നിയന്ത്രണങ്ങൾ പാളി; മിനി പമ്പയിൽ ഗതാഗതക്കുരുക്ക്
text_fieldsപുനലൂർ: ശബരിമല തീർഥാടകരുടെ എണ്ണം വർധിച്ചതോടെ പുനലൂരിലെ മിനി പമ്പയിൽ തിരക്കും ഗതാഗതക്കുരുക്കും രൂക്ഷമായി. പൊലീസ് നിയന്ത്രണം പാളിയതിനാൽ ഗതാഗതക്കുരുക്ക് കൊല്ലം- ചെങ്കോട്ട ദേശീയപാതയെയും പുനലൂർ പട്ടണത്തെയും ബാധിക്കുകയാണ്.
ഇതര സംസ്ഥാന തീർഥാടകരുടെ നിരവധി വാഹനങ്ങളും ആയിരക്കണക്കിന് അയ്യപ്പന്മാരുമാണ് രാപകൽ വ്യത്യാസമില്ലാതെ ടി.ബി ജങ്ഷനിലെ മിനി പമ്പയിലെത്തുന്നത്.
പാതയുടെ ഇരുവശങ്ങളിലുമുള്ള താൽക്കാലിക കടകൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. തീർഥാടകർ വിശ്രമവും ഭക്ഷണവും കഴിഞ്ഞ് മണിക്കൂറുകൾക്കുശേഷമാണ് വാഹനങ്ങൾ മാറ്റുന്നത്. വാഹനങ്ങളുടെ എണ്ണം കൂടുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. വാഹനങ്ങൾ ഒരു വശത്ത് മാത്രം നിർത്തിയിടണമെന്ന നിർദേശം പാലിക്കാൻ തയാറാകാത്തത് അധികൃതരെ കുഴപ്പിക്കുന്നു.
ചൊവ്വാഴ്ച പകൽ പല സമയത്തായി മണിക്കൂറുകൾ ഇവിടെ കുരുക്ക് നേരിട്ടു. വാഹനങ്ങൾ നിയന്ത്രിക്കാൻ മതിയായ പൊലീസ് സംവിധാനമില്ല.
അധികമായി വരുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കാതിരുന്നതും ബുദ്ധിമുട്ടായി. മകരവിളക്കിനോടനുബന്ധിച്ച് കൂടുതൽ പൊലീസുകാരെ നിയോഗിച്ച് ഗതാഗതം നിയന്ത്രിച്ചില്ലെങ്കിൽ ജനങ്ങൾ വലയുന്ന സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.