എന്ന് വരും പാസഞ്ചർ? കാത്തിരിക്കുന്നത് ആയിരങ്ങൾ
text_fieldsകൊല്ലം: ലോക്ഡൗൺ നിയന്ത്രണങ്ങളെല്ലാം നീങ്ങി പൊതുഗതാഗതം ട്രാക്കിലായെങ്കിലും പാസഞ്ചർ ട്രെയിനുകൾ മാത്രം ട്രാക്കിൽ കയറിയില്ല. ഇതുമൂലം റെയിൽവേയെ ആശ്രയിച്ചിരുന്ന ആയിരങ്ങൾക്ക് യാത്ര ദുരിതമയമായി തുടരുന്നു.
ജില്ലയിൽനിന്ന് തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളിലേക്ക് ജോലിക്ക് പോയിരുന്ന നൂറുകണക്കിന് യാത്രക്കാർ മാസങ്ങളായി ഇരട്ടിച്ചെലവ് വഹിച്ച് ബസിലോ മറ്റ് സ്വകാര്യ വാഹനങ്ങളിലോ യാത്ര ചെയ്യുകയാണ്.
ഓഫിസ് സമയങ്ങളിൽ കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകളിൽ കയറിപ്പറ്റാനുള്ള പെടാപ്പാടും ദിനംപ്രതിയെന്നോണം വർധിച്ചു. ഓഫിസ് സമയങ്ങളിൽ തിരക്ക് ബസിെൻറ വാതിൽപടിയോളം എത്തിയിട്ടുണ്ട്. സ്കൂളുകളും കോളജുകളും തുറന്നതോടെ ഇത് രൂക്ഷമായി. സമയം കൈയിൽപിടിച്ച് ഓഫിസിലേക്കും തിരിച്ച് വീട്ടിലേക്കും ഓടുമ്പോൾ ബസിലുൾപ്പെടെ സാമൂഹിക അകലവും സുരക്ഷ പാലിക്കലും പേരിൽ മാത്രമായി.
ജനുവരി മുതൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസുകൾ അനുവദിച്ചെങ്കിലും ട്രെയിനിനെ അപേക്ഷിച്ച് യാത്രച്ചെലവ് ഇരട്ടിയാണ്. മാത്രമല്ല, ഓഫിസ് സമയങ്ങളിൽ തിരക്കും അനുഭവപ്പെടുന്നുണ്ട്.
ഇതിൽ സ്ത്രീയാത്രക്കാർക്കാണ് ദുരിതമേറെ. പാസഞ്ചർ, മെമു ട്രെയിനുകളെ ആശ്രയിച്ചിരുന്നവരെ പെരുവഴിയിലാക്കുന്ന നടപടിയാണ് റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് യാത്രക്കാർ പറയുന്നു. യാത്രച്ചെലവ് വീതിച്ചെടുത്ത് നാലും അഞ്ചും പേർ സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതും മാസങ്ങളായി തുടരുകയാണ്.
ട്രെയിനുകളിൽ പകുതിയിലേറെയും സർവിസ് നടത്തുന്നുണ്ടെങ്കിലും അൺറിസർവ്ഡ് കോച്ചുകൾ ഇല്ലാത്തതിനാൽ ഇതും ദിനംപ്രതിയുള്ള യാത്രികർക്ക് ഗുണം ചെയ്യുന്നില്ല. ആധാർ വെരിഫൈ ചെയ്ത ഐ.ആർ.ടി.സി ആപ് വഴി റിസർവ് ചെയ്യാവുന്ന ടിക്കറ്റുകൾ പരമാവധി 12 എണ്ണമാണ്. വീട്ടിൽ ആധാറുള്ളവരുടെ പേരിലെല്ലാം ആപ് ഇൻസ്റ്റാൾ ചെയ്താണ് പലരും ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.
ടിക്കറ്റ് ചാർജിന് പുറമെ കൺവീനിയൻസ് ഫീസായി 15 രൂപവരെ ഇങ്ങനെ ബുക്ക്ചെയ്യുന്നതിന് നൽകണം. പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തയാറാണെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ, സംസ്ഥാന സർക്കാർ ഇതിന് അനുമതി നൽകണം. ബസുകളിൽ വർധിച്ചുവരുന്ന തിരക്ക് ഒഴിവാക്കാൻ പാസഞ്ചറുകൾ ഓടിക്കുക മാത്രമാണ് പോംവഴിയെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
നഷ്്ടത്തിെൻറ പേരിൽ പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കാനുള്ള റെയിൽവേയുടെ അജണ്ടയും ഇതിനുപിറകിലുണ്ടെന്ന് ആരോപണമുണ്ട്. പല ട്രെയിനുകളും എക്സ്പ്രസായി സർവിസ് ആരംഭിച്ചതോടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു. വരുമാനം കുറഞ്ഞ ചെറുസ്റ്റേഷനുകളുടെ പരിപാലനവും അവഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.