കുന്നത്തൂർ നെടിയവിള ജങ്ഷനിൽ ഓടയുണ്ട്; മൂടിയില്ല
text_fieldsഒരാളുടെ ജീവൻ പൊലിഞ്ഞിട്ടും അധികൃതർക്ക് നിസ്സംഗത
ശാസ്താംകോട്ട: കുന്നത്തൂർ നെടിയവിള ക്ഷേത്രം ജങ്ഷനിൽനിന്നും പുത്തനമ്പലം-കടമ്പനാട് ഭാഗത്തേക്കുള്ള റോഡിന്റ തുടക്കഭാഗത്തെ ഓട അപകട ഭീഷണിയാകുന്നു.
ഓടക്ക് മൂടി ഇല്ലാത്തതാണ് പ്രശ്നം. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ഹോമിയോ ആശുപത്രി ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തിരക്കേറിയ ജങ്ഷനാണിത്.
പുത്തനമ്പലം ഭാഗത്തേക്ക് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നതും ഈ ഓടക്ക് പിന്നിലായാണ്. ഗതാഗത സൗകര്യം കുറവായ ഇവിടേക്ക് പല സമയങ്ങളിലായി സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ബസ് കാത്തുനിൽക്കുന്നത്. ബസ് എത്തുമ്പോൾ കയറാനായി എത്തുന്ന യാത്രക്കാർ ഓടയിൽ വീണ് പരിക്കേൽക്കുന്നത് പതിവാണ്.
കാൽ ഒടിയുന്നതടക്കം ഗുരുതര പരിക്കുകൾ സംഭവിച്ചവരും നിരവധിയാണ്. ഓടക്ക് സമീപമുള്ള കടകളിലേക്ക് കയറാൻ അവർതന്നെ സ്ലാബുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതും ഫലപ്രദമല്ല. ഇരുചക്ര-സൈക്കിൾ യാത്രക്കാരും അപകടത്തിൽപ്പെടുന്നു. മഴക്കാലത്ത് ഓട നിറഞ്ഞൊഴുകുന്നതിനാൽ പാതയോരത്ത് നിൽക്കാനും കഴിയില്ല.
രാത്രിയായാൽ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതും ഓടയിൽ ആളുകൾ വീഴാൻ കാരണമാകുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് കുന്നത്തൂർ സ്വദേശിയായ അനിൽകുമാർ (49) ഓടയിൽ വീണ് മരിച്ചിരുന്നു. രാത്രിയിൽ ഓടക്ക് സമീപമിരുന്ന സ്കൂട്ടറിൽ കയറവേ കാൽ തെറ്റി ഓടയിലേക്ക് വീഴുകയായിരുന്നു.
ഓടയിൽ കുടുങ്ങിയ അനിൽ കുമാറിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടിരുന്നു. ഓടയിൽ വീണ് ഒരാളുടെ ജീവൻ പൊലിഞ്ഞിട്ടും കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ തയാറായിട്ടില്ല.
കൊട്ടാരക്കര-ശാസ്താംകോട്ട, പുത്തനമ്പലം-കടമ്പനാട് റോഡുകളിലായാണ് ഓട കടന്നുപോകുന്നത്. ഇരു പാതകളും പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ്. വർഷങ്ങളായി കോവൂർ കുഞ്ഞുമോൻ എം.എൽ.എക്ക് നിവേദനം നൽകിയിട്ടും നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും അദ്ദേഹം നിസ്സംഗത തുടരുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പഞ്ചായത്ത് ഓഫിസിന്റെ തൊട്ടു മുന്നിലാണിത്.
എന്നിട്ടും അവരും നടപടിയെടുക്കാൻ തയാറാകുന്നില്ല. അടിയന്തരമായി ഓടക്ക് മൂടി സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ഇനിയൊരു ജീവൻ പോലും പൊലിയാൻ ഇടവരുത്തരുതെന്നും യൂത്ത് കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.