീട്ടിൽ ആളുണ്ടെന്നു സംശയം തോന്നിയ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. കരുനാഗപ്പള്ളി പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
മുക്കുപണ്ടം പണയംവെച്ചവർ അറസ്റ്റിൽ
ചവറ: മുക്കുപണ്ടം പണയംവെച്ച് ധനകാര്യസ്ഥാപനത്തില്‍നിന്ന് പണം തട്ടിയ പ്രതികള്‍ പിടിയിൽ. ശക്തികുളങ്ങര പഴമ്പള്ളിമഠം തുളസീധരന്‍ (52), കാവനാട് കന്നിമേല്‍ ചേരി ഉരുമാളൂര്‍ പടിഞ്ഞാറ്റതില്‍ അരുണ്‍ (25) എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്. ഏപ്രിലില്‍ വേട്ടുതറ ജങ്ഷനിലെ ഫിനാന്‍സില്‍ ബൈക്കിലെത്തിയ തുളസീധരന്‍ 16 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 84,000 രൂപ കൈപ്പറ്റിയിരുന്നു. ഇയാൾക്കെതിരെ ശക്തികുളങ്ങര പൊലീസില്‍ പരാതിയുള്ളതറിഞ്ഞ് വേട്ടുതറ ജങ്ഷനിലുള്ള സ്ഥാപന മാനേജര്‍ നടത്തിയ പരിശോധനയിലാണ് ആഭരണം മുക്കുപണ്ടമാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നൽകി. തുടർന്നാണ് ഇയാളെയും കൂട്ടാളിയായ അരുണിനെയും അറസ്റ്റ് ചെയ്തത്.
പഴ്സ് മോഷണം: തമിഴ്നാട് സ്വദേശി പിടിയിൽ
കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് യാത്രികയുടെ പഴ്സ്മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. തമിഴ്നാട്, തെങ്കാശി, സരോജ കോളനിയിൽ ശാന്തിയാണ് (34) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. 19ന് രാവിലെ 8.10ന് ശങ്കരമംഗലത്ത്നിന്നും രാമൻകുളങ്ങര ജങ്ഷനിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത സ്ത്രീയുടെ ബാഗിലുണ്ടായിരുന്ന മൂന്ന് എ.ടി.എം കാർഡും ആധാർ കാർഡും പാൻ കാർഡുകളും അടങ്ങിയ പഴ്സ് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് എ.ടി.എം കാർഡിന്റെ മുകളിൽ എഴുതിയിരുന്ന പിൻനമ്പർ ഉപയോഗിച്ച് പലയിടങ്ങളിലെ മെഷീനിൽനിന്ന് 53,000 രൂപ പ്രതി പിൻവലിച്ചു. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ഫയാസ്, എസ്.ഐ അനീഷ്, എ.എസ്.ഐമാരായ ബീന, ജ്യോതി കൃഷ്ണൻ, സൈജു, എസ്.സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ശ്രദ്ധിക്കാം ഇവ...
യാത്ര ചെയ്യുമ്പോഴോ, പുറത്തിറങ്ങുമ്പോഴോ പരമാവധി ആഭരണങ്ങൾ ഒഴിവാക്കുക. ആഭരണം ധരിച്ചാൽ തന്നെ, മറ്റുള്ളവരുടെ കാഴ്ചയിൽ അതു മറയ്ക്കുക. പരിചയം ഭാവിച്ച് എത്തുന്നവരോടും വഴിചോദിച്ച് എത്തുന്നവരോടും അകലം പാലിച്ച് സുരക്ഷിതരാവുക. രാത്രിയിൽ ഒറ്റക്ക് നടക്കുന്നത് ഒഴിവാക്കുക. യാത്ര ചെയ്യുമ്പോൾ പേഴ്സ് ശരീരത്തോട് ചേർന്നാണെന്നു ഉറപ്പുവരുത്തുക. യാത്രയിൽ ആവശ്യത്തിലധികം പണമോ, അമൂല്യ വസ്തുക്കളോ കൊണ്ടുപോകരുത്.
പകൽസമയത്തും വാതിലുകളും ജനലുകളും അടച്ചിടുക. പുറത്തിറങ്ങുമ്പോൾ വീടിന്റെ വാതിലുകളും ജനലുകളും അടച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കുക. പുറത്തേക്കുപോകുമ്പോൾ അയൽക്കാരെ അറിയിക്കുക. അല്ലെങ്കിൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം നൽകുക. പുറത്തേക്കുള്ള വഴികളിൽ ലൈറ്റുകൾ ഇടുക. വലിയ അളവിലുള്ള പണവും ആഭരണങ്ങളും വീട്ടിൽ സൂക്ഷിക്കരുത്. പരിചയമില്ലാത്തവർ എത്തിയാൽ വാതിൽ തുറക്കരുത്. ചെറിയ കുട്ടികളെ സന്ദർശകർക്കായി വാതിൽ തുറക്കാൻ അനുവദിക്കരുത്. സർക്കാർ, സംഘടന പ്രതിനിധികളെത്തിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.