തെന്മല ഡാം ഷട്ടറും വാൽവും തുറന്നു
text_fieldsപുനലൂർ: ജലക്രമീകരണത്തിനായി തെന്മല പരപ്പാർ ഡാം ഷട്ടറുകളും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ഡിസ്പേഴ്സറി വാൽവും തുറന്നു. ചൊവ്വാഴ്ച മൂന്നു ഷട്ടറുകളും 10 സെൻറിമീറ്റർ വീതം ഉയർത്തി അധികജലം കല്ലടയാറ്റിൽ ഒഴുക്കിത്തുടങ്ങി.
ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്തമഴ തുടരുന്നതിനാൽ ഡാമിലേക്ക് ശക്തമായ നീരൊഴുക്കാണ്. 115.82 മീറ്റർ ആകെ സംഭരണ ശേഷിയുള്ളത്. ചൊവ്വാഴ്ച രാവിലെ 110.22 മീറ്ററിൽ എത്തി. എന്നാൽ, ഡാമിന്റെ സംഭരണ ശേഷി നിയമം അനുസരിച്ച് സെപ്റ്റംബര്‍ മൂന്നിന് നിലവിലുണ്ടാകേണ്ട ജലനിരപ്പ് 108.48 മീറ്ററാണ്. മൊത്തം സംഭരണ ശേഷിയുടെ 70.82 ശതമാനം ജലം ഇപ്പോൾ നിലവിലുണ്ട്. റൂൾകർവ് അനുസരിച്ച് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കണമെന്ന് സർക്കാർ കർശന നിർദേശമുണ്ട്.
ഷട്ടർ തുറന്നതോടെ സെക്കൻഡിൽ 32.94 മീറ്റർ ജലം കല്ലടയാറ്റിലേക്ക് അധികമായി ഒഴുകിയെത്തും. കല്ലടയാറ്റിലെ ജലനിരപ്പ് പരമാവധി 40 സെന്റിമീറ്റര്‍ വരെ ഉയരും. ഓണക്കാലത്ത് തെന്മല ഡാം, ഇക്കോടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ നിരവധി ആളുകൾ എത്താറുണ്ട്. ഇവർക്ക് മനോഹരമായ കാഴ്ച ഒരുക്കാനാണ് ഡാമിലെ ഡിസ്പേഴ്സറി വാൽവ് തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ഇത്തവണ ഷട്ടറുകളും വാൽവും തുറന്നതിനാൽ കൂടുതൽ ആകർഷണമാകും. ഇന്നലെത്തന്നെ നിരവധി ആളുകൾ ഡാമിലെ മനോഹര കാഴ്ച ആസ്വദിക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.