മേൽപാലം പണിയാതെ പിന്നോട്ടില്ല; സമരം ശക്തമാക്കാൻ ജനകീയസമിതി
text_fieldsഇരവിപുരം: അയത്തിൽ ജങ്ഷനിൽ ദേശീയപാത പുനർനിർമാണ ഭാഗമായി നിർമിക്കുന്ന മൺമതിലിന് പകരം നീളം കൂടിയ തൂണുകളിലുള്ള മേൽപാലം നിർമിക്കണമെന്ന ആവശ്യവുമായി അയത്തിൽ ജനകീയസമിതി സമരം ശക്തമാക്കും. അയത്തിൽ ജങ്ഷനിൽ നടത്തിവരുന്ന സമരം 121 ദിവസം പിന്നിട്ടിട്ടും അധികൃതർ മൗനം തുടരുന്ന സാഹചര്യത്തിലാണിത്. ജങ്ഷന്റെ രണ്ടായി കീറി മുറിച്ചുള്ള മൺമതിലിന് പകരം തൂണുകളിലുള്ള മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ച് ദേശീയപാത അതോറിറ്റിക്ക് നിവേദനം നൽകിയിട്ടും ഫലം ഉണ്ടായിരുന്നില്ല.
തുടർന്ന് ജനകീയസമിതി ഈ ആവശ്യം ഉന്നയിച്ച് ഹൈകോടതിയെ സമീപിച്ചു. സമിതിയുടെ ആവശ്യത്തിൽ മൂന്നു മാസത്തിനകം തീർപ്പുണ്ടാകണമെന്ന് നിർദേശിച്ച് ഹൈകോടതി ഉത്തരവിട്ടിട്ടും ജനകീയസമിതി ഭാരവാഹികളെ വിളിച്ചുവരുത്തി പരാതി കേൾക്കാൻ ദേശീയപാത അതോറിറ്റി അധികൃതർ ഇതുവരെയും തയാറായിട്ടില്ല. കഴിഞ്ഞ ജൂൺ 26നാണ് ജനകീയസമിതി ചെയർമാൻ അൻവറുദ്ദീൻ ചാണിയ്ക്കൽ ജോമി കെ. ജോസ് മുഖേന സമർപ്പിച്ച ഹരജിയിൽ ഹൈകോടതി ഉത്തരവുണ്ടായത്.
കൊല്ലം-ആയൂർ സംസ്ഥാന ഹൈവേയിലെ പ്രധാന ജങ്ഷനുകളിലൊന്നാണ് അയത്തിൽ. കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ തൂണുകളിലുള്ള മേൽപാലത്തിന്റെ സ്പാനുകളുടെ എണ്ണം കൂട്ടാൻ നടപടിയുണ്ടായിട്ടും അയത്തിൽ ജങ്ഷന്റെ കാര്യം പരിഗണിക്കാൻ ബന്ധപ്പെട്ടവർ സന്നദ്ധമാവുന്നില്ല. വിഭജനമല്ല വികസനമാണ് ആവശ്യം എന്ന മുദാവാക്യമുയർത്തി ജനപ്രതിനികളെ അണിനിരത്തി പ്രതിഷേധ സമ്മേളനം, സാംസ്കാരിക സമ്മേളനം, മനുഷ്യചങ്ങല, പന്തം കൊളുത്തി പ്രകടനം, ഹൈവേ അതോറിറ്റിയുടെ തിരുവനന്തപുരം ഓഫിസിന് മുന്നിൽ ധർണ തുടങ്ങി നിരവധി സമരങ്ങൾ ഇതിനോടകം ജനകീയസമിതി നടത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.