പീരങ്കി മൈതാനത്തെ നിലനിർത്താൻ ഒറ്റക്കെട്ടായി...
text_fieldsകൊല്ലം: നൂറ്റാണ്ട് പഴക്കമുള്ള ചരിത്രത്തിന്റെ ശേഷിപ്പായ കൊല്ലം പീരങ്കി മൈതാനത്തിന്റെ നിലനിൽപ്പിന് രാഷ്ട്രീയ ഭേദമന്യേ നേതാക്കളും പ്രവർത്തകരും രംഗത്ത്. ചരിത്ര പോരാട്ടങ്ങളുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും കേന്ദ്രമായിരുന്ന മൈതാനത്തെ കോൺക്രീറ്റ് കൂടാരമാക്കുന്നതിനെതിരെ സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തിയതിനുപിന്നാലെ കോൺഗ്രസ്, ആർ.എസ്.പി അടക്കം പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും രംഗത്തെത്തി.
മൈതാനത്ത് കലക്ടറേറ്റ് അനക്സ് നിർമിക്കാനുള്ള തീരുമാനം രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് ഇടതു നേതാക്കൾ വ്യക്തമാക്കിയിരുന്നു. മുമ്പ് തത്വത്തിൽ നൽകിയ അനുമതി റദ്ദാക്കണമെന്നാണ് എൽ.ഡി.എഫിൽ ആവശ്യം. പീരങ്കി മൈതാനത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കണമെന്നാണ് ജില്ല കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെടുന്നത്. നിർമാണ പ്രവർത്തനം തുടങ്ങിയാൽ ജനകീയ സമരവുമായി മുന്നിട്ടറങ്ങുമെന്ന് ആർ.വൈ.എഫ് അടക്കം യുവജനസംഘടനകളും മുന്നറിയിപ്പ് നൽകി.
കലക്ടറേറ്റ് അനക്സ് നിർമാണം പീരങ്കി മൈതാനം നിർദേശിച്ചത് ആരാണെന്ന കാര്യത്തിൽ വ്യക്തയില്ല. 2016-17 ലെ ബജറ്റിൽ കൊല്ലത്ത് റവന്യൂ ടവർ അനുവദിച്ചിരുന്നു. രണ്ട് വർഷം മുമ്പാണ് പീരങ്കി മൈതാനത്ത് ടവർ സ്ഥാപിക്കണമെന്ന നിർദേശം കലക്ടറേറ്റിൽ നിന്ന് പോയത്. അതിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്ക് തത്വത്തിൽ ഭരണാനുമതി നൽകിയിരുന്നു. അടുത്തിടെ പദ്ധതിക്ക് ഭരണാനുമതി ലഭിക്കാനുള്ള നടപടികൾക്കായി എസ്റ്റിമേറ്റും രൂപരേഖയും തയാറാക്കാനായി ഹൗസിങ് ബോർഡുമായി കൂടിയാലോചന നടത്തിയപ്പോഴാണ് നിർമാണവിവരം പുറത്തായത്.
പീരങ്കി മൈതാനത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കണം –പി. രാജേന്ദ്രപ്രസാദ്
കൊല്ലം: പീരങ്കി മൈതാനത്ത് റവന്യൂ കോംപ്ലക്സ് സ്ഥാപിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. സാമൂഹിക, സാംസ്കാരിക, വ്യാപാര, കാർഷിക പ്രദർശനങ്ങൾ നടത്തുവാനും പൊതുജനങ്ങൾക്ക് ഒത്തുചേരാനും പട്ടണത്തിൽ ഉപയോഗപ്പെടുത്തേണ്ടുന്ന സ്ഥലം കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറയ്ക്കുന്നത് ശരിയല്ലെന്നും ഒട്ടനവധി സമര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ മൈതാനത്തിന്റെ പൈതൃകം നിലനിർത്താൻ എല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പീരങ്കി മൈതാനം തനിമ നിലനിർത്തി സംരക്ഷിക്കണം –ആർ.എസ്.പി
കൊല്ലം: സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് കൊല്ലത്ത് അവശേഷിക്കുന്ന പീരങ്കി മൈതാനത്ത് റവന്യൂ ടവർ പണിയാൻ ശ്രമിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ആർ.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ. ജില്ല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രത്യക്ഷ സമരം ആരംഭിക്കുന്നതിന് തിരുമാനിച്ചിട്ടുണ്ട്. റവന്യൂ വകുപ്പും മന്ത്രിയും തിരുമാനത്തിൽനിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചരിത്രത്തിന് മുകളിൽ കോൺക്രീറ്റ് നിർമിതികൾ ഉയർത്തരുത് –ആർ.വൈ.എഫ്
കൊല്ലം: ചരിത്ര പ്രാധാന്യമുള്ള പീരങ്കി മൈതാനത്ത് കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കുവാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ആർ.വൈ.എഫ്. കൊല്ലത്തിന്റെ ചരിത്ര പാരമ്പര്യത്തെ സംരക്ഷിക്കാൻ നിർമാണ പ്രവൃത്തികള് ഒഴിവാക്കി പീരങ്കി മൈതാനം ചരിത്ര പ്രാധാന്യത്തോടെ കൂടി തന്നെ വിനോദത്തിനും കായിക പ്രവർത്തനങ്ങൾക്കും വേണ്ടി സംരക്ഷിക്കണമെന്നും ജില്ല പ്രസിഡന്റ് എസ്. ലാലുവും സെക്രട്ടറി സുഭാഷ് എസ്. കല്ലടയും ആവശ്യപ്പെട്ടു.
ഏകാംഗ ഉപവാസം നടത്തി
കൊല്ലം: പീരങ്കി മൈതാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ചിന്താദിനത്തിൽ ഉപവാസം നടത്തി. മൈതാനത്ത് സംസ്ഥാന പ്രസിഡന്റ് കെ.പി. ഹരികൃഷ്ണൻ ഉപവാസം അനുഷ്ഠിച്ചു.
ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, എൽ.ജെ.ഡി വർക്കിങ് പ്രസഡന്റ് തൊടിയിൽ ലുക്മാൻ, വീനീത് കുമാർ, സുനിൽ വർക്കല, ശിൽപി ഗുരു പ്രസാദ്, വിനോദ് കൊല്ലം, അർ. രഞ്ജിത്ത്, മണ്ണയം നൗഷാദ്, വിപിനചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
പോരാട്ടകഥകൾ പറയുന്ന മൈതാനം സംരക്ഷിക്കപ്പെടണം
കൊല്ലം: പോരാട്ട കഥകളുടെ ഇരമ്പം ഉണർത്തുന്ന പീരങ്കി മൈതാനം സംരക്ഷിക്കപ്പെടേണ്ടത് ചരിത്രബോധമുള്ള മലയാളികളുടെ ആവശ്യമാണെന്ന് യുവകലാസാഹിതി. സ്വാതന്ത്ര്യസമരം ജ്വലിച്ചുനിന്നപ്പോൾ ബ്രിട്ടീഷ് പട്ടാളം വെടിവെച്ചിട്ട ധീരദേശാഭിമാനികളായ രക്തസാക്ഷികളുടെ മണ്ണാണ് പീരങ്കി മൈതാനം.
കല്ലുമാല പൊട്ടിച്ചെറിഞ്ഞ് ദലിത് സ്ത്രീകൾ സാമൂഹ്യമുന്നേറ്റത്തിന്റെ പാതയിലേയ്ക്ക് കുതിച്ചുകയറിയ മണ്ണ് കൊല്ലം പട്ടണത്തിൽ അവശേഷിക്കുന്ന പൊതുഇടം കൂടിയാണ്. വികസനത്തിന്റെ പേരിൽ ചരിത്രസത്യത്തെയും പരിസ്ഥിതി സന്തുലിതാവസ്ഥയെയും തകർത്തുകൊണ്ട് കോൺക്രീറ്റ് കൂടാരം നിർമിക്കുന്നത് വരുംതലമുറയോടുള്ള വെല്ലുവിളിയാണെന്നും തീരുമാനത്തിൽനിന്ന് അധികാരികൾ പിന്മാറണമെന്നും ജില്ല പ്രസിഡന്റ് പ്രഫ.എസ്. അജയനും സെക്രട്ടറി ബാബു പാക്കനാരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.