അമിതമായി പൊറോട്ട നൽകി; അഞ്ചുപശുക്കൾ ചത്തു
text_fieldsകൊല്ലം: തീറ്റയിൽ അമിതമായി പൊറോട്ട നൽകിയതിനെത്തുടർന്ന് അഞ്ചു പശുക്കൾ ചത്തു. ഒമ്പതെണ്ണം അവശനിലയിലായി. വെളിനല്ലൂർ വട്ടപ്പാറ അൻസിറ മൻസിലിൽ ഹസ്ബുല്ല എന്ന ക്ഷീരകർഷകന്റെ ഉരുക്കളാണ് ചത്തത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. പശുക്കൾക്ക് സ്ഥിരമായി പൊറോട്ട നൽകിയിരുന്നു. ഒരു നിശ്ചിത അളവിലായിരുന്നു നൽകിയിരുന്നത്. കഴിഞ്ഞദിവസം ഹസ്ബുല്ല സ്ഥലത്തില്ലായിരുന്നു. പൊറോട്ടയും ചക്കയും അമിതമായി തീറ്റയിൽ ചേർത്തതുമൂലം വയർ കമ്പനം (വീർക്കുക) ഉണ്ടായാണ് പശുക്കൾ ചത്തത്. കാലിത്തീറ്റക്ക് വിലയേറിയതിനാൽ പൊറോട്ടയും പയറും ചക്കയും പുളിയരിയും മറ്റുമായായിരുന്നു പതിവ് തീറ്റയായി പശുക്കൾക്ക് നൽകിയിരുന്നത്. 20 വർഷമായി നടത്തുന്ന ഫാമിൽ 30 പശുക്കളും രണ്ടു പോത്തും രണ്ടു കാളകളുമാണുള്ളത്. പശുക്കളിൽ ഒന്ന് വയർ കമ്പിച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് വെളിനല്ലൂർ മൃഗാശുപത്രിയുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പശുക്കൾ ഒന്നിനുപിറകെ ഒന്നായി വീഴാൻ തുടങ്ങിയതോടെ കൊല്ലത്തെ ജില്ല വെറ്ററിനറി കേന്ദ്രത്തിൽ വിവരമറിയിച്ചു.
ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഡി. ഷൈൻകുമാറിന്റെ നിർദേശപ്രകാരം വെറ്ററിനറി സർജൻമാരായ ജി. മനോജ്, കെ. മാലിനി, എം.ജെ. സേതുലക്ഷ്മി എന്നിവരടങ്ങുന്ന എമർജൻസി റെസ്പോൺസ് ടീം സ്ഥലത്തെത്തി. ശനിയാഴ്ച ഒരു പശുവും ഞായറാഴ്ച രാവിലെയോടെ നാലു പശുക്കളും ചത്തു. പശുക്കളുടെ പോസ്റ്റ്മോർട്ടവും അവശനിലയിലായ പശുക്കളുടെ ചികിത്സയും എമർജൻസി റെസ്പോൺസ് ടീം ഏറ്റെടുത്തു. പോസ്റ്റ്മോർട്ടം കഴിഞ്ഞ പശുക്കളെ വീട്ടുവളപ്പിൽ തന്നെ സംസ്കരിച്ചു.
വയർ കമ്പനവും തുടർന്നുള്ള അമ്ലവിഷബാധയും നിർജലീകരണവുമാണ് മരണകാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞു. അവശനിലയിലായ ഒമ്പതു പശുക്കളുടെ നില തുടരുകയാണ്. മന്ത്രി ജെ. ചിഞ്ചുറാണി സംഭവസ്ഥലവും ഫാമും സന്ദർശിച്ച് സ്ഥിതിഗതികൾവിലയിരുത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയാറായാൽ ഉടൻ നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
പൊറോട്ട ഒരുപോലെ വില്ലൻ: മൃഗങ്ങൾക്കും മനുഷ്യർക്കും
കൊല്ലം: നെയ്യും പൂരിത കൊഴുപ്പുകളും ഉപയോഗിച്ച് നിർമിക്കുന്ന പൊറോട്ട ധാരാളം കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. നന്നായി പൊടിച്ച മൈദമാവും കുറഞ്ഞ നാരുകളും ഉള്ള പൊറോട്ട വയറ്റിൽ ചെന്നാൽ ദഹനസ്തംഭനം പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നതും തക്കസമയത്ത് ചികിത്സ ലഭിക്കാതിരുന്നാൽ വയറ്റിൽ കിടന്ന് പുളിച്ച് അമ്ലവിഷബാധ ഉണ്ടാകുന്നതിനും കാരണമാകും. പൂരിത കൊഴുപ്പുകളുള്ള എണ്ണ കൊണ്ടുണ്ടാക്കുമ്പോൾ പൊറോട്ട പഴകിയാൽ അതിൽ ഫംഗസ് ബാധയും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ചക്ക, പെറോട്ട, കഞ്ഞി എന്നിവ അമിതമായി പശുക്കളുടെ ഉള്ളിൽ ചെന്നാൽ ലാക്റ്റിക് അസിഡോസിസ് അഥവാ അമ്ലവിഷബാധ ഉണ്ടാകുന്നതും തുടർന്ന് നിർജലീകരണവും അതുമൂലമുള്ള മരണവും സംഭവിക്കാൻ കാരണമാകാറുണ്ട്.
ലാക്ടിക് അസിഡോസിസ് അഥവാ അമ്ലവിഷബാധ മരണ കാരണമാകുന്നത് എങ്ങനെ?
മനുഷ്യനെ പോലെയല്ല പശുക്കളുടെ വയർ. മനുഷ്യ ശരീരത്തിൽ ഏക വയറാണ് ഉള്ളതെങ്കിൽ പശുക്കൾക്ക് നാലു വയറുകളുണ്ട്. റൂമൻ, റെറ്റികുലം, ഒമേസം, അബാമേസം എന്നിങ്ങനെയാണ് അവയുടെ ശാസ്ത്രീയ പേരുകൾ. പ്രധാനമായും നാരുകളും മാംസ്യങ്ങളും ഉള്ള ആഹാരപദാർഥങ്ങൾ ദഹിപ്പിക്കാനാണ് പശുവിന്റെ ആദ്യ വയറായ റൂമൻ രൂപകൽപന ചെയ്തിരിക്കുന്നത്. പുല്ല്, വയ്ക്കോൽ, ധാന്യങ്ങൾ അടങ്ങിയ തീറ്റ തുടങ്ങിയവ റൂമൻ പകുതിയോളം ദഹിപ്പിക്കും. അമിതമായി അന്നജമുള്ള ആഹാരപദാർഥങ്ങൾ കൂടിയ അളവിൽ ദ്രുതഗതിയിൽ ചെല്ലുമ്പോൾ (ഉദാഹരണമായി ചോറ് ചക്ക, ചീഞ്ഞളിഞ്ഞ പഴങ്ങൾ, പായസം, പൊറോട്ട) ആദ്യത്തെ അറയിലെ ബാക്ടീരിയകൾ അതിൽ പ്രവർത്തിച്ച് അവയെ വിഘടിപ്പിക്കും. അതോടൊപ്പം പുറത്തുവരുന്ന അമിതമായ ലാക്ടിക് അമ്ലം വയറിലെ ഗുണകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും വീണ്ടും ദഹനത്തിനുള്ള വയറിന്റെ ശേഷി നശിപ്പിക്കുകയും ചെയ്യും. വയറിന്റെ അമ്ലനില കൂടുമ്പോഴേക്കും അതിന്റെ ചലനം നിലക്കുകയും ശരീരത്തിലെ ജലമെല്ലാം വയറിലേക്ക് വലിച്ചെടുക്കുകയും അങ്ങനെ നിർജലീകരണം സംഭവിക്കുകയും ഷോക്ക് എന്ന പ്രതിഭാസത്തിലൂടെ മരണം സംഭവിക്കുകയും ചെയ്യും. അരമണിക്കൂർ മുതൽ മൂന്നുമണിക്കൂർ സമയംകൊണ്ടുതന്നെ മരണം സംഭവിച്ചിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.