പാരിപ്പള്ളി പഞ്ചായത്ത് രൂപവത്കരിക്കണമെന്ന് ആവശ്യം
text_fieldsപാരിപ്പള്ളി ജങ്ഷൻ
പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്ത് വിഭജിച്ച് പാരിപ്പള്ളി പഞ്ചായത്ത് രൂപവത്കരിക്കണമെന്ന ആവശ്യം ശക്തം. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെയും കൊല്ലം ജില്ലയിലെയും ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ. 23 വാർഡുകളുള്ള കല്ലുവാതുക്കൽ വിഭജനം അനിവാര്യമാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. കൊല്ലം-തിരുവനന്തപുരം അതിർത്തി പങ്കിടുന്ന ജില്ലയിലെ പ്രധാന ജങ്ഷനാണ് പാരിപ്പള്ളി. ഭാവിയിൽ ഏറ്റവും കൂടുതൽ വികസനങ്ങൾ വന്നുചേരാൻ പോകുന്ന കേരളത്തിലെ തന്നെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണിവിടം. കൊല്ലം സർക്കാർ മെഡിക്കൽ കോളജ്, ഐ.ഒ.സി പ്ലാന്റ്, വിവിധ കോളജുകൾ, പൊലീസ് സ്റ്റേഷൻ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ പാരിപ്പള്ളിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലാണ് ഈ പ്രദേശം.
പാരിപ്പള്ളി മാർക്കറ്റ് പരിമിതികൾക്ക് നടുവിൽ മോശമായ അവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ ആറ്റിങ്ങൽ, കഴക്കൂട്ടം എന്നിവിടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യാത്രക്കാർ ബസ് കയറാനുമിറങ്ങാനുമുള്ള പാരിപ്പള്ളിയിൽ യാത്രക്കാർക്ക് വെയിലും മഴയും കൊള്ളാതെ ബസ് കയറാൻ ബസ് സ്റ്റോപ് പോലുമില്ല.കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമാണപ്രവർത്തനം നടക്കുന്ന പാരിപ്പള്ളി-പരവൂർ റോഡിൽ പാരിപ്പള്ളി ജങ്ഷൻ മുതൽ മെഡിക്കൽ കോളജ് നിൽക്കുന്ന പാമ്പുറം വരെ എങ്കിലും 25 മീറ്ററിൽ നാലുവരി റോഡ് നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ വീതി കുറഞ്ഞ ഇടുങ്ങിയ റോഡാണിത്. പാരിപ്പള്ളി ജങ്ഷനിൽ ഇത് വലിയ തിരക്കിനും കുരുക്കിനും കാരണമാണ്. ഇതുമൂലം മെഡിക്കൽ കോളജിലേക്കുള്ള എമർജൻസി വാഹനങ്ങൾ ബ്ലോക്കിൽ പെടുന്നതിന് ഇടയാകുന്നുണ്ട്. ദേശീയപാതയും സംസ്ഥാന പാതയും പാരിപ്പള്ളി - പരവൂർ റോഡ്, വർക്കല റോഡ് എന്നിവ വന്നുചേരുന്ന പ്രധാന നഗരപ്രദേശമായ ഇവിടെ നിർദിഷ്ട കടമ്പാട്ടുകോണം-ആര്യങ്കാവ് ഗ്രിൻഫീൽഡ് നാലുവരിപാതയും വന്നുചേരും.
പാരിപ്പള്ളി-വിഴിഞ്ഞം ഔട്ടർ റിങ് റോഡും കൂടി ആകുമ്പോൾ തെക്കൻ കേരളത്തിലെ പ്രധാന ജങ്ഷനുകളിലൊന്നാകാൻ പോകുന്ന പാരിപ്പള്ളി മേഖലയുടെ വികസനത്തിനായി പാരിപ്പള്ളിയിൽ പഞ്ചായത്തോ, നഗരസഭയോ രൂപവത്കരിക്കേണ്ടത് അനിവാര്യമാണെന്നാണ് ആവശ്യമുയരുന്നത്. ഗതാഗതക്കുരുക്കിൽ ഗതികെട്ട് പാരിപ്പള്ളി
പാരിപ്പള്ളി: ദേശീയപാത നിർമാണപ്രവൃത്തികളുടെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം കൂടിയായതോടെ പാരിപ്പള്ളി പൂർണമായും ഗതാഗതക്കുരുക്കിലായി.
ഗവ. മെഡിക്കൽ കോളജ് പൂർണ തോതിൽ സജീവമായതോടെ 24 മണിക്കൂറും പാഞ്ഞുവരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കൂടിയായതോടെ ഇതുവഴിയുള്ള സഞ്ചാരം ഭീതിയിലാഴ്ത്തുന്ന സ്ഥിതിയാണ്. വാഹനങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് സിഗ്നലുകളില്ലാത്തതും മതിയായ പൊലീസ് സംവിധാനങ്ങളൊരുക്കാത്തതും കാരണം ദിനംപ്രതി നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്.
അഞ്ചുവർഷം മുമ്പ് തുടങ്ങിയ ഗതാഗത പരിഷ്കരണ ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. മുമ്പ് ചാത്തന്നൂർ അസിസ്റ്റന്റ് പൊലീസ് കമീഷണറായിരുന്ന ജവഹർ ജനാർദാണ് ഇവിടത്തെ ഗതാഗത സംവിധാനം പരിഷ്കരിക്കാൻ പദ്ധതിയുമായി രംഗത്തെത്തിയത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും വ്യാപാരി വ്യവസായികളും പങ്കെടുത്ത കമ്മിറ്റികൾ പലതു കഴിഞ്ഞെങ്കിലും ഗതാഗതം പരിഷ്കരിക്കാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

