ആശ്രാമത്ത് നടക്കാനെത്തുന്നവർ ജാഗ്രതൈ!
text_fieldsകൊല്ലം: അപകടഭീഷണിയായ ഉണങ്ങിയ മരം മൂലം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് കൊല്ലം ആശ്രാമം മൈതാനം. പലതവണ നഗരസഭയിലും വനംവകുപ്പിലും പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡരികിൽ നിൽക്കുന്ന ഉണങ്ങിയ മരങ്ങൾ അപകടഭീഷണി ഉയർത്തുകയാണ്. ആശ്രമം മൈതാനത്തിന് ചുറ്റുമുള്ള നടപ്പാതയിലേക്കും റോഡിലേക്കുമാണ് ഉണങ്ങിയ മരങ്ങൾ അധികവും മറിഞ്ഞുവീഴാറായി ചാഞ്ഞുനിൽക്കുന്നത്. മഴ തുടർച്ചയായി പെയ്തതോടെ മരങ്ങളുടെ താഴ്ഭാഗം ഭാഗീകമായി ദ്രവിച്ച് കുതിർന്ന് ഒടിഞ്ഞുവീഴാറായ നിലയിലാണ്.
നാട്ടുകാരും യാത്രക്കാരും പരാതിപറഞ്ഞിട്ടും അപകടകരമായ മരങ്ങൾ വെട്ടിമാറ്റാൻ നഗരസഭയോ വനംവകുപ്പോ തയാറാകുന്നില്ല. കഴിഞ്ഞദിവസം രാത്രി മൈതാനത്തിന് സമീപംനിന്ന മരം കടപുഴകി ഒരാൾക്ക് വലതുകാലിനും നടുവിനും പരിക്കേറ്റു. മൈതാനത്തിന് കിഴക്കുഭാഗത്ത് ക്രിസ്ത്യൻ ദേവാലയത്തിന് സമീപം രാത്രിയോടെ അക്കേഷ്യ മരം കടപുഴകി ശങ്കേഴ്സ് ആശുപത്രിക്ക് പിന്നിൽ ഇന്ദിരാജി ജങ്ഷനിൽ താമസിക്കുന്ന പ്രസാദിനാണ് (58) പരിക്കേറ്റത്. സുഹൃത്തുക്കൾക്കൊപ്പം മരത്തിന് സമീപത്തെ ബെഞ്ചിൽ ഇരിക്കുകയായിരുന്നു. ശബ്ദംകേട്ട് സുഹൃത്തുക്കൾ ഓടിമാറിയെങ്കിലും പ്രസാദ് ഇരുന്ന ബെഞ്ചിന് മുകളിലേക്ക് മരം വീഴുകയായിരുന്നു.dead tree
ജില്ല ഭരണകൂടം, കൊല്ലം കോർപറേഷൻ, സംസ്ഥാന വനംവകുപ്പ്, ടൂറിസംവകുപ്പ് എന്നീ വകുപ്പുകളുടെ നിയന്ത്രണത്തിലാണ് ആശ്രാമത്തെ മൈതാനം. ഇവരിൽ ആരോട് പരാതി പറയും എന്ന നിസഹായാവസ്ഥയിലാണ് ജനം. യാത്രക്കാര്‍ക്ക് ഭീഷണിയായ പാതയോരത്തെ ഉണങ്ങിയ മരങ്ങൾ മുറിച്ചുനീക്കാന്‍ നടപടിയെടുക്കേണ്ടത് വനംവകുപ്പ് അധികൃതരാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണിത്. രാവിലെയും വൈകുന്നേരങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടാറ്. ഈ സമയങ്ങളിൽ ഉണങ്ങിനിൽക്കുന്ന മരങ്ങൾ കടപുഴകിയാൽ വൻ അപകടമാകും സംഭവിക്കുക. ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ദിവസേന നൂറുകണക്കിനു വാഹനങ്ങൾ, സ്കൂൾ ബസുകൾ, വിദ്യാർഥികൾ, വിശ്രമത്തിനെത്തുന്നവർ എന്നിവരൊക്കെ അപകടഭീഷണിയുടെ നിഴലിലാണ്. കാലവർഷവും ശക്തമായ കാറ്റും കനക്കുന്നതിനുമുമ്പ് അപകടഭീഷണിയായ മരങ്ങൾ മുറിച്ച് ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.