208 ഗ്രാം എം.ഡി.എം.എയുമായി ചവറയിൽ മൂന്നുപേർ പിടിയിൽ
text_fieldsകൊല്ലം: മാരക ലഹരി മരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ ചവറ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് വിദ്യാർഥികളെ പിടികൂടിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ചവറ പൊലീസും ജില്ല ആന്റി നർക്കോട്ടിക് വിഭാഗവും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ 208 ഗ്രാം എം.ഡി.എം.എ യും 33.8 ഗ്രാം കഞ്ചാവുമായി കൊല്ലം കാവനാട് ആമിന മൻസിലിൽ എ. നജ്മൽ (23), ഉമയനല്ലൂർ സെയ്തലി വില്ലയിൽ സെയ്താലി (22), വെള്ളിമൺ അൽത്താഫ് മൻസിലിൽ അൽത്താഫ് (22) എന്നിവരെ പിടികൂടിയത്. ഏകദേശം 20 ലക്ഷം രൂപയോളം വിലമതിക്കുന്ന മാരക ലഹരി മരുന്നാണ് പിടികൂടിയത്.
തെക്കൻ കേരളത്തിൽ പൊലീസ് നടത്തുന്ന ഏറ്റവും ഉയർന്ന അളവിലുള്ള മയക്കുമരുന്ന് വേട്ടയാണിത്. ബംഗളൂരുവിൽ നിന്ന് കൂടിയ അളവിൽ ലഹരിവസ്തുക്കൾ ഇവർ നാട്ടിലെത്തിച്ച് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതായി ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് ടീം കഴിഞ്ഞ കുറച്ചു നാളുകളായി നടത്തി വന്ന നിരീക്ഷണത്തിനൊടുവിലാണ് ഇവരെ പിടികൂടാനായത്.
കാറിൽ ബംഗളൂരുവിൽ നിന്ന് ലഹരി വസ്തുക്കളുമായെത്തിയ ഇവരെ ചവറ പാലത്തിൽ നടത്തിയ വാഹനപരിശോധനയിൽ പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ച വാഹനത്തിനുള്ളിൽ പ്രത്യേകം തയാറാക്കിയ അറയിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.
പ്രധാനമായും കൊല്ലം, ഓച്ചിറ, ശകതികുളങ്ങര, ചവറ, കരുനാഗപ്പള്ളി, ചാത്തന്നൂർ, പാരിപ്പള്ളി എന്നീ മേഖലകളിലെ എൻജിനീയറിങ് വിദ്യാർഥികളെയും മറ്റ് യൗവനക്കാരെയും ലക്ഷ്യമിട്ട് എത്തിച്ച ലഹരി മരുന്നാണ് പിടികൂടാനായത്. പ്രതികൾ സ്ഥിരമായി പല കാറുകൾ വാടകക്ക് എടുത്താണ് ബംഗളൂരുവിൽ നിന്ന് ലഹരി മരുന്നുകൾ എത്തിച്ചിരുന്നത്.
അര ഗ്രാം വീതമുള്ള ചെറിയ പൊതികളിലാക്കി ഇരട്ടിയിലധികം രൂപക്ക് വിൽപന നടത്തുന്നതായിരുന്നു ഇവരുടെ രീതി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഇവർ ലഹരി വ്യാപാരം നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പിടികൂടിയ എം.ഡി.എം.എ ചില്ലറ വിൽപനക്കായി എത്തിച്ചതാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
കരുനാഗപ്പള്ളി അസി. കമീഷണർ വി.എസ്. പ്രദീപ്കുമാറിന്റെ നിർദേശപ്രകാരം ചവറ ഇൻസ്പെക്ടർ യു.പി. വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നൗഫൽ, ഗോപാലകൃഷ്ണൻ, ഓമനക്കുട്ടൻ, എ.എസ്.ഐ സജികുമാർ, സി.പി.ഒ മാരായ രാജീവ്രാജ്, ജയകൃഷ്ണൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
പൊതുജനങ്ങൾക്ക് ലഹരി വ്യാപരമോ വിതരണമോ സംബന്ധിച്ചുള്ള വിവരങ്ങൾ 9497980223, 1090, 0474 2742265 എന്നീ നമ്പറുകളിൽ അറിയിക്കാമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.