തൊടിയൂർ-പതാരം റോഡരികിൽ മാലിന്യനിക്ഷേപം; പൊറുതിമുട്ടി നാട്ടുകാർ
text_fieldsശൂരനാട്: തൊടിയൂർ-പതാരം റോഡരികിൽ ശുചിമുറി മാലിന്യം തള്ളുന്നത് നിത്യസംഭവമായതോടെ പൊറുതിമുട്ടി ജനം. പുതിയകാവ് ചക്കുവള്ളി റോഡിനെ കുന്നത്തൂരുമായി ബന്ധപ്പെടുത്തുന്ന പ്രധാന റോഡാണ് തൊടിയൂർ പതാരംമുക്ക്- പതാരം റോഡ്. പതാരത്തേക്കുള്ള ഇടറോഡായ ഇത് യാത്രക്കാർക്ക് ഒരനുഗ്രഹമാണ്. എന്നാൽ നാളുകളേറെയായി ഇവിടം മാലിന്യനിക്ഷേപ കേന്ദ്രമാണ്. ഇരുവശവും കാട് മൂടിയ അവസ്ഥയിലുള്ള റോഡരികിൽ ശുചിമുറിമാലിന്യമുൾപ്പെടെയുള്ളവ നിരന്തരം നിക്ഷേപിക്കപ്പെടുകയാണ്.
അസഹ്യമായ ദുർഗന്ധം മൂലം ജനം ദുരിതത്തിലായി. മഴക്കാലത്ത് മാലിന്യം ഒഴുകി വീടുകളിലെത്തി കുട്ടികൾക്കും പ്രായമായവർക്കുമുൾപ്പെടെ സാംക്രമികരോഗങ്ങളുണ്ടാകുന്നുണ്ട്. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥതയാണ് മാലിന്യനിക്ഷേപം തുടരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് സമീപത്തെ വ്യാപാരസ്ഥാപനത്തിലെ ഒരു കാമറ മാത്രമാണുള്ളത്. കൂടുതൽ കാമറ സ്ഥാപിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ബ്ലോക്ക് പഞ്ചായത്തിനെ പഴിചാരി പഞ്ചായത്തധികൃതർ രക്ഷപ്പെടുകയാണ്.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വെട്ടിത്തെളിച്ചാൽ ഒരു പരിധിവരെ മാലിന്യനിക്ഷേപം തടയാനാകുമെങ്കിലും പഞ്ചായത്ത് തയാറായിട്ടില്ല. ഹെൽമറ്റ് ചെക്കിങ്ങിനായി മാത്രം പ്രദേശത്തെത്തുന്ന ശൂരനാട് പൊലീസും ഇക്കാര്യത്തിൽ മൗനത്തിലാണ്. പ്രദേശത്തെ മാലിന്യനിക്ഷേപം തടയാൻ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻറ് എസ്.കെ. ശ്രീജ പറഞ്ഞു.
നാട്ടിലെ യുവാക്കളുടെ സഹകരണത്തോടെ രാത്രികാല നിരീക്ഷണം ആരംഭിക്കുമെന്നും അവർ പറഞ്ഞു. ഒരു നാടിനെ മുഴുവൻ ദുരിതത്തിലാക്കിയിരിക്കുന്ന മാലിന്യനിക്ഷേപത്തിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയസമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.