തട്ടുകടയിൽ നിന്ന് പണം അപഹരിച്ചവർ പിടിയിൽ
text_fieldsകൊല്ലം: ശക്തികുളങ്ങര കുരിശടിക്ക് സമീപം പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്ന് പണം അടങ്ങിയ പെട്ടി മോഷ്ടിച്ച് കടന്ന കേസിൽ പിടിയിലായ പ്രതികളിലൊരാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. ഒളിച്ചിരുന്ന പ്രതിയെ പിന്നീട് കണ്ടെത്തിയപ്പോൾ പൊലീസിന് നേരെ ആക്രമണം നടത്തി.
കണ്ണനല്ലൂർ കുളപ്പാടം പാറവിള വീട്ടിൽ സെയ്ദാലി (18), ശക്തികുളങ്ങര മീനത്ത് ചേരിയിൽ തച്ചിലഴികത്ത് വീട്ടിൽ അഖിൽ (21) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെ തട്ടുകടയിലെത്തിയ സെയ്ദാലി കടയിൽ പണം സൂക്ഷിക്കുന്ന പ്ലാസ്റ്റിക്ക് പെട്ടി തട്ടിയെടുത്ത് അഖിലിന്റെ സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഏകദേശം 6000 രൂപ അടങ്ങിയ പണപ്പെട്ടി ആണ് ഇവർ അപഹരിച്ചത്. കടയുടമ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഒമ്പതിന് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകാനിരിക്കെ സെയ്ദാലി കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ പ്രതിക്ക് പിറകെ പൊലീസ് പാഞ്ഞെങ്കിലും ആദ്യം കിട്ടിയില്ല. വിശദ പരിശോധനയിൽ 20 മിനിറ്റിന് ശേഷം വള്ളിക്കീഴ് സ്കൂളിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. പ്രതിയെ പിടികൂടാൻ ശ്രമിച്ചതോടെ മാർബിൾ കഷണം കൊണ്ട് പൊലീസിനെ ആക്രമിച്ചു.
ശക്തികുളങ്ങര സീനിയർ സി.പി.ഒഎ ബിജുവിന് തലക്ക് പരിക്കേറ്റു. അദ്ദേഹം ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഐ.വി. ആശ, അനിൽകുമാർ, ഹുസൈൻ, ബാബുക്കുട്ടൻ, പ്രദീപ്, എസ്.സി.പി.ഒ ബിജു സി.പി.ഒ സനൽ, കെ.എ.പി സി.പി.ഒ വിപിൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.