സ്ഥിരം കുറ്റവാളികളായ മൂന്നുപേർക്ക് സഞ്ചാര നിയന്ത്രണം
text_fieldsകൊല്ലം: സിറ്റി പൊലീസ് പരിധിയിൽ സ്ഥിരം കുറ്റവാളികളായ മൂന്നുപേർക്ക് കാപ്പ പ്രകാരം സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി. ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നിശാന്തിനിക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
പാരിപ്പള്ളി കരിമ്പാലൂർ കല്ലുവിള വീട്ടിൽ എസ്. സോമേഷ് (28), തൃക്കരുവ നടുവിലച്ചേരി മുളയ്ക്കൽ വയലിൽ പ്രീതാലയത്തിൽ എം. പ്രദീപ് (36), കല്ലുവാതുക്കൽ പാറയിൽ അശ്വതി ഭവനത്തിൽ വി. അജേഷ് (30) എന്നിവർക്കാണ് നിയന്ത്രണം. സോമേഷിന് മൂന്ന് മാസവും മറ്റുള്ളവർക്ക് ആറ് മാസവുമാണ് നിയന്ത്രണം.
ഇക്കാലയളവിൽ ജീവനോപാധിക്കും അടിയന്തര ആശുപത്രി ആവശ്യങ്ങൾക്കുമല്ലാതെ വീട്ടിൽനിന്ന് പുറത്തിറങ്ങണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണം. 2021 മുതൽ പാരിപ്പള്ളി സ്റ്റേഷൻ പരിധിയിൽ അക്രമം, ഭീഷണിപ്പെടുത്തൽ, വഴിതടയൽ എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത നാല് ക്രിമിനൽ കേസിൽ പ്രതിയാണ് സോമേഷ്.
പ്രദീപിനെതിരെ അഞ്ചാലൂംമൂട് സ്റ്റേഷനിൽ 2016 മുതൽ നരഹത്യ ശ്രമം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, മാനഭംഗപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, അടിപിടി തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് അഞ്ച് കേസുണ്ട്.
പാരിപ്പള്ളി സ്റ്റേഷൻ പരിധിയിൽ 2018 മുതൽ സംഘം ചേർന്നുള്ള അക്രമം, വഴിതടയൽ, ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം എന്നീ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ പ്രതിയാണ് അജേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.