അതിർത്തി പ്രവേശനം കർശനമാക്കി തമിഴ്നാട്
text_fieldsപുനലൂർ: കേരളത്തിൽ കോവിഡ് വർധിക്കുന്നത് കണക്കിലെടുത്ത് തമിഴ്നാട്ടിലേക്കുള്ള പ്രവേശനം അതിർത്തിയായ പുളിയറയിലും തമിഴ്നാട് കർശനമാക്കി. ഇതുവരെ കേരളത്തിൽനിന്ന് പോകുന്നവർക്ക് തമിഴ്നാടിെൻറ ഇ പാസ് മതിയായിരുന്നു. ഇനിമുതൽ രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തതിനുശേഷം 14 ദിവസം കഴിഞ്ഞവർക്കേ പുളിയറ കടക്കാനാകൂ. ഇത് സംബന്ധിച്ച സർട്ടിഫിക്കറ്റ് കൂടാതെ ആർ.ടി.പി.സി.ആർ പരിശോധനയിലൂടെ കോവിഡ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റും ഹാജരാക്കണം. അഞ്ച് മുതലേ ഇത് കർശനമാക്കുകയുള്ളെന്ന് തമിഴ്നാട് പൊലീസും ആരോഗ്യവകുപ്പ് അധികൃതരും പറയുന്നുണ്ടെങ്കിലും തിങ്കളാഴ്ച മുതൽ ഇതിെൻറ മുന്നൊരുക്കം പുളിയറയിൽ തുടങ്ങി.
ഡ്രൈവർമാർക്ക് ഇത് സംബന്ധിച്ച് ബോധവത്കരണം തുടങ്ങി. ഇതുവരെ വാക്സിനെടുക്കാത്തവർക്കും ഇന്നലെവരെയും പുളിയറ വഴി തമിഴ്നാട്ടിലേക്ക് പോകുന്നതിന് തടസ്സമില്ലായിരുന്നു. വാക്സിനെടുക്കാത്ത യാത്രക്കാർക്ക് പുളിയറയിൽ വാക്സിൻ നൽകുന്നതിനുള്ള ക്രമീകരണവും ഉണ്ടായിരുന്നു.
ഓണം അടുത്തതോടെ അതിർത്തിയിൽ ഏർപ്പെടുത്തിയ കർശന പരിശോധന വ്യാപാരികളടക്കമുള്ളവരെ വളരെ പ്രയാസപ്പെടുത്തുന്നതാണ്. പ്രത്യേകിച്ചും പച്ചക്കറി വ്യാപാരികളെ ഇത് കൂടുതൽ ദുരിതത്തിലാക്കും. തെക്കൻ കേരളത്തിലേക്ക് ആവശ്യമായ പച്ചക്കറിയടക്കം ഓണം ഒരുങ്ങാനുള്ള എല്ലാ സാധനങ്ങളും പുളിയറ, കോട്ടവാസൽ വഴിയാണ് എത്തിക്കുന്നത്. അതേസമയം ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നവരെ പരിശോധിക്കാൻ ആര്യങ്കാവിലും അടുത്തദിവസം മുതൽ നടപടിയുണ്ടാകുമെന്ന് അധികൃതർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.