അധികൃതരുടെ ശ്രദ്ധക്ക്, ദുരിതയാത്ര തുടരുകയാണ്...
text_fieldsകൊല്ലം: പ്രധാനപ്പെട്ട ഒരു സ്റ്റേഷനിൽ നിന്നുള്ള യാത്രക്കാരെ കൊണ്ടുതന്നെ നിറയുന്ന കോച്ചുകളുമായി യാത്രക്കാർക്ക് ദുരിതം സമ്മാനിച്ച് ട്രെയിൻ സർവിസ്. പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാരും സ്കൂൾ-കോളജ് വിദ്യാർഥികളും ഉൾപ്പെടുന്ന ആയിരക്കണക്കിന് സ്ഥിരയാത്രികർക്ക് ആശങ്ക സമ്മാനിച്ചാണ് കുത്തിനിറച്ച് ട്രെയിനുകൾ ഒാടുന്നത്. രാവിലെയും വൈകീട്ടും ഇത് തന്നെയാണ് സ്ഥിതി. സ്കൂളുകൾ കൂടി തുറന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരുടെ സമരം കൂടി ആയതോടെ വലിയ തിരക്കാണ് ജില്ലയിൽനിന്ന് തിരുവനന്തപുരം, എറണാകുളം മേഖലകളിലേക്കുള്ള ട്രെയിനുകളിൽ അനുഭവപ്പെട്ടത്.
ഏതാനും ട്രെയിനുകളിൽ ഒതുങ്ങി ജനറൽ ടിക്കറ്റുകാർ
റിസർവേഷൻ ഇല്ലാതെ ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയുന്ന ട്രെയിനുകൾ ഇല്ലാത്തതാണ് യാത്രക്കാരെ വലക്കുന്നത്. രാവിലെ തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട്, ഗുരുവായൂർ ഇൻറർസിറ്റി എക്സ്പ്രസുകളിൽ ആറുവീതം കോച്ചുകൾ ഇത്തരം ടിക്കറ്റ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും ശാസ്താംകോട്ട എത്തുേമ്പാൾ തന്നെ നിറഞ്ഞുകവിയുന്ന സ്ഥിതിയാകും.
മുമ്പ് രണ്ട് കോച്ചുകൾ ഒഴികെ ബാക്കിയെല്ലാ കോച്ചുകളും സാധാരണ യാത്രക്കാർ ഉപയോഗിച്ചിരുന്ന ട്രെയിനിലാണ് ഇൗ സ്ഥിതി. മലബാർ, വേണാട്, ജയന്തി ജനത, പാസഞ്ചർ എന്നിങ്ങനെ വിവിധ സർവിസുകൾ ജനറൽ ടിക്കറ്റുകാരെ പുറംതള്ളിയിരിക്കുകയാണ്.
എറണാകുളം മേഖലയിലേക്കും വേണാടിലെ ആറ് കോച്ചുകൾ മാത്രമാണ് ആശ്രയം. പരശുറാം എക്സ്പ്രസിൽ കയറാനാകില്ല. തിരുവനന്തപുരത്തുനിന്ന് വൈകീട്ടുള്ള ചെന്നൈ മെയിലിൽ സീസൺ ടിക്കറ്റുകാർക്ക് യാത്ര ചെയ്യാവുന്ന സൗകര്യവും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.
ഇൻറർസിറ്റി, വഞ്ചിനാട്, കന്യാകുമാരി-പുനലൂർ ട്രെയിനുകളാണ് ഇൗ സമയത്ത് ആശ്രയം. തിരുവനന്തപുരം-കോട്ടയം റൂട്ടിലോടുന്ന നാഗർേകാവിൽ-കോട്ടയം സ്പെഷൽ കൊല്ലത്തുനിന്ന് വൈകീട്ട് അഞ്ചിന് എടുക്കുന്നതിനാൽ ജീവനക്കാർക്ക് കയറാനാകാത്ത സ്ഥിതിയാണ്. ട്രെയിനുകൾ നിർത്താത്തത് കാരണം ചെറിയ സ്റ്റേഷനുകളെ ആശ്രയിച്ച് യാത്രചെയ്തിരുന്നവരുടെ ദുരിതവും തുടരുകയാണ്.
കോവിഡിനെ പേടിച്ച്
കോവിഡ് കണക്കിൽ കേരളം മുന്നിൽ നിൽക്കുന്നു എന്ന 'ന്യായം' പറഞ്ഞാണ് റെയിൽവേ പാസഞ്ചറുകൾ അനുവദിക്കാതിരിക്കുന്നത്. എന്നാൽ, കേരളത്തിൽ സ്കൂളുകളുടെ ഉൾപ്പെടെ പ്രവർത്തനം സാധാരണ നിലയിലേെക്കത്തുന്ന സാഹചര്യത്തിൽ ട്രെയിനുകളിൽ പഴയ പോലുള്ള തിരക്കിലേക്കും തിരിച്ചെത്തുകയാണ്. മുമ്പ് രാവിലെ അഞ്ച് ട്രെയിനുകളിൽ വരെ പോയിരുന്ന യാത്രക്കാരാണ് ഇപ്പോൾ രണ്ടും മൂന്നും ട്രെയിനുകളിലെ ഏതാനും കോച്ചുകളിൽ കുത്തിക്കയറി പോകാൻ നിർബന്ധിതരാകുന്നത്. ഇത് കോവിഡ് വ്യാപനം പിന്നെയും രൂക്ഷമാക്കാൻ മാത്രമേ സഹായിക്കൂ എന്നാണ് യാത്രക്കാർ ആശങ്കപ്പെടുന്നത്.
ഡിസംബറോടെ സർവിസുകൾ പഴയപടിയാക്കുമെന്ന് പ്രഖ്യാപനം വന്നെങ്കിലും സ്പെഷൽ ട്രെയിനുകളാക്കി മാറ്റിയ സർവിസുകളെല്ലാം അങ്ങനെ നിലനിൽക്കാനാണ് സാധ്യത. ആ സാഹചര്യത്തിലും യാത്രാദുരിതം തുടരും.
റെയിൽവേ കണ്ണ് തുറക്കുന്നില്ല
മയ്യനാട്: ജനറൽ കോച്ചുകളുടെ എണ്ണം പരിഗണിക്കാതെ ടിക്കറ്റുകൾ നൽകുന്നത് മൂലം യാത്രക്കാർ ഞെങ്ങി ഞെരുങ്ങിയാണ് യാത്ര ചെയ്യുന്നതെന്ന് മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ.
റിസർവ് കോച്ചുകളാകട്ടെ പലതിലും യാത്രക്കാരില്ലാതെയും ഓടുന്നു. കോവിഡ് മൂന്നാം തരംഗത്തിെൻറ ആശങ്ക നിലനിൽക്കുമ്പോഴും ഈ ദുരവസ്ഥ റെയിൽവേ കണ്ടില്ലെന്ന് നടിക്കുകയാണ്.
അടിയന്തരമായി റെയിൽവേ പ്രധാന പ്രതിദിന എക്സ്പ്രസുകളിൽ ജനറൽ കോച്ചിെൻറ എണ്ണം കൂട്ടുകയോ, റിസർവ്ഡ് കോച്ചുകളിൽ നിയന്ത്രണങ്ങളോടെ സ്ഥിരയാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിക്കുകയോ വേണമെന്ന് പ്രസിഡൻറ് കെ. നജിമുദീൻ, സെക്രട്ടറി റോജി രവീന്ദ്രൻ, വി. സന്തോഷ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.