കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് മോഷണം വർധിക്കുന്നു
text_fieldsകൊല്ലം: റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇരുചക്ര വാഹന മോഷണവും വാഹനങ്ങളിൽനിന്ന് ഇന്ധനം ചോർത്തുന്നതും വർധിക്കുന്നു. ട്രഷറി ജീവനക്കാരന്റെ ബൈക്ക് മോഷണം പോയതാണ് അവസാനത്തെ സംഭവം. റെയിൽവേ സ്റ്റേഷന് മുന്നിലെ റോഡിൽവെച്ചിരുന്ന ബൈക്കാണ് മോഷ്ടിച്ചത്. ജോലിക്ക് പോയി തിരികെ വന്നപ്പോഴാണ് ബൈക്ക് കാണാതായത്. കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി.
പൊലീസ് അന്വേഷണത്തിൽ ബൈക്കിരുന്ന സ്ഥലത്തിനടുത്തായി ഒരു സ്കൂട്ടർ കണ്ടെത്തി. ഇതിൽ പെട്രോൾ ചോർത്താനുള്ള ഉപകരണങ്ങളും മറ്റും കണ്ടെത്തി. സ്കൂട്ടറിലുണ്ടായിരുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെട്ട് ഉടമ സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകി. റെയിൽവേയുടെ പാർക്കിങ് സ്ഥലത്തുനിന്ന് വാഹനങ്ങൾ മോഷണം പോകുന്നത് പതിവാണ്. റോഡരികിലും പാർക്കിങ് സ്ഥലത്തും വാഹനങ്ങൾവെച്ച ശേഷം ജോലിക്കും മറ്റുമായി ട്രെയിൻ കയറിപ്പോകുന്നവർ ധാരാളമുണ്ട്.
വൈകീട്ട് തിരിച്ചു വരുമ്പോഴേക്കും വാഹനങ്ങൾ പലതും നഷ്ടപ്പെട്ടിരിക്കും. ചില വാഹനങ്ങളിലെ ഇന്ധനം പൂർണമായും ചോർത്തിയ നിലയിലുമായിരിക്കും. വാഹന മോഷണത്തിന് പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നതായാണ് വിവരം. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങൾ പിന്നീട് ലഹരി കടത്തുമായി ബന്ധപ്പെട്ട് പിടികൂടാറുണ്ട്. സി.സി ടി.വിയും വഴിവിളക്കും സ്ഥാപിച്ചാൽ ഒരു പരിധിവരെ ഇത്തരം സംഭവങ്ങൾക്ക് തടയിടാൻ കഴിയുമെന്നാണ് യാത്രക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.